Home LATEST NEWS malyalam പുതിയ വാർത്ത ജനസംഖ്യാ പ്രതിസന്ധികളെ കാതോര്‍ത്തിരിക്കുക

ജനസംഖ്യാ പ്രതിസന്ധികളെ കാതോര്‍ത്തിരിക്കുക

3
0

Source :- SIRAJLIVE NEWS

രോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ രാജ്യത്തിനുതന്നെ മാതൃകയായ കേരളം ഇന്ന് ജനസംഖ്യാ ഘടനയില്‍ വലിയൊരു വഴിത്തിരിവിലാണ്. ജനന നിരക്ക് കുത്തനെ താഴുകയും പ്രായമേറിയവരുടെ എണ്ണം അതിവേഗം കൂടുകയും യുവജനങ്ങള്‍ വന്‍തോതില്‍ അന്യദേശങ്ങളിലേക്ക് ചേക്കേറുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഗുരുതരമായ ജനസംഖ്യാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന 2024ലെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപോര്‍ട്ട് പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം ജനന നിരക്ക് (ടി എഫ് ആര്‍) 2023ലെ 1.35ല്‍ നിന്ന് 1.19ലേക്ക് താഴ്ന്നു. ജനസംഖ്യ നിലനിര്‍ത്താന്‍ വേണ്ട 2.1 എന്ന അടിസ്ഥാന നിരക്കിനെക്കാള്‍ ഏറെ താഴെയാണിത്. ക്രൂഡ് ബര്‍ത്ത് റേറ്റും 9.64 ആയി ചുരുങ്ങി. സ്വാതന്ത്ര്യാനന്തര കേരള ചരിത്രത്തില്‍ ആദ്യമായാണ് ഈ നിരക്ക് പത്തിന് താഴെയെത്തുന്നത്. 2024ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 3,44,766 ജനനങ്ങള്‍ മാത്രമാണ്. മുന്‍വര്‍ഷത്തെക്കാള്‍ 48,465 എണ്ണം കുറവ്. ഇത് ഒറ്റപ്പെട്ട ഒരു ഇടിവല്ല, വര്‍ഷങ്ങളായി തുടരുന്ന പ്രവണതയുടെ തുടര്‍ച്ചയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കാരണങ്ങളും പ്രത്യാഘാതങ്ങളും

സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ന്നത്, വിവാഹപ്രായം നീണ്ടത്, കുട്ടികളുടെ എണ്ണം കുറയ്ക്കാനുള്ള സാമൂഹിക പ്രവണത ശക്തമായത്, ജീവിതച്ചെലവും പാര്‍പ്പിടച്ചെലവും കുതിച്ചുയര്‍ന്നത്, യുവജന കുടിയേറ്റം വ്യാപകമായത് എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് വിദ്യാഭ്യാസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. തൊഴില്‍പ്രായക്കാരുടെ എണ്ണം ചുരുങ്ങുന്നതോടെ ഉത്പാദനക്ഷമതയും കുറയും. അതേസമയം വയോജനങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ ചികിത്സ, പെന്‍ഷന്‍, ദീര്‍ഘകാല പരിചരണം എന്നിവക്കുള്ള പൊതുചെലവ് കുത്തനെ ഉയരും. ഇത് സാമൂഹിക ക്ഷേമ സംവിധാനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകും.

2021 മുതല്‍ 2051 വരെയുള്ള കാലയളവില്‍ ഇന്ത്യ നിര്‍ണായകമായ ജനസംഖ്യാ ഘടനാ മാറ്റത്തിന് സാക്ഷ്യംവഹിക്കുമെന്ന് തിരുവനന്തപുരം ആസ്ഥാനമായ ഐ ഐ എം ഡിയും ഡല്‍ഹിയിലെ പോപുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ യൗവന പ്രധാനമായ ജനസംഖ്യാ ഘടനയില്‍ നിന്ന് വാര്‍ധക്യാധിഷ്ഠിതമായ ഘടനയിലേക്ക് നമ്മുടെ രാജ്യം ഘട്ടം ഘട്ടമായി കടക്കുകയാണെന്നാണ് റിപോര്‍ട്ട് മുന്നോട്ടുവെക്കുന്ന സൂചന. ഈ കാലയളവില്‍ ശരാശരി വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 0.5 ശതമാനത്തിലേക്ക് കൂപ്പുകുത്തും. ജനസംഖ്യാ വിസ്‌ഫോടനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഏറെക്കുറെ അസ്ഥാനത്താകുന്ന ദിശയിലേക്കാണ് നിലവിലെ ജനസംഖ്യാ വളര്‍ച്ചയുടെ സഞ്ചാരപഥം വിരല്‍ചൂണ്ടുന്നത്. പ്രായഘടനയിലുണ്ടാകുന്ന ഈ സമൂലമാറ്റം, രാജ്യത്തെ നിലവിലെ സാമ്പത്തിക, സാമൂഹിക നയരൂപവത്കരണങ്ങള്‍ പൂര്‍ണമായി പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള ദിശാസൂചകമായി വേണം വിലയിരുത്തപ്പെടാന്‍.

ഇന്ത്യയുടെ ഈ ജനസംഖ്യാ പരിവര്‍ത്തനഘട്ടത്തില്‍ ബിഹാര്‍ ഏറ്റവുമധികം യുവജനതയുള്ള സംസ്ഥാനമായി മുന്നേറുമ്പോള്‍, മറുഭാഗത്ത് കേരളം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വയോജനാനുപാതമുള്ള സംസ്ഥാനമായി മാറും. കുട്ടികളുടെ എണ്ണത്തിലും തൊഴില്‍സേനയിലുമുണ്ടാകുന്ന കുറവ്, ഒപ്പം നെഗറ്റീവ് ജനസംഖ്യാ വളര്‍ച്ചാ നിരക്കും ചേര്‍ന്ന്, അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ കേരളത്തെ ജനസംഖ്യാ പരിവര്‍ത്തനത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുപ്പിക്കും.

ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേ അനുഭവിച്ച അതേ ജനസംഖ്യാ മാറ്റത്തിലൂടെയാണ് കേരളവും കടന്നുപോകുന്നത്. എന്നാല്‍ ആ രാജ്യങ്ങള്‍ സാമ്പത്തിക ഭദ്രത നേടിയ ശേഷമാണ് ഈ ഘട്ടത്തിലെത്തിയതെങ്കില്‍ കേരളം അതിനുമുമ്പേ വയോജനവത്കരണത്തിലേക്ക് നീങ്ങുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകം. ജനന നിരക്കിലെ കുറവ് മാത്രമല്ല, തൊഴില്‍വിപണി, ഉപഭോഗ ശേഷി, കുടുംബ ഘടന, പൊതുചെലവ് എന്നിവയെയെല്ലാം ബാധിക്കുന്ന ദീര്‍ഘകാല വിഷയമായി ഇതിനെ കാണണമെന്നാണ് വിലയിരുത്തല്‍.

ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം സൂചിപ്പിക്കുന്ന ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (ടി എഫ് ആര്‍) കേരളത്തില്‍ 1.19 ആയി ചുരുങ്ങിക്കഴിഞ്ഞു എന്നത് ഈ ആശങ്കക്ക് അടിവരയിടുന്നു. ജനന നിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നതോടെ കുട്ടികളുടെയും യുവാക്കളുടെയും എണ്ണം വന്‍തോതില്‍ കുറയുകയും 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കുതിച്ചുയരുകയും ചെയ്യും. യുവജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുറവ് ഉത്പാദന, സേവന മേഖലകളെ പ്രതികൂലമായി ബാധിക്കും. നികുതി നല്‍കുന്ന, അധ്വാനിക്കുന്ന വിഭാഗം ചുരുങ്ങുകയും, പെന്‍ഷനും മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെടുന്ന പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് സംസ്ഥാന ഖജനാവിന് കനത്ത ബാധ്യതയായി മാറും.

പരിഹാരത്തിലേക്ക്

കേരളത്തിന്റെ ജനസംഖ്യാ ഇടിവ് ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ സാമ്പത്തിക, സാമൂഹിക കാരണങ്ങള്‍ നിഷേധിക്കാനുമാകില്ല. എന്നാല്‍ ഈ പ്രതിസന്ധിക്കുള്ള പരിഹാരം നയരൂപവത്കരണത്തില്‍ മാത്രമല്ല, കുടുംബത്തെയും സന്താനങ്ങളെയും അനുഗ്രഹമായി കാണുന്ന മാനസികാവസ്ഥ, വാര്‍ധക്യത്തെ മാന്യതയോടെ ഉള്‍ക്കൊള്ളുന്ന കുടുംബ മൂല്യങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനത്തിലും കൂടിയാണ്.

വിവാഹപ്രായത്തിലെ കാലതാമസം ഒഴിവാക്കല്‍, താങ്ങാവുന്ന പാര്‍പ്പിടം, കുടുംബസൗഹൃദ തൊഴില്‍നയങ്ങള്‍, ശിശുപരിപാലന പിന്തുണ എന്നിവ സര്‍ക്കാര്‍തലത്തില്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒപ്പം, കുട്ടികള്‍ ഭാരമല്ല അനുഗ്രഹമാണെന്ന ബോധ്യം പുതുതലമുറയില്‍ വളര്‍ത്തുകയും വാര്‍ധക്യത്തെ കാരുണ്യത്തോടെ ഉള്‍ക്കൊള്ളുന്ന കുടുംബസംസ്‌കാരം തിരിച്ചുപിടിക്കുകയും വേണം. സാമ്പത്തിക നയങ്ങള്‍ക്കൊപ്പം ഇത്തരമൊരു മൂല്യാധിഷ്ഠിത സാമൂഹിക നവോത്ഥാനം കൂടി ചേരുമ്പോഴാണ് കേരളത്തിന് ഈ പ്രതിസന്ധിയെ യഥാര്‍ഥത്തില്‍ അതിജീവിക്കാനാകുക.

Content Highlights:
Kerala is entering a major demographic crisis as its Total Fertility Rate dropped to a record low of 1.19 in 2024. The state faces an accelerating aging population alongside a rapid decline in birth rates and youth migration. Experts warn this shift will heavily impact healthcare, economy, and social welfare systems.