Source :- SIRAJLIVE NEWS
തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി. പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഹാജരായി. പ്രതിക്കായി മുതിർന്ന അഭിഭാഷകൻ കെ രാമൻപിള്ള ഹാജരായില്ല. അഡീഷനൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ആരംഭിക്കേണ്ടിയിരുന്ന കേസ് പ്രതിഭാഗം അഭിഭാഷകനായ കെ രാമൻപിള്ളക്ക് മുട്ടുവേദന കാരണം ഗോവണി കയറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിമാറ്റം ആവശ്യപ്പെട്ട് 2025 ജനുവരി 22ന് തടസ്സ ഹരജി നൽകിയിരുന്നു. ഇത് പരിഗണിച്ച് കോടതിമാറ്റം അനുവദിക്കുകയും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കോടതിയിലേക്ക് കേസുമായി ബന്ധപ്പെട്ട ഫയലുകൾ കൈമാറുകയുമായിരുന്നു.
ആദ്യ ദിനമായ ഇന്നലെ സിറാജ് ഡയറക്ടർ എ സൈഫുദ്ദീൻ ഹാജിയെ വിസ്തരിച്ചു. പ്രതിഭാഗം സമയം തേടിയതിനാൽ ക്രോസ്സ് വിസ്താരം നാളത്തേക്ക് മാറ്റി. ശ്രീറാം വെങ്കിട്ടരാമൻ സുഹൃത്തും കാറുടമയുമായ വഫ ഫിറോസിനെ ഒപ്പമിരുത്തി അമിത വേഗത്തിൽ കാർ ഓടിച്ചുവന്ന് ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ഇടിയുടെ ആഘാതം ഇപ്പോഴും പബ്ലിക് ഓഫീസിന് മുൻവശം രാജഭരണ കാലത്ത് സ്ഥാപിച്ച വിളക്കുകല്ലിലും സമീപത്തെ വൻമരത്തിലുമുണ്ടെന്ന് സാക്ഷി മൊഴി നൽകി. വിചാരണാ കോടതിയായ തിരുവനന്തപുരം നാലാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ആർ സുധാകാന്താണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നോടെയാണ് സംഭവം നടന്നതെന്നും സാക്ഷി മൊഴിനൽകി. അപകടത്തിൽ ബഷീറിന്റെ ഹോണ്ട ബൈക്ക് പൂർണമായും തകർന്നെന്നും തുടർന്ന് ബഷീറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചതായും സാക്ഷി മൊഴിനൽകി. എഫ് ഐ ആറും പ്രഥമവിവര മൊഴിയും പ്രോസിക്യൂഷൻ ഭാഗം ഒന്നാംരേഖയായി കോടതി തെളിവിൽ സ്വീകരിച്ചു. കേസിലെ രണ്ടാം സാക്ഷിയും ദൃക്സാക്ഷിയുമായയാൾ വിദേശത്തായതിനാൽ ഹാജരായില്ല. കേസിലെ മൂന്ന് സാക്ഷികൾ നാളെ ഹാജരാകാനും കോടതി ഉത്തരവിട്ടു.
Content Highlights: Trial in the KM Basheer murder case has officially commenced at Thiruvananthapuram Additional Sessions Court. Accused Sriram Venkitaraman appeared in court while the witness testimony phase began. Siraj Director Saifudheen Haji testified as the first witness, with further hearings scheduled




