Source :- SIRAJLIVE NEWS
പത്തനംതിട്ട | ശക്തമായ പേമാരിയും ഉരുൾപൊട്ടലും മൂലം നദികൾ കരകവിഞ്ഞതിനെ തുടർന്ന് പത്തനംതിട്ട ജില്ലയില്‍ മിന്നല്‍ പ്രളയം. കോടികളുടെ നഷ്ടം കണക്കാക്കുന്നു. നൂറുകണക്കിന് ദുരിതബാധിതരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങര വാലിയിൽ തേറത്ത് മണ്ണിന് സമീപവും തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട് തുമ്പാക്കുളം മേൽത്തട്ട് ഭാഗത്തുമുണ്ടായ വൻ ഉരുൾപൊട്ടലാണ് പമ്പാ നദിയിലും അച്ചൻകോവിലാറ്റിലും മിന്നൽ പ്രളയത്തിന് കാരണമായത്. ജില്ലയുടെ പല ഭാഗങ്ങളിലും അതിതീവ്രമഴ പെയ്തു. ളാഹയിൽ മാത്രം 24 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.
ശബരിമല വനത്തിലും ഗൂഡ്രിക്കൽ റേഞ്ച് മേഖലയിലുമുണ്ടായ ശക്തമായ പേമാരി മൂലം നിരവധി സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. പമ്പാ നദിയും പ്രധാന പോഷകനദിയായ കക്കാട്ടാറും നിറഞ്ഞതിനെ തുടർന്ന് കക്കാട് പദ്ധതിയുടെ മൂഴിയാർ ഡാമിന്റെ രണ്ടാം നമ്പർ ഷട്ടർ 10 സെന്റി മീറ്റർ തുറന്നതും പ്രളയത്തിന്റെ കാഠിന്യം വർധിക്കാൻ കാരണമായി. പമ്പയുടെ തീരത്തുനിന്ന് കിലോമീറ്ററുകൾ അകലെ വരെ വെള്ളം വളരെ വേഗത്തിലെത്തി. റാന്നി ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബസ് സ്റ്റാൻഡും മുങ്ങി. പിന്നാലെ ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലും വെള്ളം കയറി. പുനലൂർ – മൂവാറ്റുപുഴ, തിരുവല്ല – കുന്പഴ സംസ്ഥാനപാതകളിലടക്കം ഗതാഗതം മുടങ്ങി. ശബരിമല പാതയിലും ഗതാഗത തടസ്സമുണ്ടായി. വീടുകളിൽ കുടുങ്ങിപ്പോയവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ എൻ ഡി ആർ എഫും അഗ്നിരക്ഷാ സേനയും റാന്നിയിലും ആറന്മുളയിലും രംഗത്തിറങ്ങി.
കാരണം മണിയാർ സംഭരണി തുറന്നിട്ടത്
പമ്പ ചെറുകിട ജലസേചന പദ്ധതിയുടെ മണിയാർ സംഭരണി തുറന്നിട്ടത് പമ്പാനദിയിൽ വെള്ളമുയർന്ന് മിന്നൽ പ്രളയത്തിന് കാരണമായി. ഷട്ടറുകൾ മാറ്റിസ്ഥാപിക്കുന്നതിനുവേണ്ടി ജനുവരി മുതൽ ജലസേചന വകുപ്പിന്റെ മണിയാർ സംഭരണി തുറന്നിരിക്കുകയാണ്. വേനൽക്കാലത്ത് വെള്ളം ഒഴുക്കിവിട്ടശേഷം സംഭരണിയുടെ ഷട്ടർ അടച്ചിട്ടില്ല. കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം നേരെ പമ്പാനദിയിലേക്ക് ഒഴുകിയെത്തുകയാണ്. ഷട്ടറുകൾ സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ കരാറുകാർക്ക് കഴിഞ്ഞിട്ടുമില്ല. മഴ ശക്തമാകുമ്പോൾ ഉണ്ടായേക്കാവുന്ന അപകട സാധ്യതയും പരിഗണിക്കപ്പെട്ടിരുന്നില്ല.
കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തമായതോടെ മൂഴിയാറിലും ഷട്ടറുകൾ തുറന്നു. പെരുനാട് പവര്‍സ്റ്റേഷനും വെള്ളത്തിനടിയിലാണ്. അള്ളുങ്കൽ, കാരിക്കയം പദ്ധതികളുടെ വൈദ്യുതി ഉത്പാദനവും തടസ്സപ്പെട്ടു.
മുന്നറിയിപ്പുകൾ ഗൗരവത്തിലായില്ല
വെള്ളിയാഴ്ച ജില്ലയിൽ ചുവപ്പ് ജാഗ്രതയുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര മുന്നറിയിപ്പുകളോ ജാഗ്രതാ നിർദേശമോ നൽകിയിരുന്നില്ല. വൈകിട്ടോടെയാണ് മഴ ശക്തമായത്. വ്യാഴാഴ്ച ജില്ലാ കലക്ടർമാർക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നുവെന്നുമാണ് റവന്യൂ മന്ത്രി പറയുന്നത്. എന്നാൽ ദുരന്തനിവാരണ അതോറിറ്റിയോ ജില്ലാ ഭരണകൂടമോ ഇക്കാര്യത്തിൽ ജാഗ്രത കാട്ടിയില്ല.
സാധാരണ ലഭിക്കുന്ന മഴയേക്കാൾ കുറവാണ് ഇത്തവണ ലഭിച്ചതെന്നതിനാൽ നദികളും നീരുറവകളും വറ്റിവരണ്ട സാഹചര്യം മുൻനിർത്തി പെട്ടെന്നൊരു പ്രളയം അധികൃതരും പ്രതീക്ഷിച്ചിരുന്നില്ല.
ശബരിമല തീർഥാടകരുടെ ശ്രദ്ധക്ക്
പമ്പയിൽ ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാലും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും സുരക്ഷ മുൻനിർത്തി നിറപുത്തരി ചടങ്ങിനായി ഇന്നും നാളെയും തീർഥാടകർ ശബരിമലയിൽ എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
Content Highlights: Severe flash floods triggered by heavy rainfall and landslides hit Pathanamthitta district, causing massive property damage. The Pamba and Achenkovil rivers overflowed, inundating Ranni town, Aranmula, and key transport routes. Devaswom Board requested Sabarimala pilgrims to avoid travel due to safety concerns.




