Source :- SIRAJLIVE NEWS
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു നിര്‍മിക്കുന്ന പാലങ്ങളിലും നിരത്തുകളിലും കുടിവെള്ളപദ്ധതികളിലും ജനപ്രതിനിധികളുടെ പേര് എഴുതി പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തില്‍ ഒരു തിരുത്തല്‍ വരുത്തുകയാണ് പൂഞ്ഞാര്‍ എം എൽ എ അഡ്വ. എം ജെ സെബാസ്റ്റ്യന്‍. എം എൽ എ ഫണ്ടും മറ്റു സര്‍ക്കാര്‍ ഫണ്ടുകളും ഉപയോഗിച്ച് മണ്ഡലത്തില്‍ നടപ്പാക്കുന്ന ഒരു വികസന പദ്ധതിക്കു മുന്നിലും തന്റെ പേരെഴുതിയ ബോര്‍ഡുകളോ ഫലകങ്ങളോ സ്ഥാപിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. “സര്‍ക്കാര്‍ ഫണ്ടുകള്‍ ജനങ്ങളുടെ പണമാണ്. അതുപയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളില്‍ ജനപ്രതിനിധിയുടെ പേര് എഴുതിവെക്കുന്നത് ശരിയല്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അടിവരയിടേണ്ടതാണ്. ജനാധിപത്യ രാഷ്ട്രീയത്തില്‍ പുതിയ ദിശാബോധം നല്‍കേണ്ടതാണ് ഈ വാക്കുകള്‍.
ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന വിവിധ നികുതികളിലൂടെ സമാഹരിക്കുന്നതാണ് പൊതുഖജനാവിലെ പണം. ഇതാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. തങ്ങള്‍ നല്‍കുന്ന നികുതിപ്പണം കൃത്യമായും സുതാര്യമായും പൊതു ആവശ്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്താനാണ് ജനങ്ങള്‍ പ്രതിനിധികളെ സഭകളിലേക്ക് അയക്കുന്നത്. തന്റെ മണ്ഡലത്തിലും അധികാര പരിധിയിലും പദ്ധതികള്‍ നടപ്പാക്കേണ്ടതും വികസനങ്ങള്‍ കൊണ്ടുവരേണ്ടതും ജനപ്രതിനിധികളുടെ കടമയും ഭരണഘടനാപരമായ ചുമതലയുമാണ്. അവിടെ പേര് കൊത്തിവെച്ച് ക്രഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തോടുള്ള അനാദരവാണ്. എം എല്‍ എ ഫണ്ട് എന്ന പേര് തന്നെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. സ്വകാര്യ സമ്പാദ്യമോ, ഔദാര്യമോ അല്ല ഇത്, ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ്. ഏത് പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിക്കാനുള്ള ഉത്തരവാദിത്വം മാത്രമാണ് ജനപ്രതിനിധിക്കുള്ളത്. പണം അനുവദിക്കുന്നതും പദ്ധതി നിര്‍വഹണം നിര്‍വഹിക്കുന്നതും സര്‍ക്കാര്‍ സംവിധാനങ്ങളാണ്.
വ്യക്തികേന്ദ്രീകൃതവും പ്രചാരണാധിഷ്ഠിതവുമാണ് ഇന്നത്തെ രാഷ്്ട്രീയം. പൊതുഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഏതൊരു ചെറിയ കാര്യത്തിലും ജനപ്രതിനിധിയുടെ പേരും ചിത്രവും ആലേഖനം ചെയ്ത ബോര്‍ഡുകളും ഫ്ലക്‌സുകളും സ്ഥാപിക്കപ്പെടുന്നു. പദ്ധതി സംബന്ധിച്ച മാധ്യമപരസ്യങ്ങളില്‍ മന്ത്രിമാരുടെയും രാഷ്്ട്രീയ നേതാക്കളുടെയും ചിത്രങ്ങളും പേരുകളും നിറഞ്ഞുനിൽക്കും. സെബാസ്റ്റ്യന്‍ എം എൽ എയുടെ വാക്കുകള്‍ കടമെടുത്താല്‍- “ഒരു കിണറിന് 5,000 രൂപ സബ്‌സിഡി നല്‍കി, അല്ലെങ്കില്‍ മുക്കാല്‍ ചങ്ങല നീളമുള്ള റോഡ് ടാര്‍ ചെയ്തു എന്നിങ്ങനെ ചെണ്ട കൊട്ടി പേരെഴുതി ഒട്ടിച്ചുവെക്കുന്ന നാണം കെട്ട പണിയാണിത്.’
ഇത് ജനാധിപത്യ രാഷ്്ട്രീയത്തിന്റെ സ്വഭാവവും ശൈലിയുമല്ല. രാജവാഴ്ചയുടെ അവശേഷിപ്പാണിത്. പ്രൗഢിയും അധികാരവും കാണിക്കാന്‍ രാജാക്കന്മാര്‍ കോട്ടകളും കെട്ടിടങ്ങളും പണിത് അതില്‍ സ്വന്തം പേരും മഹത്വവും രേഖപ്പെടുത്തിയിരുന്ന കാലഘട്ടത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. രാജവാഴ്ച അവസാനിച്ച് രാജ്യം ജനാധിപത്യ ഭരണത്തിലേക്ക് നീങ്ങിയെങ്കിലും രാജവാഴ്ചാ സംസ്‌കാരത്തിന്റെ ചില അവശിഷ്ടങ്ങള്‍ ജനപ്രതിനിധികളില്‍ ഇപ്പോഴും കുടികൊള്ളുന്നു. അധികാരത്തെ വ്യക്തിപരമായ മഹത്വവത്കരണത്തിനുള്ള ഉപാധിയാക്കുന്ന രാജഭരണ കാലത്തെ അധികാരിവര്‍ഗത്തിന്റെ മനോഭാവം ഇന്നും തുടരുന്നത് ജനാധിപത്യത്തിന്റെ അപചയമാണ്.
പൊതുപ്രവര്‍ത്തനത്തിന്റെ സുതാര്യതയും സര്‍ക്കാര്‍ ഫണ്ടിന്റെ ശരിയായ വിനിയോഗവും ഉറപ്പുവരുത്താന്‍ വിവരഫലകങ്ങള്‍ ആവശ്യമാണ്. പദ്ധതിക്ക് ശിപാര്‍ശ ചെയ്ത വ്യക്തിയുടെ പേരല്ല, പദ്ധതിയുടെ വിശദാംശങ്ങളാണ് അതില്‍ രേഖപ്പെടുത്തേണ്ടത്. പദ്ധതിയുടെ പേര്, എത്ര തുക അനുവദിച്ചു, എത്ര ചെലവായി, നിര്‍വഹണ ഏജന്‍സി (സര്‍ക്കാര്‍ വകുപ്പ്/ സ്വയംഭരണ സ്ഥാപനം), പ്രവൃത്തി ഏറ്റെടുത്തു നടപ്പാക്കിയ കരാറുകാരന്‍, നിര്‍മാണം തുടങ്ങിയ വര്‍ഷം, പൂര്‍ത്തിയാക്കിയ വര്‍ഷം, സാങ്കേതിക വിവരങ്ങള്‍ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. അതാണ് പൊതുജനത്തിനറിയേണ്ടത്. പദ്ധതിയുടെ തുകയും അത് നിര്‍വഹിച്ചവരുടെ പേര് വിവരങ്ങളും പരസ്യപ്പെടുത്തുമ്പോള്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ ഉത്തരവാദിത്വ ബോധം കൈവരും. ഭാവിയില്‍ നിര്‍മാണത്തില്‍ എന്തെങ്കിലും വീഴ്ചയോ അപാകതയോ കണ്ടെത്തിയാല്‍ ഫലകത്തിലെ വിവരങ്ങളും കണക്കുകളും തെളിവായി മാറും.
എം ജെ സെബാസ്റ്റ്യന്‍ എടുത്ത നിലപാട് പൂഞ്ഞാര്‍ മണ്ഡലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ല. സംസ്ഥാനത്തെ മുഴുവന്‍ എം എൽ എമാരും എം പിമാരും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും മാതൃകയാക്കേണ്ടതാണ്. ഒരു പേരെഴുത്തിന്റെ പ്രശ്‌നം മാത്രമല്ല, അധികാര വിനിയോഗത്തിന്റെയും പൊതുഫണ്ട് സംബന്ധിച്ച കാഴ്ചപ്പാടിലെയും അനിവാര്യമായ മാറ്റത്തിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണിത്. സ്വയം പരസ്യപ്പെടുത്തല്‍ പ്രവണത അവസാനിപ്പിച്ചു സേവനത്തിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടാനാണ് ജനപ്രതിനിധികള്‍ ശ്രമിക്കേണ്ടത്.
രാഷ്ട്രീയ സാക്ഷരതയുളളവരാണ് കേരളീയ സമൂഹം. ആര്‍ക്കാണ് വോട്ടുചെയ്യേണ്ടതെന്നും വികസനം കൊണ്ടുവരേണ്ടത് ആരുടെ ബാധ്യതയാണെന്നും അവര്‍ക്ക് ബോധ്യമുണ്ട്. നാടെങ്ങും പേര് കൊത്തിവെച്ചതു കൊണ്ടുമാത്രം അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറാമെന്നത് തെറ്റായ ധാരണയാണ്. പേരുപലകകളിലല്ല, ജനങ്ങളുടെ മനസ്സിലാണ് ജനപ്രതിനിധികള്‍ ഇടംപിടിക്കേണ്ടത്. പ്രവര്‍ത്തനങ്ങളിലെ സുതാര്യതയും രാഷ്ട്രീയ വിശുദ്ധിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും എളിമയുമാണ് ഒരു രാഷ്ട്രീയ നേതാവിനെ ജനപ്രിയനാക്കുന്നത്.



