Home rss business malayalam മോദിയുടെ വീഡിയോ നീക്കിയ സംഭവം; കേന്ദ്ര ഐടി മന്ത്രിയോട് ക്ഷമാപണം നടത്തി മെറ്റ

മോദിയുടെ വീഡിയോ നീക്കിയ സംഭവം; കേന്ദ്ര ഐടി മന്ത്രിയോട് ക്ഷമാപണം നടത്തി മെറ്റ

3
0

Source :- EVARTHA NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ കമ്പനി ഔദ്യോഗികമായി ക്ഷമാപണം നടത്തി. മെറ്റയുടെ ഗ്ലോബൽ അഫയേഴ്‌സ് മേധാവി ജോയൽ കപ്ലാൻ, സംഭവത്തിൽ സാങ്കേതിക പിഴവാണ് ഉണ്ടായതെന്നും അതിന്റെ പേരിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനോട് ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പോസ്റ്റ് നിയന്ത്രിക്കപ്പെട്ടത് സാങ്കേതിക തകരാറിനെ തുടർന്നാണെന്ന് മെറ്റ നേരത്തെ വിശദീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് മെറ്റയുടെ ഗ്ലോബൽ ടീം ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി, മെറ്റ സിഇഒ മാർക്ക് സക്കർബർഗ് മാപ്പ് പറയാത്ത പക്ഷം കമ്പനിക്കുള്ള നിയമപരിരക്ഷകൾ പുനഃപരിശോധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കമ്മിറ്റി അധ്യക്ഷനും ബിജെപി എംപിയുമായ നിഷികാന്ത് ദുബെയുടെ പ്രതികരണത്തിന് പിന്നാലെയാണ് മെറ്റയുടെ ക്ഷമാപണം.

അതേസമയം, ഡീപ്പ്‌ഫേക്ക് ഉള്ളടക്കങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ, മറ്റ് സാങ്കേതിക പിഴവുകൾ എന്നിവ കൈകാര്യം ചെയ്തതിലെ വീഴ്ചകൾക്കും മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഖേദം പ്രകടിപ്പിച്ചു. ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ ഉണ്ടായ പിഴവുകൾ കമ്പനി അംഗീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.