Home rss national malayalam പുതിയ വാർത്ത സി എസ് ആര്‍ ഫണ്ടും ചില ഒളിയജന്‍ഡകളും

സി എസ് ആര്‍ ഫണ്ടും ചില ഒളിയജന്‍ഡകളും

4
0

Source :- SIRAJLIVE NEWS

രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനായി 2013ലാണ് ഇന്ത്യയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) നിയമം നിലവില്‍വരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ ഫണ്ട് വിനിയോഗത്തില്‍ വലിയ രീതിയിലുള്ള അപാകതകള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. കോര്‍പറേറ്റ് കമ്പനികള്‍ സ്വതന്ത്ര സന്നദ്ധ സംഘടനകള്‍ക്ക് ഈ ഫണ്ട് നല്‍കുന്നതിനു പകരം, ഭരണകൂടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ട്രസ്റ്റുകളിലേക്കും എന്‍ ജി ഒകളിലേക്കും അത് വഴിതിരിച്ചുവിടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.

2013ലെ ഇന്ത്യന്‍ കമ്പനി നിയമത്തിലെ സെക്‌ഷന്‍ 135 പ്രാബല്യത്തില്‍ വന്നതോടെയാണ് സി എസ് ആര്‍ എന്നത് കേവലമൊരു സന്നദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് കമ്പനികളുടെ നിയമപരമായ ബാധ്യതയായി മാറിയത്. വാര്‍ഷിക അറ്റാദായം അഞ്ച് കോടി രൂപയോ വിറ്റുവരവ് 1,000 കോടി രൂപയോ അല്ലെങ്കില്‍ ആകെ ആസ്തി 500 കോടി രൂപയോ ഉള്ള ഏതൊരു കമ്പനിയും തങ്ങളുടെ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ ശരാശരി അറ്റാദായത്തിന്റെ കുറഞ്ഞത് രണ്ട്് ശതമാനം സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ ബാധ്യസ്ഥരാണ്.

കമ്പനി നിയമത്തിലെ ഷെഡ്യൂള്‍ ഏഴ് പ്രകാരം ദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ വികസനം തുടങ്ങിയ നിര്‍ദിഷ്ട മേഖലകളിലാണ് ഈ തുക വിനിയോഗിക്കേണ്ടത്. ഈ ഫണ്ട് വിനിയോഗിക്കാന്‍ കമ്പനികള്‍ക്ക് സ്വന്തമായി പദ്ധതികള്‍ നടപ്പാക്കുകയോ, അല്ലെങ്കില്‍ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തില്‍ (എം സി എ) സി എസ് ആര്‍-1 ഫോം സമര്‍പ്പിച്ച് അംഗീകാരം നേടിയ എന്‍ ജി ഒകള്‍, രജിസ്റ്റേര്‍ഡ് ട്രസ്റ്റുകള്‍ എന്നിവയെ ഉപയോഗപ്പെടുത്തുകയോ ചെയ്യാം. കടലാസില്‍ ഇതൊരു സുതാര്യമായ പൊതുക്ഷേമ സംവിധാനമായി നിലകൊള്ളുന്നുവെങ്കിലും, ഫണ്ട് വിനിയോഗത്തിനായി കമ്പനികള്‍ തിരഞ്ഞെടുക്കുന്ന എന്‍ ജി ഒകളുടെയും ട്രസ്റ്റുകളുടെയും രാഷ്ട്രീയ സ്വഭാവത്തിലാണ് ഈ നിയമത്തിന്റെ പ്രധാന അപാകതകള്‍ ഒളിഞ്ഞുകിടക്കുന്നത്.

ഈയടുത്താണ് “ദി ന്യൂസ് മിനുട്ട്’ ഇതുമായി ബന്ധപ്പെട്ട സുപ്രധാന റിപോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒ എന്‍ ജി സി) സി എസ് ആര്‍ ഫണ്ടിന്റെ വലിയൊരു വിഹിതം ലഭിച്ചിരിക്കുന്നത് ആര്‍ എസ് എസ് ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കാണെന്ന് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. രാജ്യവ്യാപകമായി ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ആര്‍ എസ് എസ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ശാഖകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. നിലവില്‍ രാജ്യത്തുടനീളം ഏകദേശം 14.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം, ഈ കാലയളവില്‍ 668.01 കോടി രൂപയുടെ ആസ്തിവര്‍ധനയും സംഘടന കൈവരിച്ചു. എന്നിരുന്നാലും, ഓരോ ശാഖയുടെയും ആകെ സാമ്പത്തിക വിവരങ്ങളോ ഭാരവാഹികളുടെ പൂര്‍ണ വിവരങ്ങളോ ആര്‍ എസ് എസ് കേന്ദ്രനേതൃത്വം ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.

യൂനിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്‌ത്രേലിയയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ഡോ. ഫെലിക്‌സ് പാല്‍ തയ്യാറാക്കിയ “സീയിംഗ് ദി സംഘ്’ എന്ന ഗവേഷണ പഠനത്തിലാണ് ഈ വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പഠനമനുസരിച്ച്, അസമിലെ ശിവസാഗര്‍ ജില്ലയിലുള്ള “സ്വര്‍ഗദേവ് സിയു-കാ-ഫാ’ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആര്‍ എസ് എസിന്റെ പ്രധാന സാമൂഹിക പദ്ധതികളിലൊന്നാണ്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ വൈദ്യകീയ പ്രതിഷ്ഠാന്റെ (ബി എ വി പി) നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയുടെ നിര്‍മാണത്തിനായി 434 കോടി രൂപ സി എസ് ആര്‍ ഫണ്ടായി ലഭിച്ചിട്ടുണ്ടെന്നും സംഘടനയുടെ സാമൂഹിക സേവനരംഗത്തെ ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നായി ഇത് മാറിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ എസ് എസിന്റെ വിവിധ അനുബന്ധ സംഘടനകളും കോര്‍പറേറ്റ് ഫണ്ടുകള്‍ സമാഹരിക്കുന്നുണ്ട്. ബെംഗളൂരുവിലെ എസ്-വ്യാസ സര്‍വകലാശാലക്ക് ഹോസ്റ്റല്‍ നിര്‍മാണത്തിനായി 15.53 കോടി രൂപ ലഭിച്ചതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാമൂഹിക സേവന വിഭാഗമായ “സേവാ ഭാരതി’യുടെ വിവിധ പദ്ധതികള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 13.95 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാഭ്യാസ രംഗത്ത് വിദ്യാഭാരതിയുടെ വിവിധ പദ്ധതികള്‍ക്കും, രജ്ജു ഭയ്യ സൈനിക് വിദ്യാമന്ദിര്‍, അസമിലെ ശിശു ശിക്ഷാ സമിതി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനുമായി കോര്‍പറേറ്റ് ധനസഹായം ലഭിച്ചിട്ടുണ്ട്. സാധ്വി ഋതംബരയുടെ നേതൃത്വത്തിലുള്ള “പരമശക്തി പീഠ്’ പദ്ധതിക്കായി 2.49 കോടി രൂപ അനുവദിച്ചതായും പഠനം വ്യക്തമാക്കുന്നു.

രാജ്യത്തെ ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കൊണ്ടുവന്ന 2013ലെ സി എസ് ആര്‍ നിയമം, ഒരു ദശകം പിന്നിടുമ്പോള്‍ അതിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ നിന്ന് ഗണ്യമായി വ്യതിചലിക്കുന്നുണ്ടോ എന്ന ഗൗരവതരമായ ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. രാജ്യത്ത് പാവങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച ഒരു നിയമത്തെ, പ്രത്യേക രാഷ്ട്രീയ- സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വേണ്ടി വഴിതിരിച്ചുവിടുന്നത് അവരോട് ചെയ്യുന്ന വലിയ ക്രൂരതയായി മാത്രമേ കണക്കാക്കാനാകൂ.

Content Highlights:
A study by Dr Felix Pal and reports by The News Minute reveal that CSR funds under the Companies Act 2013 are being diverted to RSS affiliated trusts. Public sector units like ONGC allocated massive funds to projects managed by organizations like Seva Bharati and Vidya Bharati over a decade.