Home rss national malayalam പുതിയ വാർത്ത വാക്കുകളുടെ അതിരുകളും രാഷ്ട്രീയ മര്യാദയും

വാക്കുകളുടെ അതിരുകളും രാഷ്ട്രീയ മര്യാദയും

4
0

Source :- SIRAJLIVE NEWS

സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൊല്ലി വിവാദമായിരിക്കുകയാണ് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെയും കേരള ഗതാഗത മന്ത്രി സി പി ജോണിന്റെയും പ്രസംഗങ്ങള്‍. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കവെ, തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെയും ഒരു സിനിമാനടിയെയും ചേര്‍ത്ത് ദ്വയാര്‍ഥത്തില്‍ നടത്തിയ ഉദയനിധിയുടെ പരാമര്‍ശമാണ് വിവാദമായത്. അദ്ദേഹത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നു തമിഴ്‌നാട് പോലീസ്. കേരളത്തില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയെക്കുറിച്ചുള്ള പ്രസംഗത്തിലായിരുന്നു മന്ത്രി സി പി ജോണിന്റെ “സ്ത്രീവിരുദ്ധ’ പരാമര്‍ശം. വിവാദം കനത്തതോടെ സ്ത്രീസമൂഹത്തോട് മാപ്പ് പറയേണ്ടിവന്നു മന്ത്രിക്ക്.

പൊതുവേദികളില്‍ വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം പ്രഭാഷകര്‍ വാക്കുകള്‍ പ്രയോഗിക്കാന്‍. ഉത്തരവാദപ്പെട്ട നേതാക്കള്‍ പ്രത്യേകിച്ചും. ചിന്തകളും ആശയങ്ങളും കൈമാറുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും രാഷ്ട്രീയ എതിരാളികളുടെ ആശയ ദൗര്‍ബല്യം തുറന്നുകാട്ടുന്നതിനുമുള്ള ഉപാധിയാണ് പ്രസംഗങ്ങള്‍. അത് തീര്‍ത്തും മാന്യമായിരിക്കണം. അശ്ലീല പരാമര്‍ശങ്ങളും ഏതെങ്കിലും വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന പ്രയോഗങ്ങളും കടന്നുവരരുത്. പ്രതിയോഗികളെ ആശയപരമായി തുറന്നുകാട്ടുമ്പോള്‍ പോലും ഭാഷയുടെ മര്യാദയും ബഹുമാനവും പുലര്‍ത്തേണ്ടതുണ്ട്. ആശയങ്ങളുടെ ഏറ്റുമുട്ടലാണ് ജനാധിപത്യത്തിലെ രാഷ്ട്രീയ സംവാദം. വ്യക്തിഹത്യയിലേക്കോ അതിരുകടന്ന അധിക്ഷേപത്തിലേക്കോ അത് വഴിമാറരുത്. ആശയപരമായ ദാരിദ്ര്യത്തിന്റെ ലക്ഷണമാണ് ഇത്തരം വ്യതിയാനങ്ങള്‍.

സ്ത്രീകളെ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ പ്രഭാഷകര്‍ക്കും ജനപ്രതിനിധികള്‍ക്കും അതീവ ഉത്തരവാദിത്വമുണ്ട്. സ്ത്രീത്വത്തെയും അവരുടെ അന്തസ്സിനെയും തരംതാഴ്ത്തിക്കാണിക്കുന്ന വാക്കുകള്‍ പ്രയോഗിക്കരുത്. സ്ത്രീകളുടെ സാമൂഹിക- സാമ്പത്തികാവസ്ഥകളെ പരിഹസിക്കുന്നതും അവരുടെ മാന്യത ചോദ്യംചെയ്യുന്ന തരത്തിലുള്ള സംസാരങ്ങളും സ്ത്രീസമൂഹത്തോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെ തെറ്റായി സ്വാധീനിക്കും. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാറിന്റെ ഔദാര്യമല്ല. സ്ത്രീകളുടെ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട സാമൂഹിക ക്ഷേമപദ്ധതിയാണ്. അതിന്റെ ഗുണഭോക്താക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പദ്ധതിയുടെ ലക്ഷ്യത്തെ ബാധിക്കുന്നു.

തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ മാപ്പ് പറയുന്നത് നല്ല മാതൃകയാണ്. സ്വന്തം വാക്കുകള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ആഘാതം തിരിച്ചറിഞ്ഞ് തിരുത്താന്‍ മനസ്സ് കാണിക്കുന്നത് ജനാധിപത്യപരമായ സമീപനവുമാണ്. എന്നാല്‍ ഖേദപ്രകടനം അശ്രദ്ധക്കുള്ള ലൈസന്‍സാകരുത്. പൊതുപ്രസംഗത്തിനു മുമ്പ് നന്നായി ആലോചിച്ചാല്‍ പിന്നീട് മാപ്പ് പറയേണ്ട അവസ്ഥ ഒഴിവാക്കാനാകും. ഒരു നേതാവിന്റെ ആദ്യവാക്കുകളാണ് സമൂഹത്തില്‍ കൂടുതലായി സ്വാധീനം ചെലുത്തുന്നത്. പിന്നീട് നല്‍കുന്ന വിശദീകരണം അത്രത്തോളം സ്വാധീനം ചെലുത്തണമെന്നില്ല.

നേതാക്കളുടെ ഭാഷ മോശമാകുമ്പോള്‍ അനുയായികളുടെ ഭാഷ അതിനേക്കാള്‍ മോശമാകുന്നത് സ്വാഭാവികം. സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തെ നന്നായി സ്വാധീനിക്കുന്ന കാലമാണിത്. നേതാവിന്റെ പ്രസംഗം നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനാളുകളിലേക്കെത്തുന്നു. അതിലെ തെറ്റായ പരാമര്‍ശം വര്‍ഷങ്ങളോളം പിന്തുടരുന്ന രാഷ്ട്രീയ ബാധ്യതയായി മാറും. ഓരോ വാക്കും പൊതുരേഖയായി മാറുമെന്ന ബോധ്യത്തോടെയായിരിക്കണം പ്രഭാഷണങ്ങളില്‍ ഓരോ വാക്കും പ്രയോഗിക്കേണ്ടത്.

ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. ഇതേ ഭരണഘടനയാണ് ഒരു വ്യക്തിയുടെ അന്തസ്സിനും വ്യക്തിത്വത്തിനും സംരക്ഷണം നല്‍കുന്നതും. എന്തും എങ്ങനെയും പറയാനുള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യം. മാന്യതയോ ധാര്‍മികതയോ ലംഘിക്കുന്ന പരാമര്‍ശങ്ങളും വിദ്വേഷ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല. മറ്റുള്ളവരുടെ അന്തസ്സിനെയും അഭിമാനത്തെയും ബഹുമാനിക്കുന്നവിധം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമേ അത് നല്‍കുന്നുള്ളൂ. ഭരണ- അധികാര പരിധിയിലുള്ളവരുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ബാധകമാണ്.

വിയോജിപ്പുകള്‍ എത്ര ശക്തമാണെങ്കിലും ഭാഷയില്‍, സംസാരത്തില്‍ മാന്യത പുലര്‍ത്തിയിരുന്നു മുന്‍കാല നേതാക്കള്‍. ആശയപരമായ പോരാട്ടം അധിക്ഷേപത്തിലേക്കും വ്യക്തിപരമായ അവഹേളനങ്ങളിലേക്കും വഴിമാറിയിരുന്നില്ല. ആ രാഷ്ട്രീയ പാരമ്പര്യം പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുറിവുകളും വിഭജനവും സൃഷ്ടിക്കുന്നതാകരുത് ജനാധിപത്യ സമൂഹത്തില്‍ വാക്കുകള്‍. മുറിവുകള്‍ ഉണക്കുന്നതും വിടവുകള്‍ നികത്തുന്നതുമാകണം.

എതിരാളിയെ തോല്‍പ്പിക്കാന്‍ ഭാഷയെ ആയുധമാക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശയപരമായ ബോധം നല്‍കാന്‍ ഭാഷയെ ഉപാധിയാക്കുന്ന രാഷ്ട്രീയത്തിലേക്കുള്ള മാറ്റമാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. തങ്ങളുടെ പദവിയെയും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെയും സംബന്ധിച്ച ബോധത്തോടെയായിരിക്കണം നേതാക്കള്‍ സംസാരിക്കേണ്ടത്. സംവാദങ്ങള്‍ രൂക്ഷമാകാം, വിമര്‍ശങ്ങള്‍ കടുത്തതാകാം. അതിലൊന്നും പക്ഷേ സഭ്യതയുടെയും സാമാന്യ മര്യാദയുടെയും അതിരുകള്‍ ലംഘിക്കേണ്ടതില്ല. നേതാക്കളുടെ അപകീര്‍ത്തികരമായ പ്രസംഗങ്ങള്‍ കേട്ട് കൈയടിക്കുന്ന അണികളും മാറിച്ചിന്തിക്കേണ്ടതുണ്ട്. നേതാവ് എന്തുപറഞ്ഞാലും ന്യായീകരിക്കുന്ന പ്രവണത അവസാനിപ്പിച്ച്, തെറ്റിനെ തെറ്റായി ചൂണ്ടിക്കാണിക്കാന്‍ അനുയായികള്‍ മുന്നോട്ടു വന്നാല്‍ മോശം ഭാഷ സംസാരിക്കുന്ന നേതാക്കളും തിരുത്താന്‍ നിര്‍ബന്ധിതരാകും.

Content Highlights:
Recent misogynistic remarks by leaders like Udayanidhi Stalin and CP John sparked major debates on political speech decorum. Responsible public discourse demands respect, ethical language, and avoiding personal attacks or inappropriate comments. Leaders must protect dignity while expressing views.