Source :- SIRAJLIVE NEWS
ന്യൂഡൽഹി | ഓൺലൈനിൽ സാധനങ്ങളോ സിനിമാ ടിക്കറ്റുകളോ വാങ്ങുമ്പോൾ പേയ്‌മെന്റ് പേജിൽ എത്തുമ്പോൾ തുക വർധിക്കുന്ന തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും അറിയാതെ അധിക തുക ഈടാക്കുന്നതുമായ ഡാർക്ക് പാറ്റേണുകൾ (Dark Patterns) ഉപയോഗിച്ച ഒമ്പത് മുൻനിര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA penalties) പിഴ ചുമത്തി. കേന്ദ്ര സർക്കാർ രാജ്യസഭയിലാണ് ഈ വിവരമറിയിച്ചത്.
സെപ്റ്റോ, ബുക്ക് മൈ ഷോ, ഇൻഡിഗോ, ഫിസിക്സ് വാല (Zepto, BookMyShow, IndiGo, Physics Wallah) തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. പ്രാരംഭത്തിൽ കാണിക്കുന്ന വിലയ്ക്ക് പുറമെ ഹാൻഡ്‌ലിങ് ചാർജുകൾ, അംഗത്വ ഫീസുകൾ എന്നിവ പിന്നീട് കൂട്ടിച്ചേർക്കുന്നതാണ് സെപ്റ്റോയിൽ കണ്ടെത്തിയത്. ഇതിനെ ഡ്രിപ്പ് പ്രൈസിങ്, ബാസ്കറ്റ് സ്നീക്കിങ് എന്നീ വിഭാഗങ്ങളിൽപ്പെടുത്തി സെപ്റ്റോയ്ക്ക് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി.
സിനിമാ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ചാരിറ്റിക്കായി ഒരു രൂപ മുൻകൂട്ടി തിരഞ്ഞെടുത്ത് ഓട്ടോമാറ്റിക്കായി ബില്ലിൽ കൂട്ടിച്ചേർക്കുന്ന രീതിയാണ് കണ്ടെത്തിയത്. ഉപഭോക്താവ് സ്വയം ഇത് ഒഴിവാക്കിയില്ലെങ്കിൽ പണം നഷ്ടമാകുന്ന രീതിയിലുള്ള ഈ പ്രവണതയും ബാസ്കറ്റ് സ്നീക്കിങ് വിഭാഗത്തിലാണ് സി സി പി എ ഉൾപ്പെടുത്തിയത്.
വിമാനക്കമ്പനിയായ ഇൻഡിഗോ ഉപഭോക്താക്കളെ മാനസികമായി സമ്മർദത്തിലാക്കുന്ന കൺഫേം ഷെയ്മിങ് തന്ത്രമാണ് ഉപയോഗിച്ചിരുന്നത്. അഡീഷണൽ സർവീസ് ഒഴിവാക്കുമ്പോൾ ‘ഞാൻ റിസ്ക് എടുക്കാം’ എന്ന രീതിയിലുള്ള സന്ദേശങ്ങൾ നൽകിയിരുന്നത് നിയന്ത്രണ ഏജൻസിയുടെ ഇടപെടലിനെത്തുടർന്ന് മാറ്റിയിട്ടുണ്ട്.
വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ഫിസിക്സ് വാലയിൽ സംഭാവന തുക ഓട്ടോമാറ്റിക്കായി സെലക്ട് ആയതിനും സൗജന്യ കോഴ്സുകൾക്കായി വ്യക്തിഗത വിവരങ്ങൾ ചോദിച്ചതിനും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ഫസ്റ്റ് ക്രൈ, ഫാം ഈസി, മക്കാഫി, സ്പൈസ് ജെറ്റ്, അനുജ് ജിന്താൽ എന്നീ കമ്പനികൾക്കും ഒന്നു മുതൽ മൂന്ന് ലക്ഷം രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്. ഇതുവരെ ആകെ 20 ലക്ഷത്തോളം രൂപയാണ് വിവിധ കമ്പനികളിൽ നിന്ന് പിഴയായി ഈടാക്കിയത്.
Content Highlights:
The Central Consumer Protection Authority (CCPA) has penalized nine digital platforms, including Zepto, BookMyShow, and IndiGo, for using deceptive dark patterns. The government informed the Rajya Sabha that around Rs 20 lakh in penalties has been collected to curb hidden fees and manipulative designs.



