Home rss national malayalam പുതിയ വാർത്ത സ്വര്‍ണം സൂക്ഷിച്ച പെട്ടി ആക്രിക്കാരന് നല്‍കി; ഒടുവില്‍ പത്തര പവന്റെ സ്വര്‍മാല കണ്ടെത്തി

സ്വര്‍ണം സൂക്ഷിച്ച പെട്ടി ആക്രിക്കാരന് നല്‍കി; ഒടുവില്‍ പത്തര പവന്റെ സ്വര്‍മാല കണ്ടെത്തി

4
0

Source :- SIRAJLIVE NEWS

മലപ്പുറം | മോഷണം പോകാതിരിക്കാന്‍ അമ്മ സ്വര്‍ണാഭരണം രഹസ്യമായി സൂക്ഷിച്ച കാര്‍ഡ് ബോര്‍ഡ് പെട്ടി മകള്‍ ആക്രിക്കാരന് നല്‍കി. 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവന്റെ സ്വര്‍ണാഭരണങ്ങള്‍ ആക്രിക്കാരനില്‍ നിന്നു കണ്ടെത്തി പോലീസ്. ആക്രി വ്യാപാരിയുടെ സത്യസന്ധതയും പോലീസിന്റെ സമയബന്ധിതമായ ഇടപെടലും കാരണമാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം കുടുംബത്തിന് തിരികെ ലഭിച്ചത്.

മലപ്പുറം മേല്‍മുറി സ്വദേശിയായ ആക്രി വ്യാപാരി യു കെ അനീസ് കഴിഞ്ഞ മാസം 25-നാണ് കോഴിക്കോട് നഗരത്തില്‍ ആക്രി ശേഖരിക്കാനെത്തിയത്. കോഴിക്കോട് ചുങ്കത്തുള്ള വീട്ടില്‍ ഗള്‍ഫില്‍ നിന്നെത്തിയ മകള്‍ രാധിക മാത്രമാണുണ്ടായിരുന്നത്. അമ്മ രേവ വീട്ടിലില്ലായിരുന്നു. പഴകിയ കാര്‍ഡ് ബോര്‍ഡ് പെട്ടികളും പഴയ സ്‌കൂട്ടറുമെല്ലാം മകള്‍ ആക്രിക്ക് നല്‍കി. അമ്മ സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

കഴിഞ്ഞദിവസം വീട്ടിലെത്തിയ അമ്മ സ്വര്‍ണം സൂക്ഷിച്ച പെട്ടി കാണാതെ മകളോട് ചോദിച്ചപ്പോഴാണ് ആക്രിക്കാരന് കൊടുത്ത വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബം നടക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആക്രി എടുത്തശേഷം അനീസ് നല്‍കിയ വിസിറ്റിംഗ് കാര്‍ഡാണ് കേസില്‍ വലിയ വഴിത്തിരിവായത്. കാര്‍ഡിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പോലീസ് അനീസിനോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ശേഖരിച്ച ആക്രി സാധനങ്ങള്‍ മേല്‍മുറിയിലെത്തിച്ച് വേര്‍തിരിക്കുന്നതിനിടെ പെട്ടിയില്‍നിന്ന് അനീസിന് ആഭരണങ്ങള്‍ ലഭിച്ചിരുന്നതായി അനീസ് പോലീസിനോട് പറഞ്ഞു. ആദ്യം മുക്കുപണ്ടമാണെന്ന് കരുതിയെങ്കിലും ഭാര്യയെ കാണിച്ചപ്പോഴാണ് യഥാര്‍ഥ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്.ദിവസവും നാല്‍പ്പതോളം വീടുകളില്‍ കയറിയിറങ്ങുന്നതിനാല്‍ ഏത് വീട്ടില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. എങ്കിലും താന്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം അനീസ് വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നടക്കാവ് പോലീസിനൊപ്പം വീട്ടിലെത്തി ആഭരണങ്ങള്‍ ഉടമസ്ഥര്‍ക്ക് കൈമാറി.

Content Highlights:
A scrap dealer returned 10.5 sovereigns of gold worth 11 lakh rupees given away by mistake in Kozhikode. The daughter gave a cardboard box containing gold to scrap dealer UK Anees. Anees kept the gold safely and handed it over to police once contacted using his visiting card.