Home rss business malayalam ഹോർമൂസ് കടലിടുക്ക് തുറക്കൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ച്; കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്ക് തുറക്കൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ച്; കടുത്ത മുന്നറിയിപ്പുമായി ഇറാൻ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പശ്ചിമേഷ്യയിലെ നിർണായക സമുദ്രപാതയായ ഹോർമൂസ് കടലിടുക്ക് പുനഃതുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് (ഐആർജിസി). അമേരിക്ക ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കൂവെന്ന് ഐആർജിസി വ്യക്തമാക്കി.

ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളുമായി ഹോർമൂസ് കടലിടുക്ക് തുറക്കൽ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും, ഇറാൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കാതെ സമുദ്രപാത തുറക്കില്ലെന്നും ഐആർജിസി വക്താവ് ഹൊസൈൻ മൊഹെബ്ബി പറഞ്ഞു. ഇറാന്റെ തസ്നിം വാർത്താ ഏജൻസിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവിട്ടത്.

ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് പൂർണമായും ഇറാന്റെ തീരുമാനങ്ങൾക്കും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾക്കും വിധേയമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ കടലിടുക്ക് ഉടൻ തുറക്കുമെന്ന ആഗോള വിപണിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

അടുത്തിടെ അമേരിക്കൻ ഉദ്യോഗസ്ഥർ, ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, മാസങ്ങളായി തടസ്സപ്പെട്ടിരുന്ന സമുദ്ര ഗതാഗതവും എണ്ണ വിതരണവും ഉടൻ സാധാരണ നിലയിലാകുമെന്നും സൂചന നൽകിയിരുന്നു. എന്നാൽ ഈ വിലയിരുത്തലുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇറാന്റെ പുതിയ നിലപാട്.

അമേരിക്ക ഇറാന്റെ കപ്പൽ ഗതാഗതത്തിനും സാമ്പത്തിക മേഖലയ്ക്കും മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും നിയന്ത്രണങ്ങളും പൂർണമായും പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്നെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമൂസ് കടലിടുക്ക് സംബന്ധിച്ച ഇറാന്റെ പുതിയ മുന്നറിയിപ്പ് പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.