Home rss national malayalam പുതിയ വാർത്ത “റൂം ഫോർ ദ റിവര്‍’ നയനിലപാടുകളുടെ പ്രളയച്ചുഴിയില്‍

“റൂം ഫോർ ദ റിവര്‍’ നയനിലപാടുകളുടെ പ്രളയച്ചുഴിയില്‍

4
0

Source :- SIRAJLIVE NEWS

കേരളത്തില്‍ ഒരു മണ്‍സൂണ്‍ കൂടി കടന്നുവരികയും കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയഭീഷണിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ “റൂം ഫോര്‍ റിവര്‍ പദ്ധതി’ സജീവ ചര്‍ച്ചയാകുകയും അതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ കനക്കുകയുമാണ്. 2019ല്‍ റൂംഫോര്‍ റിവര്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി കുട്ടനാട് മേഖലകളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ലെന്നും വിദേശയാത്രക്ക് വേണ്ടിയുള്ള ടൂറിസ്റ്റ് പ്രൊജക്ട് മാത്രമായിരുന്നു അതെന്നും യു ഡി എഫ് ആരോപിക്കുന്നു. അതേസമയം കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, ഭൂമി ഏറ്റെടുക്കുത്തിനുള്ള പ്രയാസങ്ങള്‍, ഭീമമായ സാമ്പത്തിച്ചെലവ് തുടങ്ങിയ തടസ്സങ്ങള്‍ മൂലമാണ് പദ്ധതി നടപ്പാക്കാന്‍ താമസിച്ചതെന്നാണ് എല്‍ ഡി എഫിന്റെ വിശദീകരണം. കഴിഞ്ഞാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തെ അതിജീവിക്കുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതില്‍ സതീശന്‍ സര്‍ക്കാറിനുണ്ടായ പരാജയമാണ് പിണറായി സര്‍ക്കാറിനെതിരായ യു ഡി എഫിന്റെ വിമര്‍ശനത്തിനു പിന്നിലെന്നും അവര്‍ തിരിച്ചടിക്കുന്നു.

ഈ ആരോപണ പ്രത്യാരോപണങ്ങളിലെ വസ്തുത എന്തായാലും പ്രളയം പ്രതിരോധിക്കാന്‍ പദ്ധതി നടപ്പാക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കേരളത്തിലെ സമീപ വര്‍ഷങ്ങളിലെ ഓരോ മണ്‍സൂൺ കാലവും.സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിലൊന്നായിരുന്നു 2018ലെ മഹാപ്രളയം. തുടര്‍ന്നുള്ള മിക്ക വര്‍ഷങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴയും മേഘസ്‌ഫോടനങ്ങളും ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയങ്ങളും അനുഭവപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ മഴയുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു. നദികള്‍ക്ക് വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ വെള്ളത്തിനടിയിലാകുന്നു. ഈ സാഹചര്യത്തില്‍ പ്രളയങ്ങളെ കേവലമൊരു ദുരന്തനിവാരണ പ്രശ്‌നമായി കാണാതെ നെതര്‍ലാൻഡ്സിലേതുപോലെ ശാസ്ത്രീയമായ നദീതട പരിപാലന വിഷയമായി സമീപിക്കേണ്ട കാലം അതിക്രമച്ചിരിക്കുകയാണ്.

1993ലും 1995ലുമുണ്ടായ മഹാപ്രളയങ്ങളെ തുടര്‍ന്നാണ് നെതര്‍ലാൻഡ്സ് പ്രളയത്തെ നിയന്ത്രിക്കാനുളള മാര്‍ഗത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചതും റൂം ഫോര്‍ ദ റിവര്‍ പദ്ധതിയിലേക്കെത്തിയതും. അന്ന് ഡെല്‍റ്റ നദീക്ക് സമീപത്തു നിന്ന് മാത്രം രണ്ട് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കേണ്ടി വന്നിരുന്നു. ഓരോ വെള്ളപ്പൊക്കത്തിനും അടിഞ്ഞുകൂടുന്ന എക്കല്‍ (മണലും ചെളിയും അവശിഷ്ടങ്ങളും) ആഴം കുറച്ചതിനാൽ നദികള്‍ക്ക് വെള്ളം പൂര്‍ണമായി ഉള്‍ക്കൊളളാന്‍ കഴിയാതെ വന്നതാണ് പ്രളയത്തിന് കാരണമെന്ന് കണ്ടെത്തയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. നദികളിലെ എക്കല്‍ നീക്കം ചെയ്തും ജലസംഭരണത്തിന് കൂടുതല്‍ സ്ഥലം ഒരുക്കിയും പ്രളയജലത്തിന് വ്യാപിക്കാന്‍ കൂടുതല്‍ മേഖലകള്‍ സൃഷ്ടിച്ചുമാണ് നെതര്‍ലാൻഡ്്സില്‍ “റൂം ഫോര്‍ റിവര്‍ പദ്ധതി’ നടപ്പാക്കിയത്. നദികളെ കരിങ്കൽക്കെട്ടുകള്‍ക്കുള്ളില്‍ കൂടുതല്‍ മുറുക്കിയടക്കുന്നതിനു പകരം പ്രളയസമയത്ത് നദിക്ക് സ്വാഭാവികമായി വികസിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഒരുക്കി. ഇതുവഴി പ്രളയത്തിന്റെ ആഘാതം കുറക്കാനായി.

അതേരീതിയില്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിന് ചില പ്രായോഗിക തടസ്സങ്ങളുണ്ട്. രണ്ട് നാടുകളിലേയും നദികളുടെയും കായലുകളുടെയും ഭൂമിശാസ്ത്രപരമായ സ്വഭാവം ഒരുപോലെയല്ല. താരതമ്യേന സാവധാനത്തില്‍ ഒഴുകുന്നതാണ് നെതര്‍ലാൻഡ്സിലെ നദികള്‍. പശ്ചിമഘട്ടത്തില്‍ നിന്ന് കടലിലേക്കുള്ള കേരളത്തിലെ നദികളുടെ ഒഴുക്കിന് വേഗം കൂടുതലാണ്.

മാത്രമല്ല, സംസ്ഥാനത്തെ നദികള്‍ക്ക് വീതികൂട്ടണമെങ്കില്‍ നദീതീരങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം. നദീതട നിവാസികളിൽ പലരുടെയും തൊഴില്‍ജീവിതം നദികളുമായി ബന്ധപ്പെട്ടതുമാണ്. അവരെ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് സാമൂഹിക പ്രശ്‌നമായി മാറുകയും കോടതി കയറുകയും ചെയ്യും. അതേസമയം “റൂം ഫോര്‍ ദ റിവര്‍ പദ്ധതി’ എന്ന ആശയം കേരളത്തില്‍ തീരെ അപ്രസക്തമല്ല. നദിക്ക് കൂടുതല്‍സ്ഥലം നല്‍കുക, പ്രളയജലത്തിന് വ്യാപിക്കാന്‍ കൂടുതല്‍ മേഖലകള്‍ ഒരുക്കുക, സ്വാഭാവിക ജലസംഭരണ മേഖലകള്‍ സംരക്ഷിക്കുക തുടങ്ങിയ പദ്ധതിയുടെ അടിസ്ഥാന ആശയങ്ങള്‍ കേരളത്തിന് സ്വീകരിക്കാവുന്നതാണ്. ഇവിടുത്തെ ഭൂപ്രകൃതിക്കനുസരിച്ച് അത് പുനഃസംവിധാനം ചെയ്യണമെന്നുമാത്രം. പല പ്രദേശങ്ങളിലും പ്രകൃതിദത്ത സംവിധാനങ്ങള്‍ പുനരുജ്ജീവിപ്പിച്ചാല്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. നികത്തിയ തോടുകള്‍ തിരിച്ചുപിടിക്കുക, അടഞ്ഞ കൈവഴികള്‍ തുറക്കുക, നദീതീരത്തെ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുക, പാടശേഖരങ്ങളും കണ്ണീർത്തടങ്ങളും സംരക്ഷിക്കുക തുടങ്ങിയ നടപടികളിലൂടെ പ്രളയത്തിന്റെ ശക്തികുറക്കാനാകും.

പ്രകൃതി ദുരന്തങ്ങള്‍ കക്ഷിരാഷ്ട്രീയ അതിര്‍വരമ്പുകള്‍ നോക്കിയല്ല വരുന്നത്. നാടിന്റെ മൊത്തം നിലനിൽപ്പിനെയും ജനങ്ങളുടെ ജീവനെയും ബാധിക്കുന്ന ഗുരുതരവിഷയമാണത്. അതുകൊണ്ട് പദ്ധതിയെക്കുറിച്ചുള്ള വാഗ്വാദങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുന്നിതിന് പാര്‍ട്ടികള്‍ക്കിടയില്‍ യോജിപ്പും സഹകരണവും രൂപപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ വിവാദങ്ങള്‍ ഇനിയും വരും, പോകും. സര്‍ക്കാറുകള്‍ മാറിമാറി വരും. അപ്പോഴെല്ലാം സംസ്ഥാനത്തെ നദികള്‍ ഒരേ ആവശ്യമാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. “ഒഴുകാന്‍ സ്ഥലം തിരികെ തരൂ’ എന്ന ആവശ്യം ചെവിക്കൊളളാന്‍ ഇനിയും കാലതാമസം നേരിട്ടാല്‍ 2018ലേതിനേക്കാള്‍ ശക്തമായ പ്രളയങ്ങളെയായിരിക്കും അഭിമുഖീകരിക്കേണ്ടിവരിക. സര്‍ക്കാറുകള്‍ മാറുമ്പോള്‍ പദ്ധതികള്‍ മാറ്റിവെക്കപ്പെടുന്ന രീതിയാണ് കേരളത്തില്‍. മുന്‍ സര്‍ക്കാറിന്റെ ലൈഫ് പദ്ധതി പുതിയ സര്‍ക്കാര്‍ മരവിപ്പിച്ചത് ഉദാഹരണം. ഈ ദുര്‍ഗതി “റൂം ഫോര്‍ റിവര്‍ പദ്ധതി’ക്ക് വരരുത്.

Content Highlights:
The Room for River project is under intense discussion as heavy monsoon rains cause flood threats across Kerala. UDF accuses LDF of failing to implement the Netherlands model while LDF cites geographical challenges. Experts emphasize adopting scientific river basin management to prevent catastrophic flooding.