Home rss national malayalam പുതിയ വാർത്ത ‘സുഹൈല്‍’ വരുന്നു; യു എ ഇയില്‍ കടുത്ത ചൂടിന് ഈമാസം ശമനമാകും

‘സുഹൈല്‍’ വരുന്നു; യു എ ഇയില്‍ കടുത്ത ചൂടിന് ഈമാസം ശമനമാകും

4
0

Source :- SIRAJLIVE NEWS

ദുബൈ | യു എ ഇയില്‍ നിലനില്‍ക്കുന്ന കൊടും ചൂടിന് ഈ മാസം 24 ഓടെ ശമനമാകുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ചെയര്‍മാന്‍ ഇബ്‌റാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. ആഗസ്റ്റ് 24 ന് ആകാശത്ത് സുഹൈല്‍ നക്ഷത്രം ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ അന്തരീക്ഷ താപനിലയില്‍ കുറവുണ്ടാകുകയും ചൂടിന്റെ തീവ്രതക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. വേനല്‍ക്കാലത്തിന്റെ കഠിനമായ ചൂടിനെ സൂചിപ്പിക്കുന്ന അല്‍ ഖൈസ് ഘട്ടത്തിലെ അവസാന നക്ഷത്രങ്ങള്‍ ചൊവ്വാഴ്ച (ആഗസ്റ്റ് 11) ഉദിക്കുമെന്നാണ് കരുതുന്നത്.

പരമ്പരാഗതമായി ജൂണ്‍ തുടക്കത്തില്‍ ആരംഭിക്കുന്ന അല്‍ ഖൈസിലെ വരണ്ട ചൂട് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഉച്ചസ്ഥായിയിലെത്തുന്നത്. നിലവില്‍ രാജ്യത്ത് പലയിടത്തും പകല്‍ സമയത്തെ ശരാശരി താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ‘യമന്റെ നക്ഷത്രം’ എന്നും അറിയപ്പെടുന്ന സുഹൈല്‍ പ്രത്യക്ഷപ്പെടുന്നതോടെ കടുത്ത ചൂടില്‍ നിന്ന് തണുപ്പുള്ള കാലാവസ്ഥയിലേക്കുള്ള 40 ദിവസത്തെ പരിവര്‍ത്തന കാലയളവ് ആരംഭിക്കും. ഈ ഘട്ടത്തെ സാധാരണയായി ‘സുഫ്‌രിയ’ എന്നാണ് വിളിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേനല്‍ക്കാല ചൂടാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ആഗസ്റ്റ് അഞ്ച് ബുധനാഴ്ച രേഖപ്പെടുത്തിയ 51.2 ഡിഗ്രി സെല്‍ഷ്യസാണ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൊടും ചൂടിനിടയിലും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ലഭിച്ച വേനല്‍ മഴ ജനങ്ങള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. അനുയോജ്യമായ മേഘങ്ങള്‍ കണ്ടെത്തിയപ്പോഴെല്ലാം ക്ലൗഡ് സീഡിംഗ് നടത്തിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Content Highlights:
The rising of the Suhail star marks the end of severe summer heat in the UAE. Temperatures are expected to drop gradually across the Gulf region this month. Weather authorities predict cooler climate conditions following this seasonal transition.