Source :- SIRAJLIVE NEWS
സയ്യിദ് ബിശ്്ർ പടിക്കല്‍
ബിഹാറിലെ ബാങ്കിപുര്‍, മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചല്‍പൂര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് നല്‍കുന്നത് ഗൗരവമേറിയ രാഷ്ട്രീയ സന്ദേശമാണ്. ദീര്‍ഘകാലമായി സുരക്ഷിതമെന്ന് കരുതിയിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകളില്‍ പോലുമേറ്റ തിരിച്ചടി കേവലമൊരു തിരഞ്ഞെടുപ്പ് പരാജയമായല്ല, മറിച്ച് ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം, ബി ജെ പിക്കെതിരായ വോട്ടുകള്‍ ഏകോപിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശേഷി വര്‍ധിക്കുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഈ ഫലങ്ങള്‍.
ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനും അദ്ദേഹത്തിന്റെ പിതാവ് നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയും ദീര്‍ഘകാലം പ്രതിനിധാനം ചെയ്ത മണ്ഡലമാണ് ബിഹാറിലെ ബാങ്കിപുര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 51,936 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പാര്‍ട്ടി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 1995 മുതല്‍ ബി ജെ പി തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരുന്ന ഈ മണ്ഡലം, “കയസ്ഥ’ സമുദായത്തിന്റെ ശക്തമായ സ്വാധീനമുള്ള, പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിതമായ കോട്ടകളിലൊന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.
എന്നാല്‍ ഇത്തവണ ചരിത്രം വഴിമാറി. ജന്‍ സുരാജ് പാര്‍ട്ടി (ജെ എസ് പി) സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി നീരജ് കുമാര്‍ സിന്‍ഹയെ പരാജയപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്പതിനായിരത്തിലധികം വോട്ടുകളുടെ വലിയ ഇടിവാണ് പാര്‍ട്ടിക്ക് സംഭവിച്ചത്. ദേശീയ നേതൃത്വത്തെയും വിപുലമായ സംഘടനാ സംവിധാനത്തെയും വിന്യസിച്ചിട്ടും ഈ തിരിച്ചടി ഒഴിവാക്കാനായില്ല എന്നത് ശ്രദ്ധേയമാണ്.
മറ്റ് സംസ്ഥാനങ്ങളിലും ബി ജെ പിക്ക് സമാനമായ വോട്ടുചോര്‍ച്ച നേരിടേണ്ടി വന്നു. മധ്യപ്രദേശിലെ ദതിയയില്‍ കോണ്‍ഗ്രസ്സ് എം എല്‍ എയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ബി ജെ പി മുന്‍ മന്ത്രി നരോത്തം മിശ്രയ്ക്ക് പകരം അശുതോഷ് തിവാരിയെ മത്സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഘന്‍ശ്യാം സിംഗ് ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അനായാസം വിജയം കണ്ടു. ഗുജറാത്തിലെ മഞ്ചല്‍പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി സതീഷ് പട്ടേല്‍ വിജയം നിലനിര്‍ത്തിയെങ്കിലും, മുമ്പ് ലഭിച്ചിരുന്ന ഒരു ലക്ഷത്തിലധികം (1,00,754) വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 30,630 ആയി ചുരുങ്ങി. ഒറ്റയടിക്ക് എഴുപതിനായിരത്തോളം വോട്ടുകളുടെ കുറവുണ്ടായി. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളില്‍ വലിയ തരത്തിലുള്ള വിള്ളലാണ് നേരിട്ടത്.
വൈകാരികവും പ്രത്യയശാസ്ത്രപരവുമായ പ്രചാരണങ്ങളേക്കാള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പുകളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. യുവജനങ്ങളുടെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും അടുത്തിടെയുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളും ബി ജെ പിക്കെതിരായ വികാരം ശക്തമാക്കി. വിദ്യാര്‍ഥി പ്രതിഷേധങ്ങളോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക സമീപനവും അവയെ അടിച്ചമര്‍ത്തുന്ന രീതിയും വലിയ രീതിയിലാണ് പാര്‍ട്ടിയെ തിരിച്ചടിച്ചത്.
ബാങ്കിപുരിലും ദതിയയിലും ഈ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പില്‍ നിര്‍ണായകമായി. ജെന്‍സി പ്രതിഷേധങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന പരിഹാസവും വിമര്‍ശനവും ബി ജെ പിയും ഗോദി മീഡിയയും വര്‍ഷങ്ങളെടുത്ത് പടുത്തുയര്‍ത്തിയ “മോദി’ എന്ന ബ്രാന്‍ഡിന്റെ പ്രതിച്ഛായക്ക് കാര്യമായി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. മോദിയെ മാത്രം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പുകളെ നേരിടുന്ന പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ ജനപ്രീതിയിലുണ്ടാകുന്ന ഇടിവ് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ബ്ലൂംബെര്‍ഗ് ന്യൂസിന്റെ വിശകലനമനുസരിച്ച് ബി ജെ പിയുടെ ആകെ വോട്ടിന്റെ 40 ശതമാനവും മോദിയുടെ വ്യക്തിപരമായ ജനപ്രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ വ്യക്തിപ്രഭാവത്തിനുണ്ടായ മങ്ങല്‍ ഭരണകക്ഷിക്കും അവരുടെ ഭാവി പ്രചാരണങ്ങള്‍ക്കും വലിയ വിനയാണ്. ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി ജെ പിക്ക് നല്‍കുന്നത് വെറുമൊരു പരാജയത്തിന്റെ സൂചനയല്ല, മറിച്ച് ഹിന്ദി ഹൃദയഭൂമിയിലെ വോട്ടര്‍മാരുടെ മനോഭാവത്തില്‍ വന്ന മാറ്റത്തിന്റെ രാഷ്ട്രീയ സന്ദേശം കൂടിയാണിത്.
പ്രതിപക്ഷത്തിന്റെ സാധ്യതകള്‍
ദതിയ പോലുള്ള ഗ്രാമീണ മേഖലയിലും പാട്‌നയിലെ ബാങ്കിപുര്‍ പോലുള്ള നഗര മണ്ഡലങ്ങളിലും ഒരുപോലെ പ്രകടമായ ഈ ഭരണവിരുദ്ധ വികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ഐക്യത്തോടെയും തന്ത്രപരമായ സമീപനത്തോടെയും നേരിടാന്‍ കഴിഞ്ഞാല്‍ ബി ജെ പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുമെന്ന് ഈ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ രൂപപ്പെട്ട സീറ്റ് ധാരണകള്‍ പോലുള്ള മാതൃകകള്‍ മറ്റ് സംസ്ഥാനങ്ങളിലും പ്രയോഗിക്കാവുന്നതാണ്. ഏറ്റവും വിജയസാധ്യതയുള്ള ബി ജെ പി വിരുദ്ധ സ്ഥാനാര്‍ഥിക്ക് പിന്നില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ വോട്ടുവിഭജനം വലിയൊരളവോളം തടയാന്‍ കഴിയും. സമീപകാല തിരഞ്ഞെടുപ്പുകളില്‍ പല സംസ്ഥാനങ്ങളിലും ബി ജെ പി വിരുദ്ധ വോട്ടുകളുടെ ഈ ഏകീകരണം പ്രകടമായിട്ടുണ്ട്. യു കെയിലും ഫ്രാന്‍സിലും തീവ്ര വലതുപക്ഷത്തിനെതിരെ പ്രതിപക്ഷ വോട്ടുകള്‍ വിജയകരമായി ഏകോപിപ്പിച്ച അനുഭവങ്ങളുമായി രാഷ്ട്രീയ നിരീക്ഷകര്‍ ഈ മാറ്റത്തെ താരതമ്യം ചെയ്യുന്നുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍, പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് വിജയം നേടുന്ന മുന്‍കാല തന്ത്രങ്ങള്‍ ഇനി ഭരണപക്ഷത്തിന് എളുപ്പമാകില്ല.
ഇതുവരെ ചിതറിക്കിടന്ന പ്രതിപക്ഷത്തിന്റെ ബലഹീനതയില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക്, മാറിവരുന്ന ഈ പുതിയ രാഷ്ട്രീയ സാഹചര്യം കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ബാങ്കിപുര്‍, ദതിയ, മഞ്ചല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകള്‍ ആ വലിയ മാറ്റത്തിന്റെ ആദ്യ സൂചനകളായിരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലാകും കൂടുതല്‍ വ്യക്തമാകുക.
Content Highlights:
Recent bypoll losses in Bankipur, Datia, and Manjalpur signal a strong anti-incumbency wave against BJP in traditional strongholds. Prashant Kishor’s JSP secured a major win in Bankipur, while BJP suffered substantial vote losses elsewhere. Rising youth unemployment and opposition unity pose tough challenges for BJP.




