Source :- SIRAJLIVE NEWS
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത്. “വാര്‍ത്ത തെറ്റാണെന്നറിഞ്ഞിട്ടും മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ആകാശത്ത് നിന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. തെറ്റാണെന്ന് ബോധ്യമായാലും അത് തിരുത്താന്‍ തയ്യാറാകുന്നില്ല’ എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍. പി എം ശ്രീയുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ നിലപാട്, ഹെലികോപ്റ്റര്‍ യാത്ര, കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ദുരിതബാധിതരെയും സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രി വരുത്തിയ കാലതാമസം തുടങ്ങിയ കാര്യങ്ങളില്‍ മാധ്യമങ്ങള്‍ നടത്തിയ വിമര്‍ശങ്ങളായിരിക്കാം അദ്ദേഹത്തെ ചൊടിപ്പിച്ചത്.
മുമ്പ് ഇടതു സര്‍ക്കാറിന്റെ നയവൈകല്യങ്ങളെയും വീഴ്ചകളെയും ചൂണ്ടിക്കാണിച്ച മാധ്യമങ്ങളെ പിണറായി വിജയനും ഇടതു നേതാക്കളും സമാനരീതിയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. “മാധ്യമ സിന്‍ഡിക്കേറ്റ്’, “അജന്‍ഡ നടപ്പാക്കുന്നവര്‍’ തുടങ്ങി കടുത്ത ഭാഷയാണ് അവര്‍ പ്രയോഗിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വിമര്‍ശത്തിന്റെയും അവകാശം ചൂണ്ടിക്കാട്ടിയിരുന്നവരാണ് അന്ന് പ്രതിപക്ഷത്തിരുന്ന യു ഡി എഫ് നേതാക്കള്‍. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങളുടെ അവകാശമാണെന്നും വിമര്‍ശങ്ങളെ സര്‍ക്കാര്‍ സഹിഷ്ണുതയോടെ നേരിടണമെന്നുമുള്ള നിലപാടെടുത്ത യു ഡി എഫ് ഭരണത്തിലെത്തിയപ്പോള്‍ മാധ്യമങ്ങളെ കടന്നാക്രമിക്കുന്നത് വിരോധാഭാസമാണ്.
അധികാരത്തിന്റെ തണലില്‍ ഇരിക്കുമ്പോഴോ പൊതുപ്രവര്‍ത്തനത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുമ്പോഴോ തങ്ങള്‍ക്കു നേരെ ഉയരുന്ന വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകുന്നില്ല. മാധ്യമങ്ങള്‍ സര്‍ക്കാറിനെ പുകഴ്ത്തുകയും അവരുടെ പത്രക്കുറിപ്പുകള്‍ അപ്പടി പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് അവരാഗ്രഹിക്കുന്നത്. ഇത് മാധ്യമ പ്രവര്‍ത്തനമല്ല, പബ്ലിക് റിലേഷന്‍ (പി ആര്‍) പ്രവര്‍ത്തനമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. നിയമനിര്‍മാണ സഭയും ഭരണനിര്‍വഹണവിഭാഗവും നീതിന്യായ വ്യവസ്ഥയും എത്രമാത്രം നീതിപുലര്‍ത്തുന്നുവെന്ന് നിരന്തരം വീക്ഷിക്കുകയും അവരുടെ വീഴ്ചകള്‍ തുറന്നു കാട്ടുകയും ചെയ്യുകയെന്നതാണ് മാധ്യമങ്ങളുടെ പ്രഥമവും പ്രധാനവുമായ ചുമതല. സര്‍ക്കാറിന് അനുകൂലമായ വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പ്രസക്തിയില്ല.
ഏത് അധികാര കേന്ദ്രത്തെയും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ജീവവായു. ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും തീരുമാനങ്ങളും പൊതുപ്രവര്‍ത്തനങ്ങളും ജനനന്മക്കും നാടിന്റെ താത്പര്യത്തിനും എതിരാകുമ്പോള്‍ അതിനെതിരെ വിരല്‍ചൂണ്ടാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം. സാധാരണക്കാരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ആശങ്കകള്‍ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് പലപ്പോഴും മാധ്യമങ്ങളാണ്. ഭരണകൂടങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സുഖിപ്പിക്കലല്ല മാധ്യമങ്ങളുടെ ജോലി. ഭരണത്തില്‍ വീഴ്ചകളോ അബദ്ധങ്ങളോ പൊതുപണത്തിന്റെ ദുരുപയോഗമോ ജനവിരുദ്ധ നയങ്ങളോ കണ്ടാല്‍ അത് ചൂണ്ടിക്കാട്ടുക തന്നെ ചെയ്യും. ഭരണത്തിലിരിക്കുന്നവര്‍ക്ക് തങ്ങളുടെ തീരുമാനങ്ങള്‍ ശരിയാണെന്നു തോന്നിയേക്കാം. ഭരണത്തിന്റെ പുറത്തുള്ളവരാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. സര്‍ക്കാറിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളും സിവില്‍ സമൂഹവും പ്രതിപക്ഷവും ഭരണത്തിന്റെ തിരുത്തല്‍ സംവിധാനങ്ങളാണ്.
കേരളത്തിന്റെ ചരിത്രത്തിലും വളര്‍ച്ചയിലും മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ജനങ്ങളുടെ അവകാശ സംരക്ഷണത്തിനും ഭരണകൂടങ്ങളുടെ അനീതികള്‍ക്കുമെതിരെ പോരാടാനും മാധ്യമങ്ങള്‍ കാണിച്ച ജാഗ്രതയാണ് സംസ്ഥാനത്തെ പുരോഗമനപരമായ പാതയില്‍ നയിച്ചത്. വിമര്‍ശങ്ങള്‍ വരുമ്പോള്‍ അസ്വസ്ഥതയും അസഹിഷ്ണുതയും പ്രകടിപ്പിക്കാതെ അതിനോട് ആരോഗ്യകരമായി പ്രതികരിക്കുകയും മാധ്യമങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശങ്ങളെയും സംശയങ്ങളെയും വസ്തുതകള്‍ നിരത്തി പ്രതിരോധിക്കുകയുമാണ് നേതാക്കള്‍ ചെയ്യേണ്ടത്. വിമര്‍ശം ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യുന്നതും ജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതും ആട്ടിപ്പുറത്താക്കുന്നതും ജനാധിപത്യപരമായ ശൈലിയല്ല. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനം ഇല്ലാതാകുന്നിടത്ത് ജനാധിപത്യം തളരുകയും ഏകാധിപത്യ പ്രവണതകള്‍ ശക്തിപ്പെടുകയും ചെയ്യും.
അതേസമയം മാധ്യമങ്ങള്‍ക്കും ആത്മപരിശോധന ആവശ്യമാണ്. ഭരണകൂടത്തിന്റെ ഓരോ തീരുമാനത്തിലും പ്രവര്‍ത്തനത്തിലും സംശയം മാത്രം കാണുന്നതും വിമര്‍ശനത്തെ വാര്‍ത്തകളുടെ ഏകലക്ഷ്യമാക്കുന്നതും ആരോഗ്യകരമല്ല. വ്യക്തിപരമായ ആരോപണങ്ങളെ വസ്തുതാപരിശോധന കൂടാതെ വാര്‍ത്തയാക്കുന്നതും തലക്കെട്ടിലൂടെ തെറ്റായ ധാരണ സൃഷ്ടിക്കുന്നതും സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ വിവരങ്ങളെ വാര്‍ത്തയായി അവതരിപ്പിക്കുന്നതും ജനാധിപത്യപരമായ മാധ്യമ പ്രവര്‍ത്തനത്തിന് ഭീഷണിയാണ്. റേറ്റിംഗിനു വേണ്ടിയുള്ള മത്സരത്തിൽ വസ്തുതകള്‍ പരിശോധിക്കാതെ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും മാധ്യമങ്ങളുടെ വിശ്വാസ്യതയെ സാരമായി ബാധിക്കും. മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നതു പോലെ ഉത്തരവാദിത്വവുമുണ്ട്.
Content Highlights: V D Satheesan criticized media practices at the Senior Journalists Forum event in Kollam. The editorial highlights the importance of press freedom and government accountability in a functioning democracy. It also urges media houses to practice ethical journalism and avoid sensationalism for ratings.




