Home rss national malayalam പുതിയ വാർത്ത കെ എസ് ആര്‍ ടി സി ‘റീഫര്‍ബിഷ്മെന്റ് പദ്ധതി’യുടെ ആദ്യഘട്ടം പൂര്‍ത്തിയായി; 14 ബസുകള്‍ നാളെ...

കെ എസ് ആര്‍ ടി സി ‘റീഫര്‍ബിഷ്മെന്റ് പദ്ധതി’യുടെ ആദ്യഘട്ടം പൂര്‍ത്തിയായി; 14 ബസുകള്‍ നാളെ നിരത്തിലേക്ക്

4
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | കെ എസ് ആര്‍ ടി സിയുടെ വാഹനശേഷി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന ബസ് ‘റീഫര്‍ബിഷ്മെന്റ്’ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയ 14 ബസുകളുടെ ഫ്ളാഗ് ഓഫ് നാളെ (ആഗസ്റ്റ് 13, വ്യാഴം) നടക്കും.

കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയില്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്ന പഴയ ബസുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ വിവിധ ഭാഗങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി മികച്ച നിലവാരത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. നിലവില്‍ ബി എസ് മൂന്ന്, ബി എസ് നാല് വിഭാഗങ്ങളില്‍പ്പെടുന്ന ബസുകളാണ് റീഫര്‍ബിഷ് ചെയ്യുന്നത്. ബസുകളുടെ അകവും പുറവും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനൊപ്പം വാഹനങ്ങളുടെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍, സീറ്റുകള്‍, ലൈറ്റിങ്, തറ, ജനലുകള്‍ തുടങ്ങിയവയെല്ലാം പ്രത്യേകമായി പരിശോധിച്ച് നവീകരിക്കും.

മലിനീകരണം ഗണ്യമായി കുറയും
റീഫര്‍ബിഷ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബസുകളുടെ എന്‍ജിന്റെ പ്രവര്‍ത്തന നിലവാരവും പ്രത്യേകം പരിശോധിക്കുന്നുണ്ട്. പ്രകടനത്തില്‍ പിന്നാക്കം നില്‍ക്കുന്ന എന്‍ജിനുകള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി റീകണ്ടീഷന്‍ ചെയ്യും. ഇത്തരത്തില്‍ റീകണ്ടീഷനിങ് നടത്തിയ ബസുകളില്‍ മലിനീകരണ തോത് 80 മുതല്‍ 85 ശതമാനം വരെ കുറഞ്ഞതായി പരിശോധനാ ഫലങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഇത് വാഹനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം മലിനീകരണം കുറക്കാനും സഹായകമാണ്.

യാത്രാസേവന നിലവാരം ഉയരും
മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകളെ പുനരുജ്ജീവിപ്പിച്ച് കൂടുതല്‍ കാലം സര്‍വീസില്‍ നിലനിര്‍ത്താന്‍ പദ്ധതിയിലൂടെ സാധിക്കും. പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം തന്നെ കെ എസ് ആര്‍ ടി സിയുടെ നിലവിലെ വാഹനശേഷി പരമാവധി ഫലപ്രദമായി ഉപയോഗിക്കാനും ബസുകളുടെ ഉപയോഗകാലം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. നവീകരിച്ച ബസുകള്‍ ആകര്‍ഷകമായ രൂപത്തിലും മെച്ചപ്പെട്ട സൗകര്യങ്ങളിലുമാണ് നിരത്തിലിറങ്ങുന്നത്. കെ എസ് ആര്‍ ടി സിയുടെ സേവന നിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ഇത് വഴിയൊരുക്കും. നിലവിലുള്ള വാഹനശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി ബസ് ഫ്‌ലീറ്റിന്റെ കാര്യക്ഷമത, വിശ്വാസ്യത, സുരക്ഷ, യാത്രാസൗകര്യം എന്നിവ ഉയര്‍ത്തുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് റീഫര്‍ബിഷ്മെന്റ് പദ്ധതി. ലഭ്യമായ വിഭവങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി മികച്ച പൊതുഗതാഗതം ഉറപ്പാക്കാനുള്ള കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍.

Content Highlights:
The first phase of KSRTC’s refurbishment project is now complete, bringing upgraded vehicles to passengers. A total of 14 modernized buses will be rolled out on Kerala roads starting tomorrow. This initiative aims to improve public transport comfort and revitalize the state transport system.