Source :- SIRAJLIVE NEWS
ദേശീയ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തോടും ജനതയോടുമുള്ള വിവേചനവും പ്രാദേശിക അധിക്ഷേപവും വീണ്ടും ചര്‍ച്ചയാകുകയാണ്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെതിരെ ബി ജെ പി. എം പി സുഷ്മിതാ ദേവിന്റെ “ലുങ്കിവാല’ പ്രയോഗമാണ് വിവാദത്തിനു വഴിയൊരുക്കിയത്. സുഷ്മിതാ ദേവിന്റെ അനുചിതവും വംശീയവുമായ ഈ പ്രയോഗത്തിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ദക്ഷിണേന്ത്യക്കാരോടുള്ള സംഘ്പരിവാറുകാരുടെ വംശീയ, പ്രാദേശിക വിദ്വേഷം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ഇതാദ്യമായല്ല ദക്ഷിണേന്ത്യക്കാരെ കൊള്ളാത്തവരായി ചിത്രീകരിക്കുന്ന ബി ജെ പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രയോഗങ്ങള്‍. 2017ല്‍ അന്താരാഷ്ട്ര വാര്‍ത്താ ചാനലായ “അല്‍ജസീറ’യിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെ ബി ജെ പി മുൻ എം പിയും പ്രമുഖ നേതാവുമായ തരുണ്‍ വിജയ് നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. “ഞങ്ങള്‍ വംശീയവാദികളാണെങ്കില്‍ തമിഴ്‌നാടും കേരളവും കര്‍ണാടകയും ആന്ധ്രയുമടങ്ങുന്ന ദക്ഷിണേന്ത്യക്കാരായ കറുത്ത നിറമുള്ള ആളുകള്‍ക്കൊപ്പം എങ്ങനെ ജീവിക്കു’മെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം വംശീയ വിദ്വേഷത്തിന്റെ രൂക്ഷ ഭാഷയായിരുന്നു. പാര്‍ലിമെന്റില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ തരുണ്‍ വിജയ്ക്ക് മാപ്പ് പറയേണ്ടി വരികയും ചെയ്തു.
ദേശീയതലത്തില്‍ ചില ബി ജെ പി നേതാക്കള്‍ ഹിന്ദി ഭാഷയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിനിടെ ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കാറുണ്ട്. ദക്ഷിണേന്ത്യയിലെ പരമ്പരാഗത വസ്ത്രധാരണ രീതികളെയും ഭക്ഷണ രീതികളെയും “അപരിഷ്‌കൃത’മായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ ഉത്തരേന്ത്യന്‍ നേതാക്കളുടെയും ഐ ടി സെല്ലുകളുടെയും ഭാഗത്ത് നിന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും തുല്യമായ അന്തസ്സ് ഉറപ്പ് നല്‍കുന്നുണ്ട്. ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ ഒരാളെ താഴ്ത്തിക്കാണിക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്തതാണ്. പ്രത്യേകിച്ച് നിയമനിര്‍മാണ സഭയില്‍ അത്തരമൊരു പ്രയോഗമുണ്ടാകുമ്പോള്‍ ഗൗരവം വര്‍ധിക്കുന്നു.
പാര്‍ലിമെന്റ് രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ വേദിയാകാം. പ്രാദേശികമായ പരിഹാസത്തിന്റെയും സാംസ്‌കാരിക അവഹേളനത്തിന്റെയും വേദിയാകരുത്. ലുങ്കി അല്ലെങ്കിൽ മുണ്ട് ഒരു സാധാരണ ഇന്ത്യന്‍ വസ്ത്രമാണ്. ദക്ഷിണേന്ത്യയിലെ കോടിക്കണക്കിനാളുകള്‍ ദൈനംദിന ജീവിതത്തില്‍ ധരിക്കുന്ന, അവരുടെ കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രയിലെയും പരമ്പരാഗത വസ്ത്രധാരണ രീതികള്‍ ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഭാഗമാണ്. ലുങ്കി ഒരു വ്യക്തിയെ താഴ്ത്തിക്കെട്ടാനുള്ള വിശേഷണമാക്കുമ്പോള്‍ പരിഹസിക്കപ്പെടുന്നത് ആ വസ്ത്രം മാത്രമല്ല, അത് ഉപയോഗിക്കുന്ന മനുഷ്യരും പ്രദേശവും ജീവിത രീതിയും സംസ്‌കാരവുമാണ്. ഒരു ജനവിഭാഗത്തിന്റെ ആത്മാഭിമാനത്തെയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നത്.
ഉത്തരേന്ത്യന്‍ സാംസ്‌കാരിക ബോധത്തെ മാത്രം ദേശീയതയുടെ അളവുകോലായി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. അതില്‍ ഉള്‍പ്പെടാത്ത സാംസ്‌കാരിക അടയാളങ്ങളെയെല്ലാം അന്യവത്കരിക്കാനും അപരിഷ്‌കൃതമായി ചിത്രീകരിക്കാനുമുള്ള വടക്കന്‍ ആധിപത്യ ചിന്താഗതിയുടെ ആവര്‍ത്തനം. സാമ്പത്തികതലത്തിലും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന അവഗണനക്കു പുറമെയാണ് ഇത്തരം സാംസ്‌കാരിക കടന്നു കയറ്റങ്ങള്‍.
ദക്ഷിണേന്ത്യന്‍ അതിര്‍ത്തി രേഖയില്‍ അവസാനിക്കുന്നില്ല ഇന്ത്യ. കേരളവും തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും തെലങ്കാനയും ഇന്ത്യയുടെ ഭാഗമാണെന്നു മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക വളര്‍ച്ചയില്‍ ഈ സംസ്ഥാനങ്ങളുടെ പങ്ക് നിര്‍ണായകവുമാണ്. രാജ്യത്തിന്റെ ഐ ടി മേഖലയിലെ ശക്തികേന്ദ്രങ്ങളില്‍ ബെംഗളൂരുവുണ്ട്. വ്യവസായത്തിലും വാഹന നിര്‍മാണത്തിലും തമിഴ്‌നാട് മുന്‍നിരയിലാണ്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിന്റെ മുന്നേറ്റം രാജ്യാന്തരതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ബഹിരാകാശ ഗവേഷണത്തിലും പ്രതിരോധ- സാങ്കേതിക വിദ്യയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുന്നു. രാജ്യത്തിന്റെ നികുതി വരുമാനത്തിലും തൊഴില്‍ വിപണിയിലും മനുഷ്യ വിഭവശേഷിയിലും ദക്ഷിണേന്ത്യയുടെ പങ്ക് ചെറുതല്ല. തലസ്ഥാനം ഡല്‍ഹിയാണെങ്കിലും ഇന്ത്യയുടെ സംസ്‌കാരം ഡല്‍ഹിയിലോ ഉത്തരേന്ത്യയിലോ ഒതുങ്ങുന്നതല്ല.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും കച്ച് മുതല്‍ കോഹിമ വരെയുമുള്ള നിരവധി ജീവിത രീതികളുടെയും സംസ്‌കാരങ്ങളുടെയും കൂട്ടായ്മയാണ് ഇന്ത്യ.
ലുങ്കി വിവാദത്തിലെ മുഖ്യ കഥാപാത്രം ബി ജെ പി. എം പിയായതിനാല്‍ പാര്‍ട്ടിക്ക് ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ദേശീയ ഐക്യത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്നവരാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടി ജനപ്രതിനിധികളിലും അവരുടെ സംസാരങ്ങളിലും വേണം ഈ ഐക്യബോധം.
സുഷ്മിതാ ദേവിന്റെ ലുങ്കി പരാമര്‍ശത്തെ അപലപിക്കാനും തിരുത്തിക്കാനും പാര്‍ട്ടി തയ്യാറാകണം. നേരത്തേ തരുണ്‍വിജയ് ദക്ഷിണേന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചപ്പോള്‍ തലമുതിര്‍ന്ന ബി ജെ പി നേതാവ് രാജ്‌നാഥ് സിംഗ് അതിനെ വിമര്‍ശിച്ചത് പ്രസ്താവ്യമാണ്. സംസാരത്തില്‍ അപമര്യാദ സംഭവിച്ചാല്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ല, ഖേദപ്രകടനം നടത്തുകയാണ് ജനാധിപത്യ രീതിയും മര്യാദയും.
Content Highlights:
John Brittas moved a breach of privilege notice in Rajya Sabha against BJP MP Sushmita Deb for her racist lungi remark. The insult highlights the ongoing cultural and regional bias faced by South Indians. The article stresses that South India plays a vital role in nation building and diversity.




