Home rss national malayalam പുതിയ വാർത്ത ഇറ്റലിയിൽ 91 ലക്ഷം ഡോളർ വിലമതിക്കുന്ന ആഡംബര നൗക കടലിൽ മുങ്ങി; 14 പേർക്ക് അത്ഭുതകരമായ...

ഇറ്റലിയിൽ 91 ലക്ഷം ഡോളർ വിലമതിക്കുന്ന ആഡംബര നൗക കടലിൽ മുങ്ങി; 14 പേർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ

4
0

Source :- SIRAJLIVE NEWS

ഇറ്റലി | ഉടമസ്ഥന് കൈമാറി വെറും നാല് ദിവസത്തിനുള്ളിൽ 91 ലക്ഷം ഡോളർ വിലയുള്ള ആഡംബര നൗക വൻ തീപിടിത്തത്തെ തുടർന്ന് കടലിൽ മുങ്ങി. ഇറ്റലിയിലെ സർദീനിയയിലുള്ള പോർട്ടോ ചെർവോ തീരത്തിന് സമീപമാണ് അങ്കിയോള II (Angiola II) എന്ന 98 അടി നീളമുള്ള ആഡംബര ബോട്ട് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് 14 യാത്രക്കാരും ജീവനക്കാരും നൗകയിൽ ഉണ്ടായിരന്നു. ഇവരെ രക്ഷപ്പെടുത്തി. ഇവർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എഞ്ചിൻ തകരാറിനെ (Engine Failure) തുടർന്നുണ്ടായ തീപിടിത്തമാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. വൻ തീപിടിത്തത്തിന് പിന്നാലെ ഉള്ളിലേക്ക് വെള്ളം കയറുകയും നൗക ഒരു വശത്തേക്ക് ചരിഞ്ഞ് കടലിൽ താഴുകയുമായിരുന്നു. നൗക മെഡിറ്ററേനിയൻ കടലിൽ (Mediterranean Sea) സാവധാനം മുങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സമീപത്തുണ്ടായിരുന്ന മറ്റൊരു നൗകയിലാണ് ഭൂരിഭാഗം പേരെയും രക്ഷപെടുത്തിയത്. പേര് വെളിപ്പെടുത്താത്ത ഇറ്റാലിയൻ വ്യവസായിയായ ഉടമസ്ഥനാണ് ഏറ്റവും ഒടുവിൽ നൗകയിൽ നിന്നും പുറത്തുകടന്നത്. തുടർന്ന് ഇറ്റാലിയൻ അധികൃതർ (Italian Authorities) എത്തി ഇവരെ സുരക്ഷിതമായി കരയിലെത്തിച്ചു.

സർദീനിയയിലെ പ്രശസ്തമായ കോസ്റ്റ സ്മറെൽഡയിലെ എൽ ഇസൊള ഡീ കപ്പുച്ചിനിക്കും കാപോ ഫെറോയ്ക്കും ഇടയിലുള്ള കടലിൽ ഏകദേശം 23 അടി (7 മീറ്റർ) താഴ്ചയിലാണ് നൗക പൂർണ്ണമായി മുങ്ങിയത്. നിലവിൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന നൗകയിൽ നിന്ന് ഇന്ധന ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

2020 ൽ ഇറ്റാലിയൻ കപ്പൽ നിർമ്മാതാക്കളായ പെർമേർ (Permare) നിർമ്മിച്ച ആമർ എഫ് 100 (Amer F100) വിഭാഗത്തിൽപ്പെട്ടതാണ് അങ്കിയോള II. അഞ്ച് കേബിനുകളിലായി 10 അതിഥികളെയും 5 ജീവനക്കാരെയും ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ട്. നാല് എഞ്ചിനുകളുള്ള ഈ യാച്ചിന് മണിക്കൂറിൽ 28 നോട്ട്സ് (28 Knots) അല്ലെങ്കിൽ 52 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.

സംഭവത്തിൽ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഞ്ചിൻ തകരാറിലേക്കും തീപിടിത്തത്തിലേക്കും നയിച്ച കാരണങ്ങളാണ് അന്വേഷിക്കുന്നത്. കടലിൽ മുങ്ങിയ യാച്ച് പുറത്തെടുക്കുന്നതിനായി 220 ടൺ ശേഷിയുള്ള പോണ്ടൂൺ ബോട്ട് വിന്യസിക്കാൻ അധികൃതർ തയ്യാറെടുക്കുകയാണ്.

Content Highlights

A $9.1 million luxury yacht, Angiola II, sank off Sardinia, Italy, just four days after delivery. An engine failure sparked a fire, but all 14 people aboard were rescued safely. Authorities are investigating.