Home rss national malayalam പുതിയ വാർത്ത ഓണം കളറാകും; ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; സൗജന്യ ഓണക്കിറ്റ് വിതരണം തകൃതി; ആനുകൂല്യങ്ങൾക്കായി...

ഓണം കളറാകും; ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; സൗജന്യ ഓണക്കിറ്റ് വിതരണം തകൃതി; ആനുകൂല്യങ്ങൾക്കായി തുക വകയിരുത്തി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കനത്ത ധനപ്രതിസന്ധിക്കിടയിലും ഓണാഘോഷങ്ങൾ പ്രമാണിച്ച് സംസ്ഥാനത്ത് വിവിധ ക്ഷേമ പെൻഷനുകളും ബോണസുകളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി തുക വകയിരുത്തി. സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. 1105 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 മുതൽ വിതരണം ചെയ്യേണ്ട പെൻഷനാണ് ഓണം കണക്കിലെടുത്ത് നേരത്തെ നൽകുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാ പെൻഷനായി 59,00,472 ഗുണഭോക്താക്കൾക്കായി സംസ്ഥാന വിഹിതമായ 951 കോടി 40 ലക്ഷം രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ നൽകുന്ന 16 ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി 130 കോടി 32 ലക്ഷം രൂപയും ദേശീയ സാമൂഹ്യ സഹായ പദ്ധതി വഴി 8,46,456 പേർക്കായി കേന്ദ്ര-സംസ്ഥാന വിഹിതമായ 24.76 കോടി രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും പ്രഖ്യാപിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് 3000 രൂപ ഉത്സവബത്തയും പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസും സർവീസ് പെൻഷൻകാർക്ക് 1250 രൂപ ബോണസും ആശാ, അങ്കണവാടി പ്രവർത്തകർക്ക് 1450 രൂപ ഉത്സവബത്തയും ലഭിക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്കായി 630 കോടി 5 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. അങ്കണവാടി പെൻഷൻകാരുടെ ജൂലൈ 31 വരെയുള്ള മുഴുവൻ കുടിശികയും തീർപ്പാക്കാൻ 24 കോടി രൂപ കൂടി അനുവദിച്ച് ആകെ 34 കോടി രൂപ നൽകി.

പിന്നോക്ക വിഭാഗ സ്കോളർഷിപ്പിന്റെ കുടിശിക തീർക്കുന്നതിന് 310 കോടി രൂപയും ആരോഗ്യ മേഖലയിലെ കാസ്, ആരോഗ്യകിരണം പദ്ധതികളിലെ ബാധ്യതകൾ തീർക്കാൻ 200 കോടി രൂപയും സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പി ആർ എസ് കുടിശിക തീർക്കാൻ 150 കോടി രൂപയും അനുവദിച്ചു. സപ്ലൈകോയ്ക്ക് സബ്സിഡി ഇനത്തിൽ 53 കോടി രൂപയും കൺസ്യൂമർഫെഡിന് 25 കോടി രൂപയും മുൻകൂറായി നൽകി.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ വീതം നൽകാൻ 44.24 കോടിയും അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് 85 ലക്ഷം രൂപയും സ്കൂൾ പാചക തൊഴിലാളികളുടെ വേതനത്തിനായി 44 കോടി രൂപയും ലോട്ടറി ഏജന്റുമാരുടെ ക്ഷേമത്തിനായി 16.47 കോടി രൂപയും എൻഡോസൽഫാൻ ദുരിതബാധിതർക്കായി 14.04 കോടി രൂപയും അനുവദിച്ചു.

പട്ടികവർഗ്ഗ വിഭാഗത്തിൽ 60 വയസ്സിന് മുകളിലുള്ള 52,826 പേർക്ക് ഒരാൾക്ക് 1000 രൂപ നിരക്കിൽ ഓണക്കോടി നൽകാൻ 5.28 കോടി രൂപ അനുവദിച്ചു. സ്പോർട്സ് കൗൺസിലിലെ കരാർ ജീവനക്കാരുടെ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ശമ്പളകുടിശിക നൽകാൻ 1.5 കോടി രൂപ നൽകി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്ത, കിറ്റ്, എക്സ്ഗ്രേഷ്യ ആശ്വാസമായി 2000 രൂപ, 1000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകൾ എന്നിവ നൽകാൻ 20 മുതൽ 21 ലക്ഷം രൂപ വരും.

കിടപ്പിലായ രോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കുള്ള ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയാക്കി ഉയർത്തി. കൈത്തറി സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി പ്രവർത്തനങ്ങൾക്കായി നെയ്ത്തുകൂലി ഉൾപ്പെടെ 30 കോടി രൂപ റിലീസ് ചെയ്തു.

സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി 6,02,650 കിറ്റുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഇതിൽ 3,06,092 കിറ്റുകൾ റേഷൻ കടകളിൽ എത്തിയെന്നും 75,885 കാർഡുടമകൾ കൈപ്പറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മാവേലി സ്റ്റോറുകളിൽ 13 നിത്യോപയോഗ സബ്സിഡി സാധനങ്ങളും ലഭ്യമാണ്. സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 249 രൂപയിൽ നിന്ന് 229 രൂപയായി കുറച്ചു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്സിഡി സാധനങ്ങൾ റേഷൻ കാർഡ് ഉപയോഗിച്ച് ഇപ്പോൾ ഒരുമിച്ച് വാങ്ങാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി ഷിപ്പ്‌യാർഡിന് 18.16 ഏക്കർ ഭൂമി പാട്ടത്തിന് നൽകാനും 5000 കോടി രൂപയുടെ വികസന പദ്ധതി നടപ്പിലാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി നഗരത്തോട് ചേർന്നുള്ള തുരുത്തിൽ 18.16 ഏക്കർ ഭൂമിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഷിപ്പ് ബ്ലോക്ക് നിർമാണത്തിന് നൽകുന്നത്. 5000 കോടി രൂപയുടെ നിക്ഷേപം വഴി 2000 പേർക്ക് നേരിട്ടും നിരവധിയാളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. വാർഷിക ലീസായി 1.45 കോടി രൂപയും ജി എസ് ടി ഉൾപ്പെടെ 1.70 കോടി രൂപയും സർക്കാരിന് ലഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Content Highlights:
The Kerala government has announced major financial allocations for Onam including welfare pensions, bonuses, and festival allowances. Over 1105 crore rupees released for social security pensions starting August 19. Government employees to get 4500 rupees bonus and 20,000 rupees advance. Additionally, Cochin Shipyard gets land lease for 5000 crore investment project.