Source :- SIRAJLIVE NEWS
തിരുവല്ല | ദേവസ്വത്തിന്റെ പരാതിയില്‍ തിരുവല്ലയില്‍ സിനിമാ തിയേറ്റര്‍ ജപ്തി ചെയ്തു. തിരുവല്ല കാവുംഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന പാലിയേക്കര കുറുന്തയില്‍ വീട്ടില്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള ജേക്കബ്സ് തിയേറ്ററാണ് തിരുവല്ല മുന്‍സിഫ് കോടതി ജപ്തി ചെയ്ത് ഉത്തരവിറക്കിയത്.
തിയേറ്റര്‍ നിലനിന്നിരുന്ന 35 സെന്റ് വസ്തുവിന്റെ കൈവശാവകാശം സംബന്ധിച്ച് കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്ര ദേവസ്വം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിയേറ്റര്‍ സ്ഥാപിച്ചിരുന്ന സ്ഥലം ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന് കോടതി ഉത്തരവിറക്കി. ഇതോടൊപ്പം തിയേറ്റര്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ പ്രതിമാസം 52,000 രൂപ നഷ്ടമെന്ന നിലയില്‍ ദേവസ്വത്തിന് കൈമാറണമെന്നും ഭൂമി നിരുപാധികം വിട്ടൊഴിയണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ഇക്കാലയളവില്‍ ദേവസ്വത്തിന് കൈമാറേണ്ടിയിരുന്ന 49,87,500 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് തിയേറ്റര്‍ കോടതി ജപ്തി ചെയ്തത്. ദേവസ്വത്തിനു വേണ്ടി അഡ്വ. ഡി ശ്രീകുമാര്‍ ഹാജരായി.



