Home rss national malayalam പുതിയ വാർത്ത നീറ്റ് പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് അതിക്രമം; അന്വേഷണത്തിന് അഞ്ചംഗ ഉന്നതതല വിദഗ്ധ സമതി രൂപികരിച്ച് സുപ്രീം കോടതി

നീറ്റ് പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് അതിക്രമം; അന്വേഷണത്തിന് അഞ്ചംഗ ഉന്നതതല വിദഗ്ധ സമതി രൂപികരിച്ച് സുപ്രീം കോടതി

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറിലും മറ്റ് സംസ്ഥാനങ്ങളിലും സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് അമിതമായി ബലം പ്രയോഗിച്ചെന്ന ആരോപണങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീം കോടതി അഞ്ചംഗ ഉന്നതതല വിദഗ്ധ സമിതിയെ രൂപീകരിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷന്‍.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് സമിതിയെ നിയമിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശാലിന്ദര്‍ കൗര്‍, സിബിഐ മുന്‍ ഡയറക്ടര്‍ റിഷി കുമാര്‍ ശുക്ല, റിട്ടയേര്‍ഡ് മേഘാലയ ഡി ജി പി. എല്‍ ആര്‍ ബിഷ്‌നോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

വനിതാ സമരക്കാരുടെ നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങളും പീഡന ആരോപണങ്ങളും പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ ഗുരുതര പരുക്കേറ്റവരുടെ കാര്യങ്ങളും സമിതി മുന്‍ഗണനാക്രമത്തില്‍ അന്വേഷിക്കും.

അന്വേഷണം സുതാര്യമാക്കുന്നതിനായി സി സി ടി വി ദൃശ്യങ്ങള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, ബോഡി-കാം ദൃശ്യങ്ങള്‍, പി സി ആര്‍ കോള്‍ രേഖകള്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു.

കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ (ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരൊഴികെ) ഉടന്‍ മോചിപ്പിക്കാന്‍ കോടതി ആവര്‍ത്തിച്ചു നിര്‍ദ്ദേശിച്ചു.

പെല്ലറ്റ് ഗണ്ണുകള്‍, ഇലക്ട്രിക് ബാറ്റണുകള്‍, കണ്ണീര്‍വാതകം എന്നിവയുടെ അമിത ഉപയോഗം സമിതി അന്വേഷിക്കും. ഗുരുതര പരുക്കുകള്‍ക്ക് കാരണമാകുന്ന മ്യൂട്ടിലിറ്റി പെല്ലറ്റുകള്‍ നിരോധിക്കേണ്ടതുണ്ടോ എന്നും പരിശോധിക്കും.അറസ്റ്റ് വേളയിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുമ്പോഴും പോലീസുകാര്‍ യൂണിഫോമും വ്യക്തമായ നെയിംപ്ലേറ്റും ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നത് സമിതി പരിഗണിക്കും.

സമരക്കാരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്നും പോലീസിനെ വിലക്കിയിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിനായി കാക്കാതെ തന്നെ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജന്റാ പാര്‍ട്ടി’യുടെ നേതൃത്വത്തില്‍ ജൂലൈ 20നായിരുന്നു പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷങ്ങളും അറസ്റ്റുകളും നടന്നിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍.

Content Highlights: The Supreme Court has set up a five-member expert committee headed by retired Justice R Subhash Reddy to investigate allegations of excessive police force against NEET paper leak protesters. The panel will examine police violence, lathicharge, sexual harassment claims, and use of pellet guns.