Source :- SIRAJLIVE NEWS
മുംബൈ | പഞ്ചസാരയില്ലാത്ത ചായയും കാപ്പിയും കുടിച്ചതുകൊണ്ട് മാത്രം പ്രമേഹം (Diabetes Prevention) കുറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നാൽ നിങ്ങൾക്ക് തെറ്റിയെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. ചായയിലും കാപ്പിയിലും മധുരം ഒഴിവാക്കിയത് കൊണ്ട് മാത്രം പ്രമേഹത്തിൽ നിന്ന് പൂർണ്ണമായി സംരക്ഷണം ലഭിക്കില്ലെന്ന് മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റ് ഡോക്ടർ ഷെഹ്ല ഷെയ്ഖ് പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിലെ പഞ്ചസാരയേക്കാൾ മറ്റ് പല ജീവിതശൈലി ഘടകങ്ങൾക്കും വലിയ പങ്കുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് അധികമാരും ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം.
തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് പ്രമേഹ സാധ്യത വലിയ തോതിൽ വർദ്ധിപ്പിക്കും. ദിവസവും ഒരു മണിക്കൂർ അധികമായി ഇരുന്ന് ജോലി ചെയ്യുന്നത് പ്രമേഹ സാധ്യത 22 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പേശികളുടെ ചലനം കുറയുമ്പോൾ ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ ശരീരത്തിന് കഴിയാതെ വരികയും, ഇത് ഇൻസുലിൻ റെസിസ്റ്റൻസിന് (Insulin Resistance) വഴിതെളിക്കുകയും ചെയ്യുമെന്നതാണ് ഇതിന് കാരണം.
ഉറക്കമില്ലായ്മയും കടുത്ത മാനസിക സമ്മർദ്ദവും പ്രമേഹത്തിന് പ്രധാന കാരണങ്ങളാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുന്നത് ഇൻസുലിൻ ഉത്പാദനം കുറയ്ക്കുകയും കോർട്ടിസോൾ (Cortisol) പോലുള്ള സ്ട്രെസ് ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കടുത്ത മാനസിക സമ്മർദ്ദം ടൈപ്പ് 2 പ്രമേഹ സാധ്യത (Type 2 Diabetes) രണ്ടുമുതൽ മൂന്ന് ഇരട്ടി വരെ വർദ്ധിപ്പിക്കും.
വിപണിയിൽ ലഭിക്കുന്ന ‘ഷുഗർ ഫ്രീ’ (Sugar-free) ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമല്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു. ഇത്തരം ഉൽപ്പന്നങ്ങളിൽ ശുദ്ധീകരിച്ച മൈദ, പ്രൊസസ്സ് ചെയ്ത എണ്ണകൾ എന്നിവ അടങ്ങിയിരിക്കാം, ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയർത്തും.
ഫൈബർ (Fiber), പ്രോട്ടീൻ (Protein) എന്നിവ അടങ്ങിയ സമീകൃത ആഹാരം കഴിക്കുക, ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക, വ്യായാമം ചെയ്യുക എന്നിവയിലൂടെ മാത്രമേ പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കൂവെന്നാണ് വിധഗ്ദർ വ്യക്തമാക്കുന്നത്.
Content Highlights
Many people believe that drinking tea or coffee without sugar is enough to prevent diabetes, but experts warn this is incomplete. Prolonged sitting increases diabetes risk by 22% per hour, while chronic stress and poor sleep drastically affect insulin sensitivity. Additionally, processed “sugar-free” foods can still spike blood glucose. True prevention requires a overall healthy lifestyle with fiber-rich diets, exercise, and 7-8 hours of quality sleep.



