Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരങ്ങളായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് ലോക റാങ്കിംഗില്‍ വന്‍ മുന്നേറ്റം. ഏറ്റവും പുതിയ റാങ്കിംഗ് പട്ടിക പ്രകാരം 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇവര്‍ 27-ാം സ്ഥാനത്തെത്തി. 39ല്‍ നിന്നാണ് ഇരുവരും 27ലേക്ക് ഉയര്‍ന്നത്. അടുത്തിടെ സമാപിച്ച ബി ഡബ്ല്യു എഫ് (ആണഎ) ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെയാണ് ഈ നേട്ടം. ഇരുവരുടെയും ആകെ പോയിന്റ് നേട്ടം 44,192 ആയി. കഴിഞ്ഞാഴ്ചയിലെ റാങ്കിംഗില്‍ 33,692 പോയിന്റായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ വരെ മുന്നേറാന്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് കഴിഞ്ഞിരുന്നു. 2011-ല്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയതിന് ശേഷം ഈ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഡബിള്‍സ് ജോഡിയായി ഇവര്‍ മാറി.
ഇത്തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലാം സീഡുകാരായ ചൈനീസ് സഖ്യം ജിയ യി ഫാന്‍-ഷാങ് ഷു സിയാന്‍ കൂട്ടുകെട്ടിനെ അട്ടിമറിക്കാന്‍ ട്രീസക്കും ഗായത്രിക്കും സാധിച്ചു. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്നാണ് അവര്‍ 16-21, 21-15, 21-13 എന്ന സ്‌കോറിന് മത്സരം സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു-ടാന്‍ നിംഗ് സഖ്യത്തിനെതിരെ ഒരു ഗെയിമിന് മുന്നിലെത്തിയെങ്കിലും, പിന്നീട് തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നഷ്ടപ്പെട്ടതോടെ അവര്‍ക്ക് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പുരുഷ സിംഗിള്‍സ് റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍
പുരുഷ സിംഗിള്‍സ് റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. റൗണ്ട് ഓഫ് 16-ല്‍ പുറത്തായെങ്കിലും റാങ്കിംഗില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്തോനേഷ്യന്‍ താരം ജോനാഥന്‍ ക്രിസ്റ്റി പുതിയ ലോക ഒന്നാം നമ്പര്‍ താരമായി. കഴിഞ്ഞാഴ്ച ഒന്നാമതുണ്ടായിരുന്ന ഷി യുക്കി, ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി ആറിലേക്ക് വീണു. കുന്‍ലവുത് വിറ്റിഡ്സാറണ്‍, ആന്‍ഡേഴ്‌സ് ആന്റണ്‍സണ്‍ എന്നിവരും യഥാക്രമം രണ്ട്, നാല് സ്ഥാനങ്ങളില്‍ നിന്ന് ഓരോ സ്ഥാനം വീതം പിന്നോട്ട് പോയി.
ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ക്രിസ്റ്റോ പോപോവ് മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി രണ്ടാമതെത്തിയപ്പോള്‍, ചൗ ടിയന്‍ ചെന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലിലേക്കെത്തി. പുതിയ ലോക ചാമ്പ്യനായ അലക്‌സ് ലാനിയര്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി ഏഴാമതെത്തി. ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തും ആയുഷ് ഷെട്ടി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 20-ാമതുമെത്തി.
Content Highlights: Indian women’s doubles duo Treesa Jolly and Gayatri Gopichand recorded a massive leap in the latest BWF world rankings. Their impressive surge comes after securing a historic bronze medal at the World Championships. The achievement marks a milestone performance for Indian badminton.




