Home rss business malayalam നേപ്പാൾ മിന്നൽ പ്രളയം: ഉത്തരാഖണ്ഡിലും ബിഹാറിലും അതീവ ജാഗ്രത; രക്ഷാപ്രവർത്തനത്തിന് ഇന്ത്യയുടെ പിന്തുണ

നേപ്പാൾ മിന്നൽ പ്രളയം: ഉത്തരാഖണ്ഡിലും ബിഹാറിലും അതീവ ജാഗ്രത; രക്ഷാപ്രവർത്തനത്തിന് ഇന്ത്യയുടെ പിന്തുണ

3
0

Source :- EVARTHA NEWS

നേപ്പാളിൽ ഉണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തെ തുടർന്ന് ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് അപകടകരമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ബിഹാറിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് ഒമ്പത് എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചപ്പോൾ, അതിൽ രണ്ട് ടീമുകളെ പശ്ചിമ ചമ്പാരൻ, മുസാഫർപൂർ ജില്ലകളിലേക്ക് അടിയന്തരമായി അയച്ചു. ഉത്തർപ്രദേശിൽ ആകെ 11 എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കുഷിനഗറിലേക്കും മഹാരാജ്‌ഗഞ്ച് ജില്ലയിലേക്കും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഹാറിലെ ഗണ്ഡക് നദീതീര മേഖലകളിൽ നിന്ന് രാത്രി തന്നെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

നേപ്പാളിലെ പ്രളയത്തിന്റെ പ്രത്യാഘാതങ്ങൾ ബിഹാറിനെയും ഉത്തർപ്രദേശിനെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇതിന്റെ ഭാഗമായി ബിഹാറിലെ വാൽമീകിനഗർ ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നു.

ഇതിനിടെ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 160 കടന്നതായി റിപ്പോർട്ടുകളുണ്ട്. കാണാതായവരുടെ എണ്ണവും ഉയരുകയാണ്. 133 ഇന്ത്യക്കാർ ഉൾപ്പെടെ 384 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. ആകെ കാണാതായവരിൽ 291 വിദേശ പൗരന്മാരും 93 നേപ്പാൾ സ്വദേശികളുമാണ്. ദുരന്തത്തിൽ 19 പാലങ്ങളും ഏകദേശം 40 കിലോമീറ്റർ റോഡുകളും തകർന്നിട്ടുണ്ട്.

മഴയില്ലാത്ത സാഹചര്യത്തിലും നദികൾ പെട്ടെന്ന് കരകവിഞ്ഞൊഴുകി മിന്നൽ പ്രളയം രൂപപ്പെട്ടതിന് പിന്നിൽ ‘ഗ്ലോഫ്’ (Glacial Lake Outburst Flood – GLOF) എന്ന ഹിമതടാക വിസ്ഫോടന പ്രതിഭാസമാണെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക വിലയിരുത്തൽ. ഹിമാലയൻ മേഖലയിൽ രൂപംകൊള്ളുന്ന ഹിമതടാകങ്ങളുടെ കരകൾ തകർന്നതിനെ തുടർന്ന് വൻതോതിൽ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതാകാമെന്നാണ് നിഗമനം.

പ്രളയത്തിൽ നേപ്പാളിന്റെ പ്രധാന വ്യാപാര പാതകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും വ്യാപകമായി തകർന്നു. റസുവഗഡി, ടിമുറെ, സ്യാഫ്രുബെസി തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങൾ നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലായി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയായി 10 ടൺ സഹായ സാമഗ്രികളും അടിയന്തര മരുന്നുകളുമായി ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനം നേപ്പാളിലെത്തി. കൂടാതെ, വൻ രക്ഷാദൗത്യങ്ങൾക്കായി എംഐ-17, ധ്രുവ് ഹെലികോപ്റ്ററുകളും ഇന്ത്യ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്.