Home rss business malayalam ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് നേട്ടം; ചതയദിനത്തിൽ മാത്രം 8 കോടി രൂപ വരുമാനം

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് നേട്ടം; ചതയദിനത്തിൽ മാത്രം 8 കോടി രൂപ വരുമാനം

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഓണം സ്പെഷ്യൽ സർവീസുകളിലൂടെ കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷന് (കെഎസ്ആർടിസി) ഇത്തവണ മികച്ച സാമ്പത്തിക നേട്ടം. ചതയദിനമായ വെള്ളിയാഴ്ച മാത്രം എട്ട് കോടി രൂപ വരുമാനം നേടി കോർപ്പറേഷൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉത്രാടദിനത്തിൽ 21.45 ലക്ഷം യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്. ഇതിൽ 9.34 ലക്ഷം സ്ത്രീകൾ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി. ഉത്രാടദിനത്തിൽ മാത്രം 7.88 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ, 2.04 കോടി രൂപ മൂല്യമുള്ള സൗജന്യ ടിക്കറ്റുകളും വിതരണം ചെയ്തു.

കഴിഞ്ഞ വർഷത്തെ ഉത്രാടദിനവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായി. 2025ലെ ഉത്രാടദിനത്തിൽ 19.31 ലക്ഷം യാത്രക്കാരും 7.57 കോടി രൂപ വരുമാനവുമാണ് രേഖപ്പെടുത്തിയിരുന്നത്.

തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തിയപ്പോൾ 12.95 ലക്ഷം പേരാണ് യാത്ര ചെയ്തത്. അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി 19.91 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. കഴിഞ്ഞ വർഷം അവിട്ടം ദിനത്തിൽ 17.81 ലക്ഷം യാത്രക്കാരായിരുന്നു കെഎസ്ആർടിസിയെ ആശ്രയിച്ചത്.

ഓണക്കാല തിരക്ക് മുൻകൂട്ടി കണക്കിലെടുത്ത് അധിക സർവീസുകൾ ക്രമീകരിച്ചതും യാത്രക്കാരുടെ സൗകര്യങ്ങൾ പരിഗണിച്ച് ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് ഈ നേട്ടത്തിന് പ്രധാന കാരണങ്ങളെന്നാണ് കെഎസ്ആർടിസി വിലയിരുത്തുന്നത്. ഓണക്കാലത്ത് പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ജനകീയമാക്കാൻ സ്വീകരിച്ച നടപടികൾ മികച്ച ഫലമാണ് ഉണ്ടാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.