Home rss national malayalam പുതിയ വാർത്ത സുതാര്യമാകണം ആര്‍ ടി ഒ സേവനങ്ങള്‍

സുതാര്യമാകണം ആര്‍ ടി ഒ സേവനങ്ങള്‍

5
0

Source :- SIRAJLIVE NEWS

ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സേവനം ആവശ്യമായ മേഖലകളിലൊന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇടനിലക്കാരുടെ അനാവശ്യ ഇടപെടലും അഴിമതിയും ഏറ്റവും ഗ്രസിച്ച വകുപ്പുമാണിത്. സാധാരണ ഉദ്യോഗസ്ഥര്‍ക്ക് ലളിതമായി നല്‍കാന്‍ കഴിയുന്ന സേവനങ്ങള്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഏറ്റവും വലിയ ശാപം. ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ സാമ്പത്തിക ചൂഷണത്തിനു വിധേയരാകാത്ത വാഹന ഉടമകള്‍ നന്നേ വിരളം. ഇതിനൊരു പരിഹാരമായി സെപ്തംബര്‍ 20 മുതല്‍ 60 പരിവാഹന്‍ സേവനങ്ങള്‍ ആധാര്‍ ഒ ടി പി അധിഷ്ഠിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വഴിയുള്ള പരിശോധനയിലൂടെ അപേക്ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ പൂര്‍ണമായും ഓണ്‍ലൈനായി കാര്യങ്ങള്‍ നിര്‍വഹിക്കാനാകും.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ഭാഗമായി മാറിയ ഒരു സമാന്തര സാമ്പത്തിക ഘടനയാണ് ആര്‍ ടി ഒ ഓഫീസുകളിലെ അഴിമതി. ചുവപ്പുനാടകളുടെ കുരുക്കില്‍പ്പെട്ട് ദിവസങ്ങളോളം വലയുന്ന സാധാരണക്കാരന്റെ നിസ്സഹായതയാണ് കാലങ്ങളായി ആര്‍ ടി ഒ ഓഫീസുകളുടെ മുഖമുദ്ര. ഒരു സാധാരണക്കാരന് തനിക്കര്‍ഹതപ്പെട്ട സേവനത്തിനായി നേരിട്ട് ഓഫീസിലെത്തിയാല്‍ സമയബന്ധിതമായി അത് ലഭിക്കാറില്ല. അതേസമയം ഇടനിലക്കാരെ സമീപിച്ചാല്‍ ഫയലുകള്‍ക്ക് മാന്ത്രിക വേഗത കൈവരികയും ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാളും വലിയ തുക ഏജന്റുമാര്‍ക്ക് നല്‍കണമെന്നു മാത്രം. രേഖകള്‍ അപൂര്‍ണമായി അപ്്ലോഡ് ചെയ്ത് ബോധപൂര്‍വം അപേക്ഷകള്‍ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കിത്തരാമെന്നു പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം കൈക്കലാക്കുകയും ചെയ്യുന്ന ഏജന്റുമാരുമുണ്ട്. ഇവര്‍ കൈപറ്റുന്ന തുകയുടെ വലിയൊരു പങ്ക് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ വീതംവെക്കുകയാണെന്നത് പരസ്യമായ രഹസ്യം.

ഓട്ടോ ഡ്രൈവറായിരുന്ന മലപ്പുറത്തെ മുണ്ടുപറമ്പ് ഷൗക്കത്തിന്റെ ആത്മഹത്യ ഈ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണ്. മാസങ്ങളോളം ആര്‍ ടി ഓഫീസ് കയറിയിറങ്ങിയിട്ടും വാഹനത്തിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് ഷൗക്കത്ത് തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കൈക്കൂലി കൊടുക്കാത്തതാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കാരണമെന്നും ഏജന്റ് സംവിധാനമാണ് അഴിമതിയുടെ മുഖ്യകാരണമെന്നും ഇതവസാനിപ്പിച്ചാല്‍ 80 ശതമാനം അഴിമതി ഇല്ലാതാകുമെന്നും കുറിപ്പില്‍ പറയുന്നു. ഷൗക്കത്തിന്റെ ആത്മഹത്യയാണ് ആര്‍ ടി ഒയുടെ പുതിയ പരിഷ്‌കരണത്തിന്റെ പശ്ചാത്തലം.

സാധാരണക്കാരന്റെ ഇത്തരം പ്രയാസങ്ങള്‍ക്ക് അറുതി വരുത്താനും ആര്‍ ടി ഓഫീസുകളിലെ സേവനങ്ങള്‍ സുതാര്യമാക്കാനും ഇടനിലക്കാരുടെ സഹായമില്ലാതെ അപേക്ഷകര്‍ക്ക് ഓഫീസുമായി നേരിട്ട് ഇടപെടാനുമായി കേന്ദ്ര ഉപരിതല മന്ത്രാലയം ആര്‍ ടി ഒകളില്‍ ഡിജിറ്റല്‍ പദ്ധതിയായ പരിവാഹന്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് നിലവില്‍വന്നെങ്കിലും അപേക്ഷകള്‍ സമര്‍പ്പിച്ചതിനു ശേഷം അവയുടെ പ്രിന്റൗട്ടുകളും അനുബന്ധ രേഖകളുമായി ഓഫീസുകളില്‍ വീണ്ടും നേരിട്ടു ഹാജരാകേണ്ട അവസ്ഥയാണ്. ഇത് പിന്നെയും ഇടനിലക്കാര്‍ക്ക് ഇടപഴകാനുള്ള അവസരം സൃഷ്ടിച്ചു. മാത്രമല്ല, 21 ഇനങ്ങള്‍ക്ക് മാത്രമാണ് “പരിവാഹന്‍’ ബാധകമാക്കിയിരുന്നത്. സെപ്തംബര്‍ 20 മുതല്‍ ഇത് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കല്‍, വിലാസം മാറ്റല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം, എന്‍ ഒ സി സമ്പാദിക്കല്‍ തുടങ്ങി 60 ഇനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അപേക്ഷകന് നേരിട്ട് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥരെയോ ഇടനിലക്കാരെയോ കാണാതെ മൊബൈല്‍ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നതോടെ അഴിമതി ഏറെക്കുറെ തുടച്ചുമാറ്റപ്പെടുമെന്നാണ് പ്രതീക്ഷ.

അതേസമയം, സാങ്കേതികവിദ്യ എത്രത്തോളം വളര്‍ന്നാലും ഗ്രാമീണര്‍, പ്രായാധിക്യമുള്ളവര്‍ തുടങ്ങി ഇതേക്കുറിച്ച് വ്യക്തമായ ബോധമില്ലാത്ത വലിയൊരു വിഭാഗമുണ്ട് സമൂഹത്തില്‍. ഇവര്‍ സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെയോ ഓണ്‍ലൈന്‍ കഫേകളെയോ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും. ഈ കേന്ദ്രങ്ങള്‍ പഴയ ഇടനിലക്കാരുടെ പുതിയ രൂപങ്ങളായി മാറാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക നിരീക്ഷണവും ശ്രദ്ധയും ആവശ്യമാണ്. വ്യക്തി- ആധാര്‍- ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഈ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതും സര്‍ക്കാറിന്റെ ബാധ്യതയാണ്. ഡാറ്റാ ചോര്‍ച്ചയോ സൈബര്‍ ആക്രമണങ്ങളോ ഉണ്ടാകാതിരിക്കാന്‍ നിരന്തര സുരക്ഷാ ഓഡിറ്റുകള്‍ വേണം.

പരിഷ്‌കരണ നടപടികള്‍ ലക്ഷ്യം കാണണമെങ്കില്‍ അത് നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്. അഴിമതിക്ക് അവസരം നഷ്ടപ്പെടുന്നതിന്റെ നിരാശയില്‍ സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത ചില ഉദ്യോഗസ്ഥരെങ്കിലും കാണിച്ചേക്കാം. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറും വകുപ്പ് മേധാവികളും ആര്‍ജവം കാണിക്കണം. പരിഷ്‌കരണ നടപടികളുടെ ഗുണഫലങ്ങള്‍ ഓരോ പൗരനിലും എത്തുമ്പോഴാണ് പദ്ധതിയുടെ പൂര്‍ണവിജയം. ഇടനിലക്കാരെ ഒഴിവാക്കാനും അഴിമതി നിര്‍മാര്‍ജനത്തിനും ആര്‍ ടി ഒ നടപ്പാക്കുന്ന പുതിയ ഡിജിറ്റല്‍ പദ്ധതി റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ക്കും മാതൃകയാക്കാവുന്നതാണ്. യാതൊരുവിധ അഴിമതിക്കും വിധേയമാകാതെ ആരുടെയും മുന്നില്‍ യാചിക്കാതെ പൗരന്മാര്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്ന അവസ്ഥയാണ് ജനാധിപത്യം വിഭാവനം ചെയ്യുന്നത്.

Content Highlights: The Kerala Motor Vehicles Department is making 60 Parivahan services online using Aadhaar OTP verification to curb corruption. This initiative allows vehicle owners to complete procedures like driving licence renewal and ownership transfer without relying on agents. The digital shift comes after public outrage over RTO bureaucracy and agent exploitation leading to severe distress for citizens.