Home rss national malayalam പുതിയ വാർത്ത ജനാധിപത്യത്തിന്റെ ഭാവിയും ഡെമോഗ്രഫിയും

ജനാധിപത്യത്തിന്റെ ഭാവിയും ഡെമോഗ്രഫിയും

3
0

Source :- SIRAJLIVE NEWS

ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ അതിന്റെ സമ്പദ് വ്യവസ്ഥയും സൈനികശക്തിയും സാങ്കേതികവിദ്യയും മാത്രമല്ല; ആ രാജ്യത്ത് ആരാണ് ജനിക്കുന്നത്, ആരാണ് മരിക്കുന്നത്, ആരാണ് യുവാക്കളായി വളരുന്നത്, ആരാണ് വൃദ്ധരാകുന്നത്, ആരാണ് മറ്റൊരിടത്തേക്ക് കുടിയേറുന്നത് എന്നതും പ്രധാന ഘടകമാണ്. ജനസംഖ്യയിലെ മാറ്റം രാഷ്ട്രീയത്തെയും അധികാരബന്ധങ്ങളെയും രാജ്യത്തിന്റെ ഭാവിയെയും എങ്ങനെ ബാധിക്കുന്നുവെന്നത് പുതിയ കാലത്തെ പ്രധാന ചര്‍ച്ചാവിഷയമാണ്. ഇലോണ്‍ മാസ്‌ക്, വ്ലാദിമിര്‍ പുടിന്‍, ജോര്‍ജിയ മെലേനി തുടങ്ങിയവര്‍ അന്താരാഷ്ട്ര തലത്തിലും എന്‍ ചന്ദ്രബാബു നായിഡു, സി ജോസഫ് വിജയ്, എം കെ സ്റ്റാലിന്‍ എന്നിവര്‍ ദേശീയതലത്തിലും ജനസംഖ്യാ വര്‍ധനവിന് പ്രോത്സാഹനം നല്‍കുന്നു. ജനന- മരണ നിരക്കിലുണ്ടാകുന്ന മാറ്റവും കുടിയേറ്റവും ലോകമെമ്പാടും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ക്ക് പ്രാധാന്യം കൂടുന്നത്.

മനുഷ്യരുടെ പുനരുത്പാദനത്തെയും ഉയര്‍ന്ന ജനന നിരക്കിനെയും പ്രോത്സാഹിപ്പിക്കുന്ന നയനിലപാടാണ് നാറ്റലിസം. ജനനനിരക്ക് കുറയുകയും ജനസംഖ്യ ക്രമേണ വൃദ്ധമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തിപ്പെട്ട ആശയമാണ് നാറ്റലിസം. കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ദീര്‍ഘകാല ഭാവിക്ക് അനിവാര്യമാണെന്ന നിലപാടാണ് നാറ്റലിസത്തിന്റെ അടിസ്ഥാനം. ജനനനിരക്ക് താഴ്ന്നാല്‍ ഭാവിയില്‍ തൊഴില്‍ ശേഷിയുള്ള ജനങ്ങളുടെ എണ്ണം കുറയുകയും വയോധികരുടെ അനുപാതം വര്‍ധിക്കുകയും അതുവഴി പെന്‍ഷന്‍, ആരോഗ്യ പരിചരണം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുകയും ചെയ്യുമെന്ന ആശങ്കകളാണ് പല നാറ്റലിസ്റ്റ് വാദക്കാരും മുന്നോട്ടുവെക്കുന്നത്. ജനന നിരക്കിലെ കുറവ് യുവാക്കളുടെ കുറവിന് കാരണമാകുകയും അത് തൊഴില്‍ രംഗത്ത് മാന്ദ്യമുണ്ടാക്കുകയും ചെയ്യുമെന്നവര്‍ അഭിപ്രായപ്പെടുന്നു.

വിഷയം ഗൗരവമോ?
ജനനം, മരണം, വാര്‍ധക്യം, കുടിയേറ്റം തുടങ്ങിയ ജനസംഖ്യാ മാറ്റങ്ങള്‍ ഭരണകൂടത്തെയും രാഷ്ട്രീയ അധികാരത്തെയും അന്താരാഷ്ട്ര സുരക്ഷയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന പഠനമാണ് ജനസംഖ്യാശാസ്ത്രം അഥവാ പൊളിറ്റിക്കല്‍ ഡെമോഗ്രഫി. എന്നാല്‍ രാഷ്ട്രീയാധികാരം ഉറപ്പിക്കാനുള്ള വഴിയായി ഇതിനെ ദുരുപയോഗം ചെയ്യുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. ജനസംഖ്യാ വര്‍ധനവിനെ രാഷ്ട്രീയ നേതാക്കള്‍ പലപ്പോഴും ഭീതിയുടെയും അരക്ഷിത ബോധത്തിന്റെയും ഭാഷയില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധിക്കുന്നത്, മറ്റൊരു വിഭാഗത്തിന്റെ ഭാവി ഭീഷണിയായി ചിത്രീകരിക്കുന്നു. കുടിയേറ്റത്തെ രാജ്യത്തിന്റെ സാംസ്‌കാരിക- സുരക്ഷാ പ്രശ്‌നങ്ങളുടെ പ്രധാന കാരണമായി അവതരിപ്പിക്കുന്നു.

ചില രാഷ്ട്രീയ നേതാക്കള്‍ ഭൂരിപക്ഷ- ന്യൂനപക്ഷ ജനസംഖ്യാനുപാതം കാണിച്ച് വോട്ടര്‍മാരെ ധ്രുവീകരിക്കുകയും സ്വന്തം രാഷ്ട്രീയ പിന്തുണ ഉറപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.
ഇന്ത്യയിപ്പോള്‍ വലിയൊരു ജനസംഖ്യാ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ ആകെ ജനനനിരക്ക് ഒരു സ്ത്രീക്ക് 2.0 കുട്ടികളില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍ എഫ് എച്ച് എസ്-5) പ്രകാരം, എല്ലാ പ്രധാന മതസമൂഹങ്ങളിലും ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. 1992ല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു സ്ത്രീക്ക് ശരാശരി 4.4 കുട്ടികളുണ്ടായിരുന്നെങ്കില്‍, 2019-21ല്‍ അത് 2.4 ആയി കുറഞ്ഞു. മറ്റ് മതസമൂഹങ്ങളിലും ജനനനിരക്ക് കുറഞ്ഞിട്ടുണ്ട്. വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ജനന നിരക്കിലെ വ്യത്യാസവും കുറഞ്ഞുവരികയാണ്.

സാമൂഹിക ഫെഡറലിസവും രാഷ്ട്രീയ ഫെഡറലിസവും
സാമൂഹിക ഫെഡറലിസവും രാഷ്ട്രീയ ഫെഡറലിസവും ഇന്ത്യയുടെ ജനാധിപത്യ രൂപകല്‍പ്പനയുടെ ഭാഗങ്ങളാണ്. വിവിധ കാരണങ്ങളാല്‍ ഇന്ത്യയിലെ ജനങ്ങള്‍ വര്‍ഷംതോറും വലിയ തോതില്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് കുടിയേറുന്നു. കൂടുതല്‍ അവസരങ്ങളുള്ള സ്ഥലങ്ങളിലേക്ക് ദരിദ്രരും കുടിയേറുന്നു. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഏകദേശം 45 കോടി ആഭ്യന്തര കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു. ചില പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രായമുള്ളവരാകുമ്പോള്‍ മറ്റു ചില പ്രദേശങ്ങളിലെ ജനങ്ങള്‍ കൂടുതലും യുവജനങ്ങളായി തുടരുന്നു. ഉദാഹരണത്തിന്, കേരളത്തില്‍ 2026ല്‍ മധ്യപ്രായം ഏകദേശം 37 വയസ്സ് ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2051ല്‍ ഇത് ഏകദേശം 47 വയസ്സായി ഉയരുമെന്നാണ് പ്രവചനം. അതേസമയം, ഉത്തര്‍പ്രദേശിലെ മധ്യപ്രായം ഏകദേശം 26 വയസ്സാണ്.

ജനസംഖ്യാപരമായ വ്യത്യാസങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യത്തിലും ഫെഡറല്‍ രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു സംസ്ഥാനത്ത് യുവജനങ്ങള്‍ കൂടുതലായിരിക്കുമ്പോള്‍ മറ്റൊരു സംസ്ഥാനത്ത് വയോധികരുടെ എണ്ണം വര്‍ധിക്കുന്നത് വഴി തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സുരക്ഷ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്തമായ രാഷ്ട്രീയ മുന്‍ഗണനകള്‍ക്ക് വഴിയൊരുക്കുന്നു. അതോടൊപ്പം, ജനസംഖ്യയുടെ വളര്‍ച്ചാനിരക്കിലെ സംസ്ഥാനാന്തര വ്യത്യാസങ്ങള്‍ ഭാവിയിലെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും വിഭവവിതരണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കാരണമാകുന്നു.

പരിഹാരിക്കപ്പെടുമോ?
ജനസംഖ്യാപരമായ പ്രശ്‌നങ്ങള്‍ക്ക് നാറ്റലിസം മുന്നോട്ടുവെക്കുന്ന നിര്‍ദേശം വളരെ ലളിതമാണ്. എന്നാല്‍, ഒരു രാജ്യത്തിനും സമൂഹത്തിനും ദീര്‍ഘകാലം തുടര്‍ച്ചയായി കുറഞ്ഞ ജനനനിരക്ക് അനുഭവപ്പെട്ട ശേഷം അത് പൂര്‍ണമായി തിരിച്ചുകൊണ്ടുവരാന്‍ കഴിയുക എന്നത് പ്രയാസകരമാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍, ശിശുപരിചരണ സഹായങ്ങള്‍, മാതാപിതാക്കള്‍ക്കുള്ള അവധി, മറ്റ് പ്രസവാനുകൂല്യങ്ങള്‍ തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായിരുന്ന ജനന നിരക്കിലേക്ക് തിരിച്ചെത്തുന്നതില്‍ ഈ രാജ്യങ്ങളൊന്നും വിജയിച്ചിട്ടില്ല.

വിപുലമായ കുടുംബ നയങ്ങള്‍ നടപ്പാക്കിയിട്ടും ദക്ഷിണ കൊറിയയില്‍ ജനനനിരക്ക് വളരെ താഴ്ന്ന നിലയില്‍ തുടരുകയാണ്. ഇറ്റലിയിലും സാമ്പത്തിക പ്രോത്സാഹനങ്ങളും കുടുംബപിന്തുണാ നടപടികളുമുണ്ടായിട്ടും ജനനനിരക്ക് കുറയുന്നത് തുടരുകയാണ്. ഇതില്‍ നിന്ന് മനസ്സിലാകുന്നത് ജനനനിരക്ക് വെറും പണവുമായി ബന്ധപ്പെട്ട വിഷയമല്ല എന്നതാണ്. അത് സമൂഹത്തിന്റെ ജീവിതശൈലി, തൊഴില്‍, വിദ്യാഭ്യാസം, ലിംഗബന്ധങ്ങള്‍, കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചെലവ്, ഭാവിയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകള്‍ തുടങ്ങിയ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Content Highlights:
Population shifts through changing birth rates, aging, and migration heavily influence national stability and global political power structures. India faces distinct internal demographic contrasts, with Southern states experiencing an aging population while Northern regions maintain younger demographics. Experts emphasize that economic incentives alone cannot easily reverse long-term declines in birth rates.