Home rss national malayalam പുതിയ വാർത്ത വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ​ഗൃഹനാഥൻ ജീവനൊടുക്കി

വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ​ഗൃഹനാഥൻ ജീവനൊടുക്കി

4
0

Source :- SIRAJLIVE NEWS

കൊല്ലം| വീട് ബാങ്ക് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിന് സമീപം രാഗേഷ് ഭവനിൽ സി.  രവി (62) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രവിയുടെ ഭാര്യ ഗീതയുടെ പേരിലുള്ള ഏഴര സെന്റ് സ്ഥലത്ത് വീട് നിർമിക്കുന്നതിനായി മകൻ രാഗേഷ് 2022ൽ കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് വായ്പ മറ്റൊരു സ്വകാര്യ ബാങ്കിലേക്ക് മാറ്റി. തിരിച്ചടവ് മുടങ്ങിയതോടെ കുടിശിക ഉൾപ്പെടെ വായ്പാ തുക 28,91,091 രൂപയായി ഉയർന്നു. തുടർന്ന് കഴിഞ്ഞ ജൂൺ 22ന് ബാങ്ക് വീട് ജപ്തി ചെയ്തു.

ഇതോടെ രാഗേഷും കുടുംബവും വാടകവീട്ടിലേക്ക് മാറി. എന്നാൽ രവി വീടിന്റെ സിറ്റൗട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. 20 വർഷത്തെ കാലാവധിയിലാണ് വായ്പ എടുത്തതെന്നാണ് രാഗേഷ് പറയുന്നത്. അമ്മയുടെ കൈക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി സാമ്പത്തിക ബാധ്യത ഉണ്ടായതാണ് വായ്പ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നും രാഗേഷ് പറഞ്ഞു.

നാലര ലക്ഷം രൂപയോളം തിരിച്ചടച്ചിരുന്നുവെന്നും ഒരു വർഷത്തെ തവണ മുടങ്ങിയതിനെ തുടർന്ന് കാലാവധി നിലനിൽക്കെ ബാങ്ക് അധികൃതർ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും രാഗേഷ് ആരോപിച്ചു.

അതേസമയം, വായ്പ തിരിച്ചടയ്ക്കാൻ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പണം അടയ്ക്കാത്ത സാഹചര്യത്തിൽ ജപ്തിയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നും നിയമാനുസൃത നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

മുൻപ് കെഎസ്ആർടിസി എംപാനൽ ഡ്രൈവറായിരുന്ന രവി നിലവിൽ തൊഴിലുറപ്പ് ജോലിചെയ്തുവരികയായിരുന്നു.

Content Highlights:
A 62-year-old man named Ravi died by suicide at Pavithreswaram in Kollam after a private bank attached his family home over defaulted loans. His family was forced into a rented house while he stayed on the porch. The family alleged premature eviction despite having paid over four lakh rupees.