Home rss national malayalam പുതിയ വാർത്ത കേണല്‍ സോഫിയക്ക് നീതിയില്ലെങ്കില്‍ പിന്നെയാര്‍ക്ക്?

കേണല്‍ സോഫിയക്ക് നീതിയില്ലെങ്കില്‍ പിന്നെയാര്‍ക്ക്?

3
0

Source :- SIRAJLIVE NEWS

വംശീയ അധിക്ഷേപങ്ങളോട് ഭരണകൂട മൃദുമനോഭാവം തുറന്നുകാട്ടുന്ന വാര്‍ത്തകളാണ് മധ്യപ്രദേശില്‍ നിന്ന് വരുന്നത്. ഓപറേഷന്‍ സിന്ദൂറിന്റെ ഘട്ടത്തില്‍ ആധികാരിക വിവരങ്ങള്‍ ലോകത്തോട് ബ്രീഫ് ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരിലൊരാളായ കേണല്‍ സോഫിയ ഖുറൈശിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ മന്ത്രി കുന്‍വര്‍ വിജയ് ഷായെ എങ്ങനെെയങ്കിലും രക്ഷപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍. ഹൈക്കോടതി നേരിട്ട് ഇടപെട്ട് എടുത്ത കേസില്‍ മന്ത്രി വിചാരണ നേരിടേണ്ടെന്നാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുന്ന തീരുമാനത്തിന് താഴെ സംസ്ഥാന ഗവര്‍ണര്‍ ഒപ്പുവെക്കുകയും ചെയ്തിരിക്കുന്നു. ഷാ നേരത്തേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും രക്ഷക്കെത്തിയത്. ഷായെ വിചാരണ ചെയ്യേണ്ടതില്ലെന്ന നിലപാടിന് സാധൂകരണവുമായി അടുത്ത ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്താനിരിക്കുകയാണ്.

2025 മേയില്‍ മൗവില്‍ നടന്ന പൊതുപരിപാടിയിലാണ് മുതിര്‍ന്ന ബി ജെ പി നേതാവും മന്ത്രിയുമായ വിജയ് ഷാ, കേണല്‍ സോഫിയ ഖുറൈശിയെ അങ്ങേയറ്റം വര്‍ഗീയമായും ലിംഗപരമായും അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. “ഭീകരരെ നേരിടാന്‍ അവരുടെ സഹോദരിയെ തന്നെ നിയോഗിച്ചു’വെന്നായിരുന്നു വിജയ് ഷായുടെ പരാമര്‍ശം. സോഫിയ ഖുറൈശിയുടെ മതസ്വത്വത്തെയും മുസ്‌ലിംകളെയാകെയും അധിക്ഷേപിക്കുന്ന പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി വലിയ ജനരോഷമുയര്‍ന്നു. മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും മന്ത്രിയുടേത് “ഓടയിലെ ഭാഷ’യാണെന്ന് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അടിയന്തരമായി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡി ജി പിക്ക് കോടതി നിര്‍ദേശം നല്‍കുകയുമുണ്ടായി. ഈ നടപടിക്കെതിരെ വിജയ് ഷാ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, പരമോന്നത കോടതിയില്‍ നിന്ന് മന്ത്രിക്കേറ്റത് കനത്ത പ്രഹരമായിരുന്നു. മന്ത്രിയുടെ മാപ്പപേക്ഷകളെ മുതലക്കണ്ണീരെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി, കേസ് അന്വേഷിക്കാന്‍ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

എസ് ഐ ടി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണാനുമതി തേടിയിട്ടും, അതിന് അനുമതി നിഷേധിച്ച സംസ്ഥാന മന്ത്രിസഭയുടെ ശിപാര്‍ശക്ക് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ മണിക്കൂറുകള്‍ക്കകം അംഗീകാരം നല്‍കുന്നതാണ് പിന്നെ കണ്ടത്. പരമോന്നത കോടതിയുടെയും ഹൈക്കോടതിയുടെയും തുടര്‍ച്ചയായ ശാസനകളെയും വിധിന്യായങ്ങളെയും അപ്രസക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് രാജ്യത്തെ നിയമവാഴ്ചക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.

മന്ത്രിയെ സംരക്ഷിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിചിത്രമായ വാദഗതികളുയര്‍ത്താന്‍ പോകുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മന്ത്രിക്കെതിരെ വ്യക്തിപരമായി ആരും പരാതി നല്‍കിയിട്ടില്ലെന്ന വാദമാണ് സര്‍ക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. പ്രസംഗത്തില്‍ കേണല്‍ സോഫിയയുടെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെന്നും “ഭാഷാപരമായ തെറ്റ്’ മാത്രമാണ് സംഭവിച്ചതെന്നുമാണ് സര്‍ക്കാറിന്റെ മറ്റൊരു വാദം. എന്നാല്‍ പ്രസംഗത്തിന്റെ സാഹചര്യവും സമയവും പരിശോധിച്ച ഹൈക്കോടതിയും സുപ്രീം കോടതിയും ഈ വാദങ്ങളെ പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു. മന്ത്രി പൊതുവേദിയില്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന വാദവും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം കാക്കുന്ന സൈന്യത്തെയും അതിന്റെ ഉദ്യോഗസ്ഥരെയും പരസ്യമായി അപമാനിച്ച ശേഷം, കേവലം ഒരു മാപ്പപേക്ഷയുടെ പേരില്‍ ക്രിമിനല്‍ വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതൊരുക്കിയാല്‍ അത് മോശം കീഴ് വഴക്കം സൃഷ്ടിക്കുമെന്നുറപ്പാണ്.

വിജയ് ഷാ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഇതാദ്യമായല്ല. 2013ല്‍ ഝാബുവയില്‍ നടന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. പക്ഷേ, നാല് മാസത്തിനകം പദവിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായി വിവാദങ്ങളില്‍ ചാടിയിട്ടും എന്തുകൊണ്ടാണ് ഭരണകക്ഷി ഇദ്ദേഹത്തെ വിട്ടുകളയാത്തത് എന്നതിന്റെ ഉത്തരം വ്യക്തമാണ്. മധ്യപ്രദേശിലെ അതീവ നിര്‍ണായകമായ ആദിവാസി വോട്ട് ബേങ്കില്‍ വലിയ സ്വാധീനമുള്ള നേതാവാണ് കുന്‍വര്‍ വിജയ് ഷാ. തിരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രം ലക്ഷ്യം വെക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്, രാജ്യത്തിന്റെ സൈന്യത്തെക്കാളും ജനാധിപത്യ മൂല്യങ്ങളെക്കാളും വലുത് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനമാണെന്നത് ലജ്ജാകരമായ വസ്തുതയാണ്.

സൈന്യത്തെ മഹത്വവത്കരിക്കുകയും സൈനിക മുന്നേറ്റങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രചാരണായുധമാക്കുകയും ചെയ്യുന്ന ബി ജെ പി തന്നെയാണ് അഭിമാനകരമായ നേട്ടങ്ങള്‍ക്ക് ഉടമയായ വനിതാ കേണലിനെ അധിക്ഷേപിച്ചയാള്‍ക്ക് സംരക്ഷണമൊരുക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായ “എക്‌സര്‍സൈസ് ഫോഴ്സ് 18′ എന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ കരസേനയെ നയിച്ച ആദ്യ വനിതയാണ് കേണല്‍ സോഫിയ. 2020 മാര്‍ച്ചില്‍, പ്രതിരോധ മന്ത്രാലയം അവരെ വിശേഷിപ്പിച്ചത് “ലീഡിംഗ് ലേഡി’ എന്നായിരുന്നു. വനിതകളുടെ സൈനിക പോസ്റ്റിംഗ് സംബന്ധിച്ച നിര്‍ണായക സുപ്രീം കോടതി വിധിയില്‍ സോഫിയ ഖുറൈശിയെ പരാമര്‍ശിച്ചിരുന്നു. അങ്ങനെയൊരാള്‍ക്ക് നീതി കിട്ടുന്നില്ലെങ്കില്‍ പിന്നെ നിയമവാഴ്ചയിലുള്ള വിശ്വാസം എങ്ങനെ സംരക്ഷിക്കും? ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങള്‍ക്ക് റബ്ബര്‍ സ്റ്റാമ്പായി മാറുന്നത് അത്യന്തം അപലപനീയമാണ്. കുറ്റവാളികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്ന ഇത്തരം തീരുമാനങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ട്. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

Content Highlights:
The Madhya Pradesh government has shielded Minister Vijay Shah from prosecution in the hate speech case against Colonel Sophia Qureshi. Despite Supreme Court and High Court reprimands and SIT findings, the Cabinet denied prosecution sanction, which Governor Mangubhai Patel promptly approved.