Home rss national malayalam പുതിയ വാർത്ത കോളജ് പ്രവേശനം അനിശ്ചിതത്വത്തില്‍; ലക്ഷദ്വീപ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആശങ്ക

കോളജ് പ്രവേശനം അനിശ്ചിതത്വത്തില്‍; ലക്ഷദ്വീപ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആശങ്ക

3
0

Source :- SIRAJLIVE NEWS

കൊച്ചി | അപ്രതീക്ഷിതമായി കോഴ്സുകള്‍ വെട്ടിക്കുറച്ചതും പുതിയ കോഴ്സുകള്‍ക്ക് സര്‍വകലാശാലാ അഫിലിയേഷന്‍ വൈകുന്നതും ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ അധ്യയന വര്‍ഷം നഷ്ടപ്പെടുത്തുമെന്ന് ആശങ്ക. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്.

പ്രവേശന കൗണ്‍സലിംഗിന് തൊട്ടുമുമ്പ് പ്രധാനപ്പെട്ട ബിരുദ കോഴ്സുകള്‍ നിര്‍ത്തലാക്കിയതും പുതുതായി പ്രഖ്യാപിച്ച കോഴ്സുകള്‍ക്ക് സമയബന്ധിതമായി സര്‍വകലാശാലാ അഫിലിയേഷന്‍ ലഭ്യമാക്കാത്തതുമാണ് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലക്ഷദ്വീപിലെ ഗവണ്‍മെന്റ് കോളജുകളിലെ 2026-27 അധ്യയന വര്‍ഷത്തെ വിവിധ ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ അനിശ്ചിതത്വത്തിലാണ്.

ജൂലൈ ആദ്യവാരം അഡ്മിഷന്‍ അലോട്ട്മെന്റിന് തൊട്ടുമുമ്പാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപ്രതീക്ഷിതമായി കോഴ്സുകള്‍ നിര്‍ത്തലാക്കി ഉത്തരവിറക്കിയത്. ആന്ത്രോത്ത് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ദ്വീപിലെ വിദ്യാര്‍ഥികള്‍ ഏറെ ആശ്രയിച്ചിരുന്ന ബി എ പൊളിറ്റിക്കല്‍ സയന്‍സ് കോഴ്സ് നിര്‍ത്തലാക്കി. കടമത്ത് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി എ ഇംഗ്ലീഷ്, ബി വോക് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ബി വോക് ടൂറിസം എന്നീ കോഴ്സുകള്‍ പൂര്‍ണമായും റദ്ദാക്കി. ദ്വീപിലെ തൊഴില്‍സാധ്യതകള്‍ക്കും വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്കും അനുയോജ്യമായിരുന്ന കോഴ്സുകളാണ് മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചത്.

പഴയ കോഴ്സുകള്‍ ഒഴിവാക്കി പകരം പുതിയ കോഴ്സുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രവേശനനടപടികള്‍ ആരംഭിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്ഥിരം അഫിലിയേഷന്റെ അഭാവമാണ് പ്രധാന തടസ്സം. കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളജുകളില്‍ പുതിയ കോഴ്സുകള്‍ക്കായി കൃത്യസമയത്ത് അപേക്ഷ നല്‍കുന്നതില്‍ വിദ്യാഭ്യാസവകുപ്പ് വീഴ്ച വരുത്തി. നിലവില്‍ പ്രൊവിഷനല്‍ അഫിലിയേഷന്‍ മാത്രമാണുള്ളത്. ദേശീയ വിദ്യാഭ്യാസനയം (എന്‍ ഇ പി) അനുശാസിക്കുന്ന പ്രൊഫസര്‍ തസ്തികകളും ആവശ്യത്തിന് അധ്യാപകരെയും കോളജുകളില്‍ ഉറപ്പാക്കാന്‍ സാധിക്കാത്തതാണ് സ്ഥിരം അഫിലിയേഷന്‍ ലഭിക്കുന്നതിന് തടസ്സമാകുന്നത്. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകരുടെ കാലാവധി അവസാനിച്ചിട്ടും പുതുക്കി നല്‍കാന്‍ നടപടിയുണ്ടായിട്ടില്ല. കൂടാതെ മുന്‍വര്‍ഷങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിലും കാലതാമസം നേരിടുകയാണ്.

മറ്റ് സംസ്ഥാനങ്ങളിലും സര്‍വകലാശാലകളിലും അധ്യയനവര്‍ഷം ആരംഭിച്ചിട്ടും ലക്ഷദ്വീപില്‍ പ്രവേശനനടപടികള്‍ പോലും പൂര്‍ത്തിയാകാത്തത് വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നഷ്ടപ്പെടുത്തുമെന്നാണ് ആശങ്ക. ദ്വീപിലെ കോഴ്സുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ദ്വീപിന് പുറത്ത് കേരളത്തില്‍ അടക്കമുള്ള കോളജുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ സാമ്പത്തികബാധ്യത വരുത്തിവെക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കാന്‍ സാധിക്കാത്ത നിര്‍ധനരായ വിദ്യാര്‍ഥികളെയാണ് ഈ തീരുമാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലായിരുന്ന ദ്വീപിലെ കോളജുകളെ പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് മാറ്റിയതുമുതലാണ് ഭരണപരമായ പ്രശ്നങ്ങള്‍ ഉടലെടുത്തതെന്ന് വിദ്യാര്‍ഥി സംഘടനകളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും ചൂണ്ടിക്കാണിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും വിദ്യാഭ്യാസ ഡയറക്ടറും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും റദ്ദാക്കിയ കോഴ്സുകള്‍ പുനഃസ്ഥാപിക്കുകയോ പുതിയ കോഴ്സുകള്‍ക്ക് അഫിലിയേഷന്‍ ലഭ്യമാക്കി പ്രവേശനനടപടികള്‍ ആരംഭിക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ട് സി ജെ പി കോ-ഓര്‍ഡിനേറ്റര്‍ സി എന്‍ അബൂസലി അടക്കമുള്ളവര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

Content Highlights:
College admissions in Lakshadweep face severe uncertainty, causing widespread concern among students and parents across the islands. The delay in finalizing admission procedures and seat allocations threatens the academic future of hundreds of aspirants. Authorities are urged to intervene immediately.