Source :- SIRAJLIVE NEWS
തിരുവനന്തപുരം | മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ വൈകാതെ നിയമോപദേശം നല്‍കും. ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം ഇ ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
കേസില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളുണ്ടെന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. അഴിമതി നിരോധനനിയമത്തിന് പുറമേ കൂടുതല്‍ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ പോലീസിലെ മറ്റ് ഏജന്‍സികളെയും അന്വേഷണത്തിനായി നിയോഗിക്കേണ്ടിവരും. ഇ ഡിയുടെ റിപ്പോര്‍ട്ടില്‍ അതീവ ഗൗരവമുള്ള വിവരങ്ങളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ ഡി യെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതായുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായി കേരളത്തില്‍ കോണ്‍ഗ്രസ്സിനു നിലപാട് സ്വീകരിക്കേണ്ടിവരും. ഇ ഡിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം.
മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാര്‍ശ ചെയ്തുള്ള ഇഡിയുടെ കത്തില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പുറത്തു വന്നതിനേക്കാള്‍ വലിയ തുകയുടെ ഇടപാട് നടന്നു എന്ന് കത്തില്‍ ഉണ്ടെന്നാണ് സൂചന. അതുകൊണ്ടാണ് നിയമ പരിശോധനക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. പിണറായിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെങ്കിലും തീരുമാനം തിടുക്കത്തില്‍ ആകില്ല. തെളിവുകള്‍ ഡി ജി പിയ്ക്ക് കൈമാറിയതിന് പിന്നാലെ കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇ ഡി.
തിങ്കഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വീണയുടെ കമ്പനി വഴി നടത്തിയ കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും വീണ ഇടനിലക്കാരിയെന്നുമാണ് ഇ ഡി വ്യക്തമാക്കുന്നത്. പിണറായി വിജയന്‍ ഈ കേസില്‍ പ്രതിയല്ല. വീണയും സി എം ആര്‍ എല്‍ ഉടമകളും ഉദ്യോഗസ്ഥരുമാണ് ഈ കേസിലെ പ്രതികള്‍. ഈ സാഹചര്യത്തിലാണ് വീണയക്ക് ലഭിച്ച 3.28 കോടിരൂപ പിണറായി വിജയനുള്ള അഴമിതിപ്പണമാണെന്ന് ചൂണ്ടിക്കാട്ടി പോലീസിനോട് കേസ് എടുക്കാന്‍ ആവശ്യപ്പെടുന്നത്. വിജിലന്‍സ് കേസ് എടുത്താന്‍ ഈ എഫ് ഐ ആര്‍ നിലവിലെ കള്ളപ്പണ കേസിന്റെ ഭാഗമാക്കാനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരാനുമാണ് ഇഡി ലക്ഷ്യമിടുന്നതെന്നാണ് വിവരം.
Content Highlights:
The Advocate General will soon offer legal advice regarding the ED report in the Masappadi case. The report suggests sufficient evidence to charge under the Prevention of Corruption Act. Authorities plan to act once the report undergoes detailed legal scrutiny.




