Home rss national malayalam പുതിയ വാർത്ത എന്ന് നീതി ലഭിക്കും ഉമര്‍ ഖാലിദിന്?

എന്ന് നീതി ലഭിക്കും ഉമര്‍ ഖാലിദിന്?

4
0

Source :- SIRAJLIVE NEWS

സി എ എ പ്രക്ഷോഭകരെ ലക്ഷ്യം വെച്ച് 2020ല്‍ ഡല്‍ഹിയിലുണ്ടായ വംശീയ കലാപവുമായി ബന്ധപ്പെടുത്തി ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിന്റെ ജയില്‍ വാസം ആറ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2020 സെപ്തംബര്‍ 13നാണ് ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ് ആരോപിച്ച് ഡല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ ഉമറിനെ അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ 17 മിനുട്ടുള്ള പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ബി ജെ പിയുടെ ഐ ടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തിറക്കിയത് പ്രചരിപ്പിച്ച്, ഈ പ്രസംഗം ഡല്‍ഹി കലാപത്തിനുള്ള ആഹ്വാനമാണെന്ന വ്യാജ ആരോപണവും ഉമര്‍ ഖാലിദിനെതിരെ ഉന്നയിച്ചിരുന്നു. 1967ലെ ആയുധം കൈവശം വെക്കല്‍ നിയമം, യു എ പി എ, കലാപശ്രമം, കൊലപാതകം, വധശ്രമം, രാജ്യദ്രോഹം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കല്‍ തുടങ്ങി നിരവധി വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച് താന്‍ നിരപരാധിയാണെന്നും ഡല്‍ഹിയില്‍ നടന്ന സമാധാനപരമായ പ്രതിഷേധത്തിലാണ് പങ്കെടുത്തതെന്നും ഉമര്‍ ഖാലിദ് വ്യക്തമാക്കുന്നുമുണ്ട്.

ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും മേല്‍ ഭരണകൂടം എപ്രകാരം കരിനിയമങ്ങളെ ആയുധമാക്കുന്നു എന്നതിന്റെ പ്രതീകമായി ഇന്ന് ഉമര്‍ ഖാലിദ് മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്ന സമാധാനപരമായ പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്തു എന്നതായിരുന്നു ഉമര്‍ ഖാലിദ് ചെയ്ത കുറ്റം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയുള്ള വിയോജിപ്പ് രേഖപ്പെടുത്തല്‍ ഏതൊരു സ്വതന്ത്ര രാജ്യത്തിലെയും അടിസ്ഥാന അവകാശമാണ്. എന്നാല്‍ ഈ വിയോജിപ്പുകളെ രാഷ്ട്രദ്രോഹമായും ദേശവിരുദ്ധ പ്രവര്‍ത്തനമായും മുദ്രകുത്തി അടിച്ചമര്‍ത്താനാണ് ഭരണകൂടം തുനിഞ്ഞിറങ്ങിയത്.

യഥാര്‍ഥത്തില്‍ വിചാരണാ പ്രക്രിയ തന്നെ ശിക്ഷയായി മാറുന്ന അത്യന്തം ദാരുണ സാഹചര്യമാണ് ഉമര്‍ ഖാലിദിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അനന്തമായി നീളുന്ന ജയില്‍വാസവും വിചാരണ തുടങ്ങാന്‍ പോലുമാകാത്ത അവസ്ഥയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി മാറിയിരിക്കുന്നു. നിയമപരമായ പല വാദങ്ങളും നിലനില്‍ക്കുമ്പോഴും അദ്ദേഹത്തിന് ജാമ്യം നിരസിക്കപ്പെടുന്ന സാഹചര്യം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

യു എ പി എ ഉമറിനെതിരെ ചുമത്തിയത് വഴിയാണ് ജാമ്യം നേടുന്നത് ഇത്രയേറെ സങ്കീര്‍ണമായത്. ഭീകരവാദികളെ നേരിടാന്‍ ഉണ്ടാക്കിയ നിയമം സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരായി പ്രയോഗിക്കുന്നത് കരിനിയമങ്ങളുടെ പച്ചയായ ദുരുപയോഗമാണ്. കുറ്റം തെളിയുന്നത് വരെ ഏതൊരാളും നിരപരാധിയാണ് എന്ന അടിസ്ഥാന നിയമതത്ത്വം യു എ പി എ കേസുകളില്‍ തലതിരിഞ്ഞു നില്‍ക്കുന്നു.

ഉമര്‍ ഖാലിദിനെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിരോധാഭാസങ്ങള്‍ നിരവധിയാണ്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗമാണ് കലാപത്തിന് ആഹ്വാനം ചെയ്ത പ്രധാന തെളിവായി പോലീസ് പറയുന്നത്. എന്നാല്‍ അഹിംസയിലൂന്നിയും ഭരണഘടനയെ നെഞ്ചിലേറ്റിയും മാത്രം പോരാടാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും എന്ന് വസ്തുതാപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും മീറ്റിംഗുകളിലെ പങ്കാളിത്തവും ഡല്‍ഹി പോലീസ് വലിയ ഗൂഢാലോചനയായി ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഇതിലൊന്നും തന്നെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ആഹ്വാനം ചെയ്യുന്നതായി തെളിവുകളില്ല. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച കെട്ടുകഥകള്‍ കേവലം അനുമാനങ്ങളില്‍ അധിഷ്ഠിതമാണെന്ന് നിയമ വിദഗ്ധരും മുതിര്‍ന്ന അഭിഭാഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഉമര്‍ ഖാലിദിന്റെ കേസ് പരിഗണിക്കുന്നതില്‍ കീഴ്‌ക്കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെയുള്ള നീതിന്യായ സ്ഥാപനങ്ങള്‍ കൈക്കൊണ്ട നിലപാടുകള്‍ വിശകലനം ചെയ്യപ്പെടേണ്ടതാണ്. പലതവണ ജാമ്യാപേക്ഷകള്‍ തള്ളപ്പെടുകയും വാദം കേള്‍ക്കലുകള്‍ മാസങ്ങളോളം നീട്ടിവെക്കപ്പെടുകയും ചെയ്തു. ജാമ്യം ഒരു അവകാശമാണെന്ന സുപ്രീം കോടതിയുടെ തന്നെ മുന്‍വിധികളും നിരീക്ഷണങ്ങളും ഈ കേസില്‍ പ്രയോഗിക്കപ്പെടുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്. അന്താരാഷ്ട്ര തലത്തിലും ഉമര്‍ ഖാലിദിന്റെ നീണ്ട ജയില്‍വാസം വലിയ ചര്‍ച്ചയായിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളും യു എന്‍ കമ്മീഷനുകളും അദ്ദേഹത്തിന്റെ തടവിനെ ചോദ്യം ചെയ്യുകയും എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വിയോജിക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഉദാഹരണമായി അവര്‍ ഈ കേസിനെ കാണുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയും അക്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത ഭരണകക്ഷി നേതാക്കള്‍ക്കെതിരെ യാതൊരു വിധ നടപടിയും സ്വീകരിക്കാതിരിക്കുകയും, അതേസമയം സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ യു എ പി എ ചുമത്തി തടവിലിടുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ പക്ഷപാതിത്വമാണ് വ്യക്തമാക്കുന്നത്. തിഹാര്‍ ജയിലിലെ അടച്ചിട്ട മുറിയിലും പുസ്തകവായനയിലൂടെയും എഴുത്തിലൂടെയും തന്റെ ആശയപരമായ പ്രതിരോധം ഉമര്‍ തുടരുകയാണ്. ശാരീരികമായി തടവിലാക്കപ്പെട്ടെങ്കിലും തന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ ഭരണകൂടത്തിനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു.

ഒരു ജനാധിപത്യ രാജ്യത്ത് നീതി വെച്ചുതാമസിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. നീണ്ട ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ പോലും ആരംഭിക്കാത്ത ഒരു കേസില്‍ ഒരാളെ അനിശ്ചിതമായി തടവില്‍ വെക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. വിചാരണ നേരിടാനും സ്വയം നിരപരാധിത്വം തെളിയിക്കാനുമുള്ള അവസരമെങ്കിലും അദ്ദേഹത്തിന് എത്രയും വേഗം ലഭിക്കേണ്ടതുണ്ട്. ഉമര്‍ ഖാലിദിന്റെ പോരാട്ടം ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. നിയമവാഴ്ചയും ജനാധിപത്യ മൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ ഉമര്‍ ഖാലിദിന് എത്രയും വേഗം നീതി ലഭിക്കേണ്ടത് ഈ രാജ്യത്തിന്റെ ആവശ്യമാണ്.