Source :- SIRAJLIVE NEWS
തീരുമാനങ്ങൾ എടുക്കേണ്ട ചില പ്രധാന സന്ദർഭങ്ങളിൽ നമ്മൾ ആദ്യം ചെയ്യുന്നത് ആരോടെങ്കിലും ചോദിക്കുകയാണ്. “എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലടോ, നിനക്ക് വല്ല ഐഡിയയും ഉണ്ടോ?” എന്ന്. അയാൾ പറഞ്ഞത് ചുമ്മാ കേട്ട് അടുത്തയാളോട് ചോദിക്കും. അയാളുടെ അഭിപ്രായവും ഇഷ്ടപ്പെട്ടില്ലെങ്കിൽ മൂന്നാമത്തെയാളിലേക്ക് പോകും. അവസാനം പത്ത് പേരുടെ അഭിപ്രായം കേട്ട് നമ്മൾ എത്തുന്നത് ഒരു തീരുമാനത്തിലേക്കല്ല, പതിനൊന്ന് പുതിയ സംശയങ്ങളിലേക്കായിരിക്കും! ഗൂഗിളിൽ തിരയും, യൂട്യൂബിൽ കുറച്ച് ക്രിയേറ്റർമാരെ കേൾക്കും, അവസാനം സ്വന്തം മനസ്സിനോട് ചോദിക്കും: “ഇനി എന്ത് ചെയ്യും?”
അപ്പോൾ മനസ്സ് പതുക്കെ പറയും: “നീ ഇവരോടൊക്കെ ചോദിക്കുന്നതിന് മുമ്പേ തന്നെ നിനക്ക് ഈ ഉത്തരം അറിയാമായിരുന്നു!” ശരിക്കും, ജീവിതത്തിൽ നമ്മൾ പലപ്പോഴും പുറത്തുനിന്നുള്ള ഒരു ഉത്തരമല്ല അന്വേഷിക്കുന്നത്; നമ്മുടെ ഉള്ളിൽ നേരത്തെ ഉണ്ടായിരുന്ന ഉത്തരത്തെ അംഗീകരിക്കാനുള്ള ധൈര്യമാണ് അന്വേഷിക്കുന്നത്. ഉള്ളിൽ ഉയരുന്ന പല ഉത്തരങ്ങളും കേൾക്കാൻ എളുപ്പമാണ്, പക്ഷേ, സ്വീകരിക്കാൻ അത്ര എളുപ്പമല്ല. “ഇത് എനിക്ക് വേണ്ട” എന്ന് നമുക്ക് അറിയാം. പക്ഷേ “വേണ്ട” എന്ന് പറയാൻ കഴിയുന്നില്ല. “ഈ ബന്ധം ശരിയല്ല” എന്ന് മനസ്സിലാകുന്നു. പക്ഷേ വിട്ടുപോകാൻ കഴിയുന്നില്ല.
“ഈ ശീലം മാറ്റണം” എന്ന് അറിയാം. പക്ഷേ മാറ്റാൻ നാളെ മുതൽ തുടങ്ങാമെന്ന് പറഞ്ഞുകൊണ്ടിരിക്കും. ആ ‘നാളെ’ വരുമ്പോൾ വീണ്ടും അടുത്ത നാളിലേക്ക് മാറ്റും. അങ്ങനെ ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ തിരിച്ചുപോകാത്ത വിരുന്നുകാരായി മാറും! അതുകൊണ്ട് ഒരു പ്രശ്നം വരുമ്പോൾ ഉടൻ പുറത്തേക്ക് ഓടുന്നതിന് മുമ്പ്, ഒന്ന് അകത്തേക്ക് നോക്കുന്നത് നല്ലതാണ്.
അകത്തേക്ക് നോക്കുക എന്നത് എന്താണ്? വളരെ ലളിതമാണ്. “എനിക്ക് ഇതിനെക്കുറിച്ച് ശരിക്കും എന്താണ് തോന്നുന്നത്? എന്റെ ഉള്ളിലെ ആദ്യ പ്രതികരണം എന്താണ്? ഇത് എന്റെ ജീവിതത്തിൽ ഞാൻ വിലമതിക്കുന്ന കാര്യങ്ങളുമായി ചേരുന്നുണ്ടോ?” എന്ന് സ്വയം ചോദിക്കുക.
നമ്മുടെ ശരീരം പോലും ചിലപ്പോൾ നമ്മളോട് സംസാരിക്കാറുണ്ട്. “എനിക്ക് ഒന്നുമില്ല” എന്ന് നമ്മൾ പറയുമ്പോൾ വയറ് വേറെ അഭിപ്രായം പറയാം! ഒരു തീരുമാനത്തെക്കുറിച്ച് “എനിക്ക് നല്ല സന്തോഷമാണ്” എന്ന് നമ്മൾ പറയുമ്പോഴും ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടാകാം. അതെല്ലാം അവഗണിക്കേണ്ടതില്ല. എല്ലാ ഭയവും തെറ്റിന്റെ അടയാളമല്ല; ചിലപ്പോൾ ശരിയായ കാര്യത്തിലേക്കുള്ള ആദ്യ ചുവടും ഭയപ്പെടുത്തും. പക്ഷേ, നമ്മുടെ ഉള്ളിൽ നിന്ന് നിരന്തരം വരുന്ന ആ ചെറിയ ശബ്ദത്തെ കേൾക്കാൻ നമ്മൾ പഠിക്കണം. കാരണം പലപ്പോഴും പ്രശ്നം ഉത്തരം ഇല്ലാത്തതല്ല; ഉത്തരം കേൾക്കാൻ നമ്മൾ തയ്യാറല്ലാത്തതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഉള്ളിലെ ശബ്ദം മാത്രം കേട്ടാൽ മതിയാകില്ല.
പ്രശ്നം വളരെ പഴയതായിരിക്കാം, പല ആളുകളുമായി ബന്ധപ്പെട്ടതായിരിക്കാം, അല്ലെങ്കിൽ നമ്മൾ അതിൽ തന്നെ കുടുങ്ങിപ്പോയിരിക്കാം. അപ്പോൾ വേണ്ടത് ഉത്തരം മാറ്റുകയല്ല, വീക്ഷണരീതി മാറ്റുകയാണ്. ഒരു ചിത്രത്തിന്റെ വളരെ അടുത്ത് നിൽക്കുകയാണെങ്കിൽ അതിലെ ഒരു ചെറിയ ഭാഗം മാത്രമേ കാണൂ. അതിനെ നോക്കി “ഇതെന്തൊരു വിചിത്രമായ ചിത്രം?” എന്ന് നമ്മൾ ചിന്തിച്ചേക്കാം. രണ്ട് ചുവട് പിന്നിലേക്ക് മാറി നോക്കുമ്പോഴാണ് മനസ്സിലാകുന്നത്, അത് ഒരു ആനയുടെ കണ്ണായിരുന്നു എന്ന്! നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരു പ്രശ്നത്തെ മാത്രം നോക്കി നിൽക്കുമ്പോൾ അതാണ് നമ്മുടെ മുഴുവൻ ജീവിതം എന്ന് തോന്നും.
അതുകൊണ്ട് ഒരു പ്രശ്നത്തെ നാല് വശങ്ങളിൽ നിന്ന് നോക്കാം: തിരിഞ്ഞുനോക്കുമ്പോൾ ഇതിൽ നിന്ന് ഞാൻ എന്താണ് പഠിക്കുന്നത്? അകത്തേക്ക് നോക്കുമ്പോൾ ഞാൻ എന്താണ് മനസ്സിലാക്കുന്നത്? ചുറ്റും നോക്കുമ്പോൾ ഇത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു? മുന്നോട്ട് നോക്കുമ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്ന ചെറിയൊരു കാര്യം എന്താണ്?
ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് അവസാനത്തെ ചോദ്യമാണ് “ഇനി എനിക്ക് എന്ത് ചെറിയ കാര്യം ചെയ്യാൻ കഴിയും?” എല്ലാം ഒരുമിച്ച് മാറ്റേണ്ടതില്ല. ജീവിതം ഒരു ദിവസം കൊണ്ട് റീസെറ്റ് ചെയ്യാനുള്ള മൊബൈൽ ബട്ടൺ അല്ല.
ഒരു ചെറിയ ചുവട് മതി. എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിച്ച് സ്വയം ക്ഷീണിച്ചിരിക്കുകയാണെങ്കിൽ, “ഇനി ഒരിക്കലും ആരെയും പ്ലീസ് ചെയ്യില്ല” എന്ന വലിയ പ്രഖ്യാപനം നടത്തേണ്ടതില്ല. ഇന്ന് വേണ്ടാത്ത ഒരു കാര്യത്തിന് ഒരു ചെറിയ “നോ” പറയാം. വർഷങ്ങളായി മാറ്റിവെച്ച ഒരു കാര്യത്തിന് ഇന്ന് പത്ത് മിനുട്ട് നൽകാം. ഒരാളോട് സംസാരിക്കേണ്ടതുണ്ടെങ്കിൽ ഒരു ഫോൺ കോൾ ചെയ്യാം. ചിലപ്പോൾ വലിയ മാറ്റങ്ങളുടെ തുടക്കം വലിയ തീരുമാനങ്ങളിലല്ല, ചെറിയ ധൈര്യങ്ങളിലാണ്. നമ്മൾ പലപ്പോഴും വ്യക്തത വന്നിട്ട് തീരുമാനമെടുക്കാമെന്ന് കരുതുന്നു. പക്ഷേ, ജീവിതത്തിലെ പല കാര്യങ്ങളിലും ആക്്ഷൻ എടുത്തതിന് ശേഷമാണ് ക്ലാരിറ്റി വരുന്നത്. ബസ് വരുമോ എന്ന് ഉറപ്പാകുന്നതുവരെ ബസ് സ്റ്റോപ്പിൽ നിന്ന് ഒരടി പോലും നീങ്ങാതെ നിൽക്കുന്നതുപോലെയാണ് ചിലരുടെ ജീവിതം.
“എല്ലാം ക്ലിയർ ആയാൽ തുടങ്ങാം” എന്ന് കാത്തിരിക്കും. പക്ഷേ, അങ്ങനെ ഒരു ദിവസം വരില്ല. ഇവിടെ നിന്ന് പോയി 500 മീറ്റർ കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിലെ ഒരു ടേൺ ഇടത്തോട്ട് ഉണ്ടെന്ന് പറയാൻ ജീവിതത്തിന് ഗൂഗിൾ മാപ്സ് പോലൊരു സംവിധാനമില്ല! ചില വഴികൾ നടക്കുമ്പോഴാണ് തുറക്കുന്നത്. ചില ഉത്തരങ്ങൾ ശ്രമിക്കുമ്പോഴാണ് കിട്ടുന്നത്. ചില ബന്ധങ്ങളുടെ യഥാർഥ സ്വഭാവം അകലം വന്നശേഷമാണ് മനസ്സിലാകുന്നത്. ചില കഴിവുകൾ ഉണ്ടെന്ന് നമുക്ക് തന്നെ മനസ്സിലാകുന്നത് ശ്രമിച്ചശേഷമാണ്. അതുകൊണ്ട് ഒരു പ്രശ്നത്തിൽ കുടുങ്ങുമ്പോൾ ആദ്യം ഒന്ന് നിർത്തുക.
മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നതിന് മുമ്പ് സ്വന്തം മനസ്സിനോട് ചോദിക്കുക. നമ്മൾ അന്വേഷിക്കുന്ന ഉത്തരം പലപ്പോഴും സ്വന്തം മനസ്സിൽ തന്നെയുണ്ട്. പക്ഷേ, അതിന് മുകളിൽ ഭയം, ശീലം, മറ്റുള്ളവരുടെ അഭിപ്രായം, പഴയ അനുഭവങ്ങൾ, ഓവർതിങ്കിംഗ് എന്നിവയുടെ വലിയൊരു കൂമ്പാരം കിടക്കുന്നുണ്ടാകും. ആ കൂമ്പാരം ഒന്ന് മാറ്റി നോക്കണം. ഒരുപക്ഷേ അവിടെ നമ്മൾ ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന ഉത്തരം തന്നെ ഉണ്ടാകും. പിന്നെ ചെയ്യേണ്ടത് വളരെ ലളിതമാണ് – അത് തിരിച്ചറിയുക, വിശ്വസിക്കുക, ഒരു ചെറിയ ചുവട് എടുക്കുക. കാരണം ജീവിതം മാറുന്നത് എല്ലായ്പ്പോഴും വലിയ തീരുമാനങ്ങളിലൂടെയല്ല; നമ്മൾ വളരെക്കാലമായി ഒഴിവാക്കിക്കൊണ്ടിരുന്ന ആ ചെറിയ തീരുമാനത്തിലൂടെയായിരിക്കും.
Content Highlights:
Making important life decisions often leads to overthinking and confusion from listening to too many opinions. True clarity comes from trusting internal guidance and taking small, actionable steps forward. True transformation occurs when fear is set aside to embrace necessary choices.



