Home rss national malayalam പുതിയ വാർത്ത ഇന്ദ്രിയങ്ങളിൽ ഉറവയെത്തുന്ന ഈറൻ നിലാവ്

ഇന്ദ്രിയങ്ങളിൽ ഉറവയെത്തുന്ന ഈറൻ നിലാവ്

4
0

Source :- SIRAJLIVE NEWS

“ശേഷം കൃഷ്ണനിലാവിൽ ‘ എന്ന ആർ ഉണ്ണിമാധവന്റെ നോവൽ ആഖ്യാനത്തിന്റെ വിപുലവും സൂക്ഷ്‌മവുമായ ബഹുമുഖസാധ്യതകൾ കൊണ്ട് സമ്പന്നമാണ്. ഒരു കൊലപാതകവും അതിന്റെ പൂർവകാല പരിസരവും തുടർന്നു നടക്കുന്ന സംഭവ വികാസങ്ങളും കോർത്തിണക്കി സമയക്രമത്തിൽക്കൂടിയും കാര്യകാരണബന്ധത്തിൽക്കൂടിയും സംഭവക്രമത്തിൽക്കൂടിയും കഥ കല്ലുകടിയില്ലാതെ പറഞ്ഞു പോകുന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചത്. ആദികൃഷ്ണൻ എന്ന കേന്ദ്ര കഥാപാത്രത്തിൽ വിളക്കിച്ചേർക്കുന്ന ഓരോ കണ്ണികൾക്കും ഓരോ കഥയുണ്ട്. നിസ്സാരമെന്ന് കരുതുന്ന കഥാപാത്രങ്ങൾ പോലും വായനക്കാരനുമായി പലതരം ആശയ വിനിമയങ്ങൾ നടത്തുന്നു. വിത്തിൽ നിന്ന് വൃക്ഷത്തിലേക്ക് പടരുക എന്നൊരു സാമാന്യ ശൈലിയുണ്ട് മലയാളത്തിൽ. എന്നാൽ ഈ നോവലിൽ നിറയെ ശാഖകളുള്ള വൃക്ഷത്തെ കാട്ടി അതിൽ നിന്നും വേരിലേക്ക് ലംബമായി പോകുന്ന രീതിയിലാണ് കഥ പറച്ചിൽ.

ആദികൃഷ്ണൻ എന്ന നോവലെഴുത്തുകാരൻ റോഡിൽ വെച്ച് കൊല്ലപ്പെടുന്നു.കൊല ചെയ്തത് ആര് എന്ന വാനക്കാരന്റെ ഉദ്വേഗത്തെ ചേർത്തുപിടിച്ച് നിറയെ ശാഖകളുള്ള വൃക്ഷത്തെ പോലെ പലതരം കഥാ ശാഖകളിലേക്ക് നോവലിസ്റ്റ് കൂട്ടിക്കൊണ്ടുപോകുന്നു. ഭൂതവും വർത്തമാനവും ഇഴ പിരിഞ്ഞു പോകുന്ന കഥയിൽ കുടുംബം, സാമ്പത്തികം, ബന്ധങ്ങളിലെ സംഘർഷങ്ങൾ,വിരഹം, പ്രണയം, ദാമ്പത്യം, ദാമ്പത്യവിരസത, പക, സംശയം, രാഷ്ട്രീയം, രാഷ്ട്രീയ കൗശലങ്ങൾ അങ്ങനെ വിവിധങ്ങളായ മനോ വ്യാപാരങ്ങളിലൂടെ കണ്ണി ചേർത്ത് കഥ മുന്നോട്ടുപോകുന്നു.

കേവലമായ കഥ പറച്ചിലിനപ്പുറം സങ്കീർണമായ മനഃശാസ്ത്ര സാധ്യതകൾ അനായാസം എഴുതിവെക്കാൻ നോവലിസ്റ്റ് ആയ ആർ ഉണ്ണിമാധവന് കഴിയുന്നുണ്ട്. വൈര്യത്തിലും പകയിലും നഷ്ടപ്പെടലിലും വിരസതയിലും പ്രണയ തീവ്രതയിലും ഓരോ മനുഷ്യരും അവരുടെ മനോവ്യാപാരത്തിന്റെ പരിസരത്തെ അടിസ്ഥാനപ്പെടുത്തി എങ്ങനെ പ്രതികരിക്കുമെന്ന് നോവലിസ്റ്റ് സുസാധ്യം വായനയിൽ കൊണ്ടുവരുന്നു.

നോവലിൽ ഒരു കഥാപാത്രം ആദികൃഷ്ണൻ ഒരു കഥയാണെന്ന് പറയുന്നുണ്ട്. കുറച്ചുകൂടി കടത്തിപ്പറഞ്ഞാൽ അയാൾ പോകുന്നിടത്തെല്ലാം അയാളെ കേന്ദ്രമാക്കി ഒരു കഥ സ്വയമേ രൂപപ്പെടുന്നു. ആ കഥ വായനക്കാരന്റെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കും എന്നതാണ് ആർ ഉണ്ണിമാധവന്റെ എഴുത്തിലെ രചനാപരമായ മായാജാലവും.
ആദി കൃഷ്ണന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതിയിൽ വാനക്കാരനും കടന്നുപോകുന്നു. അവരോടൊപ്പം വായനക്കാരനും ചിലരെ സംശയിക്കുന്നു, ചിലരെ മുൻവിധിയോടെ നിരപരാധികളായി പരിഗണിക്കുന്നു. അവസാനം കൊലപാതകിയെ കണ്ടെത്തുന്നതുവരെ ഉദ്വേഗം തീരുന്നില്ല.

കഥയിൽ മാത്രമല്ല, ഭാഷാപ്രയോഗത്തിലും നോവലിസ്റ്റിന്റേതായ ഒരു ശൈലി ഈ പുസ്തകത്തിൽ കാണാം. ദൃശ്യബോധത്തെ തൃപ്തിപ്പെടുത്തുന്ന ബിംബങ്ങൾ ഈ നോവലിന്റെ പല ഭാഗത്തും കാണാം. അദൃശ്യമായതിനെ ദൃശ്യമാക്കി തീർക്കാനുള്ള ഈ പ്രാഥമികവാസന നോവലിസ്റ്റ് കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിജീവനത്തിന്റെ മെയ് വഴക്കം, വാക്കുകൾകൊണ്ട് ഇന്ദ്രിയങ്ങളിൽ പച്ചകുത്തൽ, പരിഭ്രമ കുരുക്ക്, വെറുപ്പിന്റെ കാരമുൾ കാട്, വൈകാരികത കുത്തിയൊലിക്കുക, വിധേയത്വത്തിന്റെ ആകാര വടിവ് തുടങ്ങിയ പുതുമയുള്ള ധാരാളം പദങ്ങൾ നോവലിന്റെ രസം കൂട്ടുന്നു.

പാരമ്പര്യത്തിന്റെ മൂല്യങ്ങളെ അതേപടി അംഗീകരുന്ന ഒരു എഴുത്തുകാരൻ സൃഷ്ടിയിലൂടെ സ്വതന്ത്രമായ കണ്ടെത്തൽ നടത്തുന്നില്ല. ഒരു നല്ല എഴുത്തുകാരൻ സകലവിധ പാരമ്പര്യ പ്രേരണകൾക്ക് അതീതമായി സ്വതന്ത്രമായി എഴുതാൻ കഴിയുന്ന വ്യക്തിയായിരിക്കണം. യമുന എന്ന ട്രാൻസ്ജെൻഡറിൽ തുടങ്ങി, സ്പായിലൂടെയും, അവിഹിതത്തിലൂടെയും, വിരക്തിയോടെ മാറി കിടക്കുന്നു ദമ്പതിമാരിലൂടെയും കഥ കൊണ്ടുപോകുന്ന കഥാ പരീക്ഷണം നോവലിസ്റ്റിന്റെ സ്വതന്ത്ര ചിന്തയുടെ ഉദാഹരണമാണ്. ഭാഷയിൽ ഈറൻ നിലാവ് എന്നൊരു പ്രയോഗമുണ്ട്. എല്ലാ വെളിച്ചവും നിങ്ങൾക്കൽപ്പം ചൂട് പകരുമ്പോൾ ഈറൻ നിലാവ് നിങ്ങളിൽ അൽപ്പം നനവ് പകരുന്നു.

ശേഷം കൃഷ്ണ നിലാവിൽ എന്ന നോവൽ വായന ഹൃദയത്തിൽ അൽപ്പം നനവ് പകരാൻ ശേഷിയുള്ള നോവലാണ്. ലോഗോസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. വി എസ് അനിൽകുമാറിന്റെ അവതാരികയോടെ തുടങ്ങുന്ന ഈ നോവലിൽ 146 പേജുകളിലായി 16 അധ്യായങ്ങൾ ആണുള്ളത്. വളരെ പ്രശസ്തമായ ചേയ, പിതൃനാരസ്യൻ, ശിരസി, തീപ്പൊതി, ശങ്കരമോഹനം, സപിണ്ഡി, പറയി എന്നിവയാണ് ആർ ഉണ്ണി മാധവന്റെ പ്രസിദ്ധീകൃതമായ മറ്റു കൃതികൾ. ഈ നോവലും വായനക്കാരന്റെ ആസ്വാദനത്തിന് പുതുമയും നവഭാവുകത്വവും നൽകുമെന്നതിൽ തർക്കമേയില്ല.

Content Highlights:
Shesham Krishna Nilavil by R Unnimadhavan is a rich narrative exploring a writer’s murder investigation. The novel masterfully blends psychology, human relationships, and suspense across 16 chapters. Published by Logos Books, it offers readers a captivating and emotionally resonant experience.