Source :- SIRAJLIVE NEWS
അഹമ്മദാബാദ് | 24 വര്‍ഷമായി ഒളിവിലായിരുന്ന കൊലക്കേസ് പ്രതി അഹമ്മദാബാദില്‍ പിടിയില്‍. 2002-ല്‍ രാജസ്ഥാനിലെ പാലി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതിയായ ദിനേഷ്ഭായ് അംതാഭായ് അര്‍ജന്‍ഭായ് ദേശായ് (54) ആണ് പിടിയിലായത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ രാജസ്ഥാന്‍ പോലീസിന് കൈമാറി.
രാജസ്ഥാനിലെ ഡുംഗ്ലി ഗ്രാമത്തിലെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 2002-ല്‍ ദിലീറാം എന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളും കൂട്ടാളികളും ചേര്‍ന്ന് ഇയാള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിളില്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. അപകടമെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ 24 വര്‍ഷമായി വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. ബനാസ്‌കന്ത, ഗാന്ധിനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലായി മാറിമാറി താമസിച്ച് വരികയായിരുന്നു.
അഹമ്മദാബാദിലെ വെജല്‍പൂര്‍ പ്രദേശത്ത് ഒളിവില്‍ താമസിച്ച് ബ്രോക്കറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുന്നത്. സാങ്കേതിക സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights:
Ahmedabad Crime Branch has arrested 54-year-old Dinesh Bhai Desai, absconding for 24 years in a 2002 Rajasthan murder case. Desai allegedly killed Diliram over a property dispute in Dungli village by hitting his motorcycle with a car. He was hiding in Gujarat and working as a broker in Vejalpur.




