Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

എംബിഎ പഠനത്തിന് ശേഷം കൃഷിയിലേക്ക് തിരിഞ്ഞ് കാപ്സിക്കം കൃഷിയിലൂടെ നാല് കോടി രൂപയുടെ വരുമാനം സ്വന്തമാക്കി യുവതി. മഹാരാഷ്ട്രയിലെ ജുന്നാറിൽ നിന്നുള്ള പ്രണിത വാമനാണ് ഹൈടെക് കൃഷിയിലൂടെ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് എംബിഎ നേടിയ പ്രണിത, ഒരു ഭക്ഷ്യസംസ്‌കരണ കമ്പനിയിലെ ഇന്റേൺഷിപ്പിന് ശേഷമാണ് കൃഷിയിലേക്ക് തിരിയാൻ തീരുമാനിച്ചത്.
ഇന്റേൺഷിപ്പിനിടെ കാർഷിക മേഖലയിലാണ് തന്റെ ഭാവിയെന്ന് തിരിച്ചറിഞ്ഞതായാണ് പ്രണിത പറയുന്നത്. തുടർന്ന് ഹൈടെക് കൃഷിയുടെ സാധ്യതകൾ മനസിലാക്കിയ അവർ 2020ൽ ഒരു ഏക്കർ സ്ഥലത്ത് പോളിഹൗസ് സ്ഥാപിച്ച് കാപ്സിക്കം കൃഷി ആരംഭിച്ചു.
താപനില, ഈർപ്പം, ജലസേചനം തുടങ്ങിയ ഘടകങ്ങൾ നിയന്ത്രിച്ച് വിളകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്ന രീതിയാണ് പോളിഹൗസ് കൃഷി. കാലാവസ്ഥാ സാഹചര്യങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ച് ചില വിളകൾ വർഷം മുഴുവൻ കൃഷി ചെയ്യാനും ഈ രീതിയിലൂടെ സാധിക്കും.
2020 മാർച്ചിലാണ് പ്രണിത കാപ്സിക്കം കൃഷിക്ക് തുടക്കമിട്ടത്. ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും വിത്തുകൾ വാങ്ങുന്നതിനും ഉൾപ്പെടെയുള്ള പ്രാരംഭ ചെലവുകൾക്കായി സ്വന്തം കുടുംബത്തിൽ നിന്ന് 20 ലക്ഷം രൂപ നിക്ഷേപിച്ചു. ബാക്കി തുക സർക്കാർ സബ്‌സിഡിയിലൂടെയാണ് കണ്ടെത്തിയത്.
കർഷക കുടുംബത്തിൽ നിന്നുള്ള പ്രണിതയ്ക്ക് കൃഷി പുതുമയുള്ള മേഖലയായിരുന്നില്ലെങ്കിലും, പരമ്പരാഗത കൃഷിയിൽ നിന്ന് വ്യത്യസ്തമായി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷിരീതിയാണ് അവർ തെരഞ്ഞെടുത്തത്. എംബിഎ പഠനവും ഇന്റേൺഷിപ്പിലൂടെ നേടിയ അനുഭവവും കാർഷിക സംരംഭമായി കൃഷിയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രണിതയ്ക്ക് പ്രചോദനമായി.

