Home rss national malayalam പുതിയ വാർത്ത എല്‍ നിനോ: നാലര ലക്ഷത്തിലധികം ആളുകള്‍ മരിക്കുമെന്ന് പഠനം

എല്‍ നിനോ: നാലര ലക്ഷത്തിലധികം ആളുകള്‍ മരിക്കുമെന്ന് പഠനം

3
0

Source :- SIRAJLIVE NEWS

ചിക്കാഗോ | സൂര്യന്‍ തലക്കുമുകളില്‍ ആളികത്തുകയാണ്. ആഫ്രിക്കയിലെ സാഹെല്‍ മണല്‍ക്കാടുകളിലൊ, ഇന്ത്യയിലെ ഗ്രാമവീഥികളിലൊ ഉച്ചവെയിലില്‍ വിയര്‍ത്തുനില്‍ക്കുന്ന ഒരു സാധാരണക്കാരന്റെ ദേഹത്തേക്ക് ആ തീക്കാറ്റ് വീശിയടിക്കുന്നത് ജീവശ്വാസം പോലും കവര്‍ന്നെടുത്തുകൊണ്ടാണ്. കുടിവെള്ളത്തിന് വരിനില്‍ക്കുന്ന, തൊഴിലെടുക്കാന്‍ പുറത്തിറങ്ങാതെ നിവൃത്തിയില്ലാതെ മനുഷ്യര്‍ക്ക് താപനിലയിലെ നേരിയ വെത്യാസം പോലും ജീവിതത്തിലും മരണത്തിനുമിടയിലുള്ള അതിര്‍വരമ്പാണ്.

പ്രകൃതി ഒരിക്കല്‍കൂടി അതിന്റെ കൊടിയഭാവം പുറത്തെടുക്കുമ്പോള്‍, വരാനിരിക്കുന്നത് വെറുമൊരു കൊടും വേനലല്ല. നാലരലക്ഷത്തിലധികം മനുഷ്യരുടെ ജീവനെടുക്കാന്‍ പോന്ന കൊടും ദുരന്തമാണെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. പസഫിക് സമുദ്രത്തിന്റെ ആഴത്തില്‍ ചൂടുപിടിച്ചു തുടങ്ങിയ എല്‍ നിനോ എന്ന പ്രതിഭാസം ഇപ്പോള്‍ വെറുമൊരു കാലാവസ്ഥ വ്യതിയാനമല്ല, മറിച്ച് മാനവരാശിയെ തുറിച്ചുനോക്കുന്ന മരണത്തിന്റെ സൈറനാണ്.

ചിക്കാഗോ സര്‍വകലാശാലയിലെ ക്ലൈമറ്റ് ഇംപാക്ട് ലാബ് പുറത്തുവിട്ട പുതിയ പഠനം ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രതിഭാസം മൂലം മാത്രം കടുത്ത ചൂടേറ്റ് മരണപ്പെടാന്‍ സാധ്യതയുള്ളവരുടെ എണ്ണം 4,50,000ത്തിലധികമാണ്. അതായത് ഭൂമി ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തവിധം തീവ്രമായ ഒരു ഉഷ്ണതരംഗമാണ് നമ്മെ കാത്തിരിക്കുന്നത്. സാധാരണ ചാക്രികമായി കടന്നുവരുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. എന്നാല്‍ ഇത്തവണ മനുഷ്യന്‍ പ്രകൃതിയോട് ചെയ്ത ക്രൂരതകളുടെ ഫലമായ ആഗോളതാപനം അതിനെ കടുത്തതാക്കി മാറ്റിയിരിക്കുന്നു.

താപനിലയില്‍ ശരാശരി 1.2 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന പ്രവചിക്കപ്പെടുമ്പോള്‍ അത് വെറുമൊരു അക്കമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. കൊടും ചൂടുള്ള ദിവസങ്ങള്‍ മുന്‍പത്തെക്കാള്‍ 44 ശതമാനം അധികമായി നമ്മെ തേടിയെത്തും. ഈ പ്രകൃതി കോപത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ആരായിരിക്കും എന്ന ചോദ്യത്തിന് ഒട്ടും ആശ്വാസം നല്‍കാത്ത ഉത്തരമാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്: ദാരിദ്രവും പട്ടിണിയും കൊണ്ട് ഇതിനകം വീര്‍പ്പുമുട്ടുന്ന പാവപ്പെട്ട രാജ്യങ്ങള്‍. നിങ്ങളിപ്പോള്‍ തന്നെ ചുട്ടുപൊള്ളുന്ന ഒരു പ്രദേശത്താണ് ജീവിക്കുന്നതെങ്കില്‍ കൂടുന്ന ഒന്നോ രണ്ടോ ഡിഗ്രി താപനിപ നിങ്ങളുടെ ജീവന്‍ തന്നെ അപഹരിച്ചേക്കാം എന്ന് മൈക്കല്‍ ഗ്രീന്‍സ്്റ്റോണ്‍ ഓര്‍മ്മപ്പെടുത്തുന്നത് അതുകൊണ്ടാണ്.

സമ്പന്നര്‍ക്ക് എയര്‍ കണ്ടീഷനുകളുടെ തണുപ്പിലിരുന്ന് ഈ ചൂടിനെ മറികടക്കാം. ആശുപത്രികളും ശുദ്ധജലവും അവര്‍ക്ക് സുരക്ഷിതമായിരിക്കും. എന്നാല്‍ അന്തിയുറങ്ങാന്‍ സുരക്ഷിതമായൊരു മേല്‍ക്കൂര പോലുമില്ലാത്ത കോടിക്കണക്കിന് പാവങ്ങളുടെ അവസ്ഥയെന്താണ്? ആഫ്രക്കയിലെ സാഹെല്‍ മേഖലയില്‍ മാത്രം 66,800ലധികം ആളുകളെ മരണം കാത്തിരിക്കുന്നുവെന്നാണ് ഭീതിജനകമായ കണക്ക്. നൈജീരിയയില്‍ മാത്രം മരണസംഖ്യ 31,400 കടന്നേക്കാം. സുഡാനും ഇന്തോനേഷ്യയും ഇന്ത്യയുമെല്ലാം ഈ പട്ടികയില്‍ മുന്‍നിരയിലുണ്ട്. നമ്മുടെ നാട്ടില്‍ മാത്രം 15,800ലധികം നിരപരാധികളാണ് ചൂടിനാല്‍ മരണപ്പെടാന്‍ പോകുന്നത്. കടലാസിലെ പദ്ധതികളും ഉഷ്ണതരംഗ മുന്നറിയിപ്പുകളും കൊണ്ട് മാത്രം ഒരു ജീവനും രക്ഷിക്കാനാകില്ലന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. 2027 പകുതി വരെ ഈ ചൂടിന്റെ കനലുകള്‍ ആളിക്കത്തുമെന്നാണ് പ്രവചനം. മനുഷ്യന്‍ വരുത്തിവെച്ച വിനകള്‍ക്ക് പ്രകൃതി നല്‍കുന്ന ഈ തിരിച്ചടിയില്‍ ഏറ്റവുമൊടുവില്‍ എരിഞ്ഞുതീരുന്നത് ഭൂമിയിലെ ഏറ്റവും നിസ്സഹായരായ മനുഷ്യരാണ്.

Content Highlights:
A study by the Climate Impact Lab at the University of Chicago warns that the El Nino phenomenon intensified by global warming could cause over 450,000 heat-related deaths worldwide. Developing regions such as Africa’s Sahel, Nigeria, and India face the highest risk from extreme thermal stress. Experts forecast that these severe heatwave conditions may persist until mid-2027.