Home rss national malayalam പുതിയ വാർത്ത ഡൽഹി ഷാലിമാർ ബാഗിൽ മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി

ഡൽഹി ഷാലിമാർ ബാഗിൽ മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി

4
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിൽ റോഡ് വികസനത്തിന്റെ പേരിൽ മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം അർധരാത്രിയാണ് കനത്ത പോലീസ് സുരക്ഷയോടെ ഷാലിമാർ ബാഗിലെ മദീന മസ്ജിദിന്റെ ഒരു ഭാഗവും ഇതിനോട് ചേർന്നുള്ള നിരവധി വീടുകളും പൊളിച്ചുനീക്കിയത്. മാക്സ് ആശുപത്രിയിലേക്കുള്ള റോഡ് വീതി കൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് പൊളിക്കലെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.

കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് അനധികൃതമായാണെന്നും മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നുവെന്നും അധികൃതർ അവകാശപ്പെട്ടു. എന്നാൽ നോട്ടീസിന് മറുപടി നൽകാനും നിയമപരമായ പരിഹാരം തേടാനും മതിയായ സമയം നൽകാതെയാണ് പൊളിച്ചതെന്ന് മസ്ജിദ് കമ്മിറ്റി ആരോപിച്ചു. അഭിഭാഷകന്റെ നിർദേശപ്രകാരം രേഖകളുടെ വ്യക്തമായ പകർപ്പുകൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിനിടെ എം സി ഡി ഒന്നാം നോട്ടീസും പിന്നീട് രണ്ടാമത്തെയും മൂന്നാമത്തെയും നോട്ടീസുകളും നൽകി. 15 ദിവസത്തിനുള്ളിൽ പൊളിക്കൽ നടപടി ഉണ്ടാകുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കമ്മിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ആദ്യ വാദം കേൾക്കലിനിടെ, വൈദ്യുതി മീറ്ററുള്ള മസ്ജിദിന്റെ ഒരു നില അംഗീകരിക്കപ്പെട്ടതാണെന്നും എന്നാൽ ശേഷിക്കുന്ന ഭാഗം പുതിയ നിർമാണമായാണ് കണക്കാക്കിയതെന്നുമാണ് അധികൃതർ വാദിച്ചത്.

എന്നാൽ മസ്ജിദിന്റെ മൂന്ന് നിലകളും 2001ൽ തന്നെ നിർമിച്ചതാണെന്ന് തെളിയിക്കുന്ന സൈറ്റ് പ്ലാനുകൾ ട്രൈബ്യൂണലിൽ സമർപ്പിച്ചിരുന്നുവെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു. ഷാലിമാർ ബാഗിലെ നിരവധി വീടുകൾ സമാനമായി പണി കഴിപ്പിച്ചതാണ്. എന്നാൽ മസ്ജിദിനെ മാത്രം അനധികൃതമായി വേർതിരിച്ച് കാണുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. രാത്രി വൈകിയുള്ള പൊളിക്കലും പ്രദേശത്തെ നിയന്ത്രണവും പ്രതിഷേധത്തിനിടയാക്കിയതിനെത്തുടർന്ന് പൊളിക്കൽ നടപടി പിന്നീട് നിർത്തിവെച്ചു. ബുൾഡോസറുകൾ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. എന്നാൽ പ്രദേശത്ത് പോലീസ് സന്നാഹം തുടരുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ആറ് വർഷത്തിനിടെ മസ്ജിദുകൾ, മദ്‌റസകൾ, ദർഗകൾ, മറ്റ് മുസ്‌ലിം മത-സമുദായ സ്വത്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് 2,100ലധികം ഒഴിപ്പിക്കൽ സംഭവങ്ങൾ നടന്നതായാണ് റിപോർട്ട്. 2020-26 വരെയുള്ള കാലയളവിനെ ആസ്പദമാക്കി “മില്ലത്ത് ടൈംസ്’ എന്ന സ്ഥാപനം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, അസം എന്നിവിടങ്ങളിലായി നടപടികൾ വ്യാപിച്ചുകിടക്കുന്നു. മുനിസിപൽ-ജില്ലാ ഭരണകൂടങ്ങൾ മുതൽ വികസന-വനം-പൊതുമരാമത്ത് വകുപ്പുകൾ വരെയുള്ള വിവിധ അധികൃതരാണ് ഇതിൽ ഉൾപ്പെടുന്നത്. കൈയേറ്റം, അനധികൃത നിർമാണം, സർക്കാർ-വനംഭൂമി കൈവശപ്പെടുത്തൽ, റോഡ് വികസനം, മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് അധികൃതർ പ്രധാനമായും നടപടികളെ ന്യായീകരിച്ചിട്ടുള്ളത്.

Content Highlights:
A portion of Madina Masjid and nearby houses in Delhi’s Shalimar Bagh were demolished overnight for road widening to Max Hospital. The mosque committee alleged the MCD acted without giving adequate legal response time. Reports indicate over 2,100 Muslim properties were evicted in six years.