Source :- EVARTHA NEWS
കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ചതിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. രവീന്ദ്രന്റെ നിയമനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റുകൾക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ് മാത്യു മറുപടി നൽകിയത്.
ചെയർമാൻ സ്ഥാനത്തേക്ക് രവീന്ദ്രനെ പ്രഖ്യാപിച്ചതുമുതൽ തന്റെ അഭ്യുദയകാംക്ഷികൾ, പ്രത്യേകിച്ച് ഇടതുപക്ഷ അനുഭാവികളെന്ന് അദ്ദേഹം പരിഹസിച്ചവർ, വിഷമത്തിലാണെന്ന് ജോയ് മാത്യു കുറിച്ചു. രവീന്ദ്രനും ടീമിനും ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലായിരുന്നു പരാമർശം.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ജോയ് മാത്യുവിനെയും സർക്കാർ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രവീന്ദ്രനെ ചെയർമാനായി തീരുമാനിച്ചതിന് പിന്നാലെ ജോയ് മാത്യുവിനെ പരിഹസിച്ചുള്ള ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ജോയ് മാത്യുവിന്റെ പ്രതികരണം.
അതേസമയം, കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്കും പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാനാകും. ജി. വേണുഗോപാൽ കേരള സംഗീത നാടക അക്കാദമി ചെയർമാനാകും. പ്രേം കുമാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ. എം. രഞ്ജിത്ത് കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനാകും.
കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. നടൻ രവീന്ദ്രൻ ചെയർമാനായും നടി പ്രിയങ്ക നായർ വൈസ് ചെയർപേഴ്സണായും ചുമതലയേൽക്കും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും.
ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ്കുമാർ, സലീം ഹസൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി. ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണ് ജനറൽ കൗൺസിലിലെ മറ്റ് അംഗങ്ങൾ.


