Source :- SIRAJLIVE NEWS
ചീഫ് ഇലക്്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കൈയൊഴിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തയ്യാറാകുകയില്ല. ചിലപ്പോള്‍ പൊടിക്കൈകള്‍ നടത്തി മുഖം രക്ഷിക്കാന്‍ ശ്രമം നടന്നേക്കാം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തരയോഗം ചേര്‍ന്നത് ഇതിന്റെ ഭാഗമായിരുന്നു. എസ് ഐ ആര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ചില തിരുത്തലുകള്‍ നടത്തിയതായി യോഗാനന്തരം കമ്മീഷണര്‍ വ്യക്തമാക്കുകയുണ്ടായി. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉയര്‍ത്തിയ ആശങ്കകളും വിയോജിപ്പുകളും അംഗീകരിക്കുന്നതായിരുന്നു ആ തീരുമാനങ്ങള്‍. ഇ സി ഐ നെറ്റ് പോര്‍ട്ടല്‍ നിലവിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരണമാണോ എന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം പുനഃപരിശോധിക്കുന്നതിനുമായി സമിതിയെ നിയോഗിക്കുമെന്നാണ് കമ്മീഷണര്‍ ഇപ്പോള്‍ പറയുന്നത്. നിലവിലെ സംവിധാനപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിട്ടില്ല.
ഇതു മതിയാകില്ല
നിലവിലെ സംവിധാനത്തില്‍ പോരായ്മയുണ്ടെന്ന് ഭാഗികമായി സമ്മതിച്ച സാഹചര്യത്തില്‍ പ്രസ്തുത സംസ്ഥാനങ്ങളിലെ ഫലം റദ്ദാക്കി പുതുതായി തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. കാരണം വോട്ടര്‍പ്പട്ടികയില്‍ നിന്ന് ലക്ഷങ്ങളെ വെട്ടിനിരത്തിയാണ് ബിഹാറിലും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് നടത്തിയത്. പശ്ചിമ ബംഗാളില്‍ മാത്രം 90 ലക്ഷത്തോളം പേരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയുണ്ടായി. കഴിഞ്ഞ മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ബി ജെ പിക്ക് ലഭിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ 33 ലക്ഷം അധിക വോട്ടുകളാണ്. നന്ദിഗ്രാമില്‍ മത്സരിച്ച മമതാ ബാനര്‍ജി പരാജയപ്പെട്ടത് 15,000 വോട്ടുകള്‍ക്കായിരുന്നു. എന്നാല്‍ നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് നീക്കം ചെയ്തത് 51,000 വോട്ടുകളാണ്. കമ്മീഷന്‍ അടിയന്തരയോഗം ചേര്‍ന്നതും തീരുമാനങ്ങളില്‍ തിരുത്തുവരുത്തിയതും രാജ്യമെങ്ങും ഉയരുന്ന പ്രതിഷേധത്തെ തണുപ്പിക്കാനാണ്. ഇതുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് വരുത്തിവെച്ച കളങ്കം കഴുകിക്കളയാനാകില്ല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ ഇലക്്ഷന്‍ കമ്മീഷനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ചെറുതല്ല. ആരോപണങ്ങളുടെ കേന്ദ്രബിന്ദു ഗ്യാനേഷ് കുമാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള റിതിക ചോപ്രയുടെ വെളിപ്പെടുത്തല്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ, ഈ ഭരണഘടനാ സ്ഥാപനം ചെന്നെത്തിയ അപചയത്തിന്റെ ആഴം ഏതാണ്ട് ജനത്തിന് ബോധ്യമായിരുന്നു.
ഒന്നും ശരിയല്ല
തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനു വേണ്ടിയാണോ സ്ഥാപിതമായത് അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നത്. അര്‍ഹതപ്പെട്ടവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കുക എന്ന മൗലിക തത്ത്വത്തില്‍ നിന്ന് വ്യതിചലിച്ച് ആരെയൊക്കെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാമെന്ന തീവ്ര ആലോചനയിലായിരുന്നു മുഖ്യ കമ്മീഷണര്‍. ഇത്രയും കാലം സാധാരണക്കാരായ ഇന്ത്യന്‍ ജനതയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആശങ്കയും ആരോപണവുമായിരുന്ന ആ സത്യം കമ്മീഷന്‍ അംഗങ്ങള്‍ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്.
ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ഇന്ത്യയില്‍ ജനിച്ച 18 വയസ്സ് തികഞ്ഞ ഓരോ വ്യക്തിയും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരാണ്. എന്നാല്‍ ഗ്യാനേഷ് കുമാറിനും കൂട്ടാളികള്‍ക്കും അത് പോര. നിലവില്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുക അത്ര എളുപ്പമല്ല. ഇത് ഏതെങ്കിലും സാങ്കേതിക തകരാറുകളുടെ പേരില്‍ സംഭവിക്കുന്നതല്ല. ഇലക്്ഷന്‍ കമ്മീഷണര്‍ അടിക്കടി നിയമം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ വോട്ടര്‍ പ്പട്ടികയില്‍ പേരുള്ളവരും പുതുതായി വോട്ട് ചേര്‍ക്കുന്നവരും അവരുടെ മുത്തശ്ശിമാരുടെയും മുത്തച്ഛന്‍മാരുടെയും വോട്ടര്‍ ഐ ഡി ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെടുകയാണ്. കമ്മീഷണര്‍ ഓരോ ഇന്ത്യക്കാരനെയും സംശയത്തോടെ നോക്കിക്കാണുകയാണ്. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, മുന്‍ കേന്ദ്ര മന്ത്രി എല്‍ കെ അഡ്വാനി, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി ഡല്‍ഹിയില്‍ മാത്രം 33 ലക്ഷം പേര്‍ക്ക് യഥാര്‍ഥ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇവിടെ പേര് പറഞ്ഞവരൊക്കെ അവരുടെ സ്ഥാനവലിപ്പവും മറ്റും ഉപയോഗപ്പെടുത്തി പട്ടികയില്‍ പേര് നിലനിര്‍ത്തിയേക്കാം. എന്നാല്‍ ഈ 33 ലക്ഷം പേരില്‍ അര്‍ധ പട്ടിണിക്കാരും വിദ്യാഭ്യാസം ലഭിക്കാതെ പോയവരുമായ സാധാരണക്കാരായ പതിനായിരങ്ങള്‍ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ വോട്ടര്‍ പ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടും.
കൂറെവിടെ?
ഇത് ഡല്‍ഹിയിലെ മാത്രം കണക്കുകളാണ്. നിലവില്‍ രാജ്യത്താകെ 13 കോടിയോളം വോട്ടര്‍മാരെ പട്ടികയില്‍ നീക്കം ചെയ്തു എന്നാണ് കണക്ക്. നീക്കം ചെയ്യുന്നത് ആരുടെ ആവശ്യപ്രകാരമാണെന്ന് എല്ലാവര്‍ക്കും ബോധ്യമാണ്. ബി ജെ പി ടിക്കറ്റില്‍ മത്സരിച്ചാല്‍ മന്ത്രിയാക്കാമെന്ന് തന്നോട് ഗ്യാനേഷ് കുമാര്‍ പറഞ്ഞെന്നാണല്ലോ കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നറിയാന്‍ ഇനി മഷിയിട്ടു നോക്കേണ്ടതില്ല. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിലും രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് രൂപവത്കരിക്കുന്നതിലും പ്രധാന പങ്കുവഹിച്ച് ഗ്യാനേഷ് കുമാര്‍ തന്റെ കൂറ് സംശയലേശമന്യേ തെളിയിക്കുകയും ചെയ്തതാണ്.
ഗ്യാനേഷ് കുമാറിനെയും മറ്റു രണ്ട് പേരെയും മോദി സര്‍ക്കാര്‍ കമ്മീഷണര്‍മാരായി നിയമിച്ചത് പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ചായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയില്‍ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടണമെന്ന് സുപ്രീം കോടതി 2023 മാര്‍ച്ചില്‍ വിധിച്ചിരുന്നു. 2024 മാര്‍ച്ചില്‍ ഇലക്്ഷന്‍ കമ്മീഷണറായി നിയമിക്കപ്പെട്ട ഗ്യാനേഷ് കുമാറിനെ 2025ല്‍ മുഖ്യ കമ്മീഷണറായി നിയമിച്ചു .
തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പാനലില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടുത്തണമെന്ന കോടതി നിര്‍ദേശം അവഗണിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ പകരം നിയമിച്ചത് തന്റെ മന്ത്രിസഭയിലെ അംഗത്തെയാണ്. സഹകരണ വകുപ്പിലടക്കം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴില്‍ പ്രവര്‍ത്തിച്ച ഗ്യാനേഷ് കുമാര്‍ യജമാനന്മാര്‍ തന്നെ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് അരമന രഹസ്യം പുറത്തുകൊണ്ടുവന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനെ സഹ ഉത്തരവാദിത്വമുള്ള സ്വതന്ത്ര സ്ഥാപനമായാണ് നിര്‍വചിക്കുന്നത്. ഇതസരിച്ച് കമ്മീഷന്‍ അംഗങ്ങളായ മൂന്ന് പേരും തുല്യ അധികാരമുള്ളവരാണ്. ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍, ഭൂരിപക്ഷ തീരുമാനത്തിലൂടെ അത് പരിഹരിക്കണം. എന്നാല്‍ ഗ്യാനേഷ് കുമാര്‍ ഈ നിയമം പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടപ്പിലാക്കുന്നുവെന്നാണ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവിന്റെയും വിവേക് ജോഷിയുടെയും പരാതി.
ഇവര്‍ ഉന്നയിച്ച പരാതി വോട്ടര്‍പ്പട്ടികയുടെ പ്രത്യേക പരിഷ്‌കരണവുമായി ബന്ധപ്പെട്ടത് മാത്രമായിരുന്നില്ല. സ്ഥാപനപരമായ സമഗ്രത, ജനാധിപത്യ പ്രവര്‍ത്തനം, സുതാര്യത, അധികാരവികേന്ദ്രീകരണം എന്നിവയിലും രണ്ട് പേരും ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ 10 മാസത്തിനിടെ, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ‘ഫോം 6’ല്‍ നിയമങ്ങൾ പാലിക്കാതെ വരുത്തിയ മാറ്റങ്ങള്‍, ഡാറ്റാബേസ് കൈകാര്യം ചെയ്യുന്ന ഐ ടി വകുപ്പിലെ ജോലി വിഭജനം എന്നിവയുള്‍പ്പെടെ 14 പ്രധാന വിഷയങ്ങളില്‍ ബി ജെ പിക്ക് അനുകൂലമായ നിലപാട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്വീകരിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്ന വോട്ടര്‍ ഡാറ്റാബേസ് ഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ കേന്ദ്ര നിയന്ത്രണത്തിലാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മീഷണറുടെ സമ്പൂര്‍ണ യോഗം ഈ വിഷയങ്ങളില്‍ വ്യക്തത വരുത്തിയിട്ടില്ല.
ഇതാദ്യമല്ല, പക്ഷേ..
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മുമ്പും അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളുമുണ്ടായിട്ടുണ്ട്. ഏകാംഗ കമ്മീഷണര്‍ക്കുപകരം നരസിംഹ റാവു സര്‍ക്കാര്‍ 1993ല്‍ രണ്ട് പേരെക്കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലീകരിച്ചു. പുതുതായി കമ്മീഷണര്‍മാരായി നിയമിച്ചത് എം എസ് ഗില്ലിനെയും ജി വി ജി കൃഷ്ണമൂര്‍ത്തിയെയുമായിരുന്നു. നരസിംഹറാവു സര്‍ക്കാറിന്റെ ഈ തീരുമാനത്തെ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും സര്‍ക്കാര്‍ തീരുമാനം ശരിവെക്കുകയായിരുന്നു കോടതി.
മൂന്നംഗങ്ങള്‍ക്കും തുല്യ പദവിയായിരിക്കുമെന്ന് വിധിയില്‍ പ്രസ്താവിക്കുകയും ചെയ്തു.
2009ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമിയും കമ്മീഷണര്‍ നവീന്‍ ചൗളയുമായി തര്‍ക്കമുണ്ടായി. നവീന്‍ ചൗളയെ നീക്കം ചെയ്യണമെന്നു ഗോപാലസ്വാമി രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നിടത്തോളം അവര്‍ തമ്മിലുള്ള ഭിന്നത വളര്‍ന്നു. ഗോപാലസ്വാമിയുടെ ആവശ്യം രാഷ്ട്രപതി നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കമ്മീഷണര്‍മാരായിരുന്ന അശോക് ലവാസയും അരുണ്‍ ഗോയലും മുഖ്യ കമ്മീഷണര്‍മാരുമായും സര്‍ക്കാറുമായും അഭിപ്രായഐക്യത്തിലായിരുന്നില്ല. ആ തര്‍ക്കങ്ങള്‍ കമ്മീഷണര്‍മാരുടെ അധികാരംചൊല്ലിയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഭിന്നത വോട്ടര്‍മാരെ നിഷ്‌കരുണം വെട്ടിമാറ്റി, ഭരിക്കുന്ന പാര്‍ട്ടിയെ പരസ്യമായി സഹായിക്കുന്ന നിലപാടില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെച്ചാല്‍ പോര. അദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ നടപടികൂടി സ്വീകരിക്കണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി സുരക്ഷക്ക് അത് അനിവാര്യമാണ്.
Content Highlights:
Severe allegations have emerged against Chief Election Commissioner Gyanesh Kumar regarding unauthorized voter list deletions and operational bias. Disagreements within the commission surfaced after commissioners raised concerns over decision-making processes. Opposition leaders demand strict action and accountability to protect democratic integrity.




