Home rss business malayalam അടൂർ പ്രകാശിന്റെ വിമർശനം; ‘സർക്കാരിനെ അട്ടിമറിക്കാൻ നീക്കം’ എന്ന് സതീശൻ പക്ഷം

അടൂർ പ്രകാശിന്റെ വിമർശനം; ‘സർക്കാരിനെ അട്ടിമറിക്കാൻ നീക്കം’ എന്ന് സതീശൻ പക്ഷം

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിന് പിന്നാലെ കോൺഗ്രസിലെ ഭിന്നത കൂടുതൽ ചർച്ചയാകുന്നു. അടൂർ പ്രകാശിന്റെ പ്രതികരണത്തിന് പിന്നിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള സംഘടിത നീക്കമുണ്ടെന്ന ആരോപണവുമായി സതീശൻ പക്ഷം രംഗത്തെത്തി.

അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിന്റെ പിന്തുണയുണ്ടോയെന്ന സംശയവും സതീശൻ പക്ഷത്തെ ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ നിലപാടുകളെയും ഇവർ ചോദ്യം ചെയ്യുന്നു. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനക്കുറവ് സംബന്ധിച്ച് ദീപ ദാസ് മുൻഷി നേരത്തെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അടൂർ പ്രകാശ് മറ്റന്നാൾ ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് സതീശൻ പക്ഷത്തിന്റെ ആരോപണങ്ങൾ ശക്തമായത്. ഡൽഹിയിലെ സമരപരിപാടിയിൽ പങ്കെടുക്കുന്നതിനൊപ്പം എഐസിസി നേതൃത്വത്തെ കണ്ട് തന്റെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയും യുഡിഎഫിലെ കൂടിയാലോചനാ സംവിധാനവുമായി ബന്ധപ്പെട്ട പരാതികളും ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് അടൂർ പ്രകാശിന്റെ നീക്കം.

അതേസമയം, തന്റെ നിലപാടിന് പിന്നിൽ മറ്റാരുടെയും പിന്തുണയില്ലെന്നും താൻ നേരിട്ട് അനുഭവിച്ച കാര്യങ്ങളാണ് പരസ്യമായി ഉന്നയിച്ചതെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനങ്ങളോടല്ല, യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നെ ആവശ്യമായ കാര്യങ്ങളിൽ കൂടിയാലോചന നടത്താത്തതിനോടാണ് എതിർപ്പെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ അടൂർ പ്രകാശിന്റെ പ്രതികരണം മനപ്പൂർവമാണെന്നാണ് സതീശൻ പക്ഷത്തിന്റെ ആരോപണം. സർക്കാർ രൂപീകരിച്ചതിന് പിന്നാലെ എടുത്ത വിവിധ തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിലും ചർച്ചകൾ തുടരുകയാണെന്നും സതീശൻ പക്ഷം പറയുന്നു.

കാബിനറ്റ് റാങ്കോടെയുള്ള രണ്ട് നിയമനങ്ങളാണ് അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിന് പ്രധാന കാരണം. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായും ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനങ്ങളെക്കുറിച്ച് തനിക്ക് നേരിട്ട് അറിയില്ലായിരുന്നുവെന്നാണ് അടൂർ പ്രകാശിന്റെ പരാതി. ഇരു നിയമനങ്ങളും സംബന്ധിച്ച് മുന്നണിയിൽ കൂടിയാലോചന നടന്നിരുന്നുവെന്നാണ് സതീശൻ പക്ഷത്തിന്റെ നിലപാട്.

അടൂർ പ്രകാശ് എഐസിസിയെ സമീപിക്കുന്നതോടെ വിഷയം ദേശീയ നേതൃത്വത്തിന് മുന്നിലെത്തുകയാണ്. അതിനിടെ കോൺഗ്രസിനുള്ളിലെ മറ്റ് നേതാക്കളും വിഷയത്തിൽ പ്രതികരിച്ചതോടെ പാർട്ടിയിലെ ആഭ്യന്തര ചർച്ചകൾ കൂടുതൽ സജീവമായിട്ടുണ്ട്.