Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയെ നേരിൽ കണ്ട് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. യുഡിഎഫിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന അതൃപ്തിയാണ് അടൂർ പ്രകാശ് ഖർഗെയെ അറിയിച്ചത്. പരാതി നൽകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.
ഡൽഹിയിലെ ഇന്ദിരാഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുന്‍ഷിയുമായും അടൂർ പ്രകാശ് ചർച്ച നടത്തി. നാളെ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ദിരാഭവനിലെത്തിയിരുന്നു.
മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷൻ ചെയർമാനാക്കിയതും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കിയതും യുഡിഎഫിൽ ചർച്ച ചെയ്തില്ലെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന ആക്ഷേപം. സർക്കാരിന്റെ പല പ്രധാന തീരുമാനങ്ങളും യുഡിഎഫ് കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു.
അതിനിടെ, ഡൽഹിയിലെ അടൂർ പ്രകാശിന്റെ വസതിയിൽ മന്ത്രി അനൂപ് ജേക്കബ് എത്തി. സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നാണ് അനൂപ് ജേക്കബ് വിശദീകരിച്ചത്.
അതേസമയം, ആരെക്കുറിച്ചും പരാതി പറയാനല്ല ഡൽഹിയിലെത്തിയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. അടൂർ പ്രകാശ് നൽകിയ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന അഭിപ്രായമില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
പരസ്യപ്രതികരണങ്ങൾ ദോഷകരമാകുമെന്ന കാര്യം ഹൈക്കമാൻഡിനെ പ്രത്യേകം ബോധ്യപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഇക്കാര്യത്തിൽ എഐസിസിക്ക് വ്യക്തമായ ധാരണയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.സി. വേണുഗോപാൽ തന്നെ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


