Home rss national malayalam പുതിയ വാർത്ത കളി കലക്കും

കളി കലക്കും

4
0

Source :- SIRAJLIVE NEWS

ലക്നോ | ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണത്തിളക്കവുമായി ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീം വീണ്ടും കളത്തിലിറങ്ങുന്നു. ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. ലക്നോയിലെ എകാന സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലക്നോവിനു പുറമെ റാഞ്ചി, ഇന്‍ഡോര്‍, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന നാല് മത്സരങ്ങള്‍ നടക്കുക. വി വി എസ് ലക്ഷ്മണ്‍ പരിശീലിപ്പിച്ച ഇന്ത്യ 19 റണ്‍സിന് പാകിസ്താനെ തോല്‍പ്പിച്ചാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത്. ലക്ഷ്മണിനു പകരം ഗൗതം ഗംഭീര്‍ ടി20 ടീമിന്റെ ചുമതലയേറ്റെടുത്തു. ശ്രേയസ്സ് അയ്യര്‍ നായകനായ ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ് മത്സരത്തിനിറങ്ങുന്നത്. സിംബാംബ്‌വേക്കും അഫ്ഗാനിസ്താനുമെതിരായ പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടീം.

ഗംഭീറിന് തലവേദന
ഓപണറായി യുവതാരം വൈഭവ് സൂര്യവംശിയെ ഇറക്കണോ അതോ ടി20 ലോകകപ്പിലെ ഹീറോയായ മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗൗതം ഗംഭീറിന് ഏറെ ആലോചനകള്‍ വേണ്ടിവരും. ഏഷ്യന്‍ ഗെയിംസില്‍ മിന്നിയ അഭിഷേക് ശര്‍മ ഓപണറായി ഇറങ്ങുമെന്നുറപ്പാണ്. ഗംഭീറിന്റെ ശൈലി പ്രകാരം സഞ്ജുവിനെയും വൈഭവിനെയും ഒരുമിച്ചു കളിപ്പിക്കാന്‍ സാധ്യതയില്ല. ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ നടന്ന കൊറോഗി സ്പോര്‍ട്സ് പാര്‍ക്കിലെ, ബാറ്റ് ചെയ്യാന്‍ പ്രയാസം നേരിട്ട പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് സഞ്ജു, അഭിഷേക്, വൈഭവ് എന്നിവരെ ഒരേ ടീമില്‍ കളിപ്പിച്ചിരുന്നു. അഭിഷേകും വൈഭവും ഓപണര്‍മാരായപ്പോള്‍ സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് വീശിയത്. എന്നാല്‍, രണ്ട് ഇന്നിംഗ്സുകളിലും സഞ്ജു പരാജയപ്പെട്ടു. എന്നാല്‍, ഇന്ത്യയില്‍ നടന്ന അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയില്‍ സഞ്ജു രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു. എകാന സ്റ്റേഡിയത്തിലെ ബാറ്റിംഗിനനുകൂലമായ പിച്ചില്‍, മധ്യനിരയില്‍ ആള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഢിയുടെ സാന്നിധ്യമുള്ളതിനാല്‍ സഞ്ജുവിനെ വീണ്ടും ഓപണിംഗ് സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ കോച്ച് ആഗ്രഹിച്ചേക്കാം.

വേണം പേസ്
അര്‍ഷ്ദീപ് സിംഗിന് പിന്തുണ നല്‍കാന്‍ പരിചയസമ്പത്തുള്ള ഒരു പേസര്‍ ടീമിലില്ലാത്തത് ആശങ്കയാണ്. ടീമിലെ മറ്റ് പേസര്‍മാരായ മയാങ്ക് യാദവ് ആറും പ്രിന്‍സ് യാദവ് മൂന്നും ടി20 മത്സരങ്ങളേ ഇതുവരെ കളിച്ചിട്ടുള്ളൂ. സ്പിന്‍ നിരയുടെ ചുമതല അക്ഷര്‍ പട്ടേലിനും കുല്‍ദീപ് യാദവിനുമാണ്. രവി ബിഷ്ണോയിയും ടീമിലുണ്ട്. ശ്രേയസ്സ് അയ്യര്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ എന്നിവര്‍ മധ്യനിരയില്‍ ബാറ്റിംഗിന് കരുത്തുപകരും. ബാറ്റിംഗ് നിര കൂടുതല്‍ ശക്തമാക്കാന്‍ നമാന്‍ ധീറിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അഭിഷേക് ശര്‍മയെ ബൗളിംഗിനും നിയോഗിച്ചേക്കാം.

ഐ പി എല്ലില്‍ ഇന്ത്യന്‍ പിച്ചുകളില്‍ ഏറെ കളിച്ച് പരിചയമുള്ള റൊമാരിയോ ഷെപ്പേര്‍ഡ്, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അഖീല്‍ ഹുസൈന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിന്‍ഡീസും പ്രതീക്ഷയിലാണ്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കരീബിയന്‍ ടീം എത്തുന്നത്.

ഇരു ടീമുകളും ഇതുവരെ 31 തവണയാണ് ടി20യില്‍ ഏറ്റുമുട്ടിയത്. ഇന്ത്യ 20ഉം വിന്‍ഡീസ് പത്തും മത്സരങ്ങള്‍ ജയിച്ചു. ഒരു കളി ഫലമില്ലാതെ അവസാനിച്ചു.

Content Highlights: India will lock horns with West Indies in the first T20 match today at 7 PM IST. Both teams are looking to set a strong tone for the series with high-octane performances. Cricket enthusiasts can follow real-time score updates and comprehensive match insights on Siraj Live.