Source :- SIRAJLIVE NEWS
തിരുവനന്തപുരം | അര്‍ജന്റീനാ ടീമിന്റെ കേരള സന്ദര്‍ശന വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്താന്‍ സര്‍ക്കാറിനോട് സംസ്ഥാന പോലീസ് മേധാവി അനുമതി തേടി. നിലവിലെ എസ് ഐ ടി തന്നെ അന്വേഷണം നടത്തിയാല്‍ മതിയാകുമെന്നും ഡി ജി പി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍മന്ത്രി വി അബ്ദുര്‍റഹ്മാന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലി, മന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്.
മന്ത്രിമാര്‍ക്കോ മുന്‍മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ അവരുടെ കര്‍ത്തവ്യത്തിന്റെ ഭാഗമായി നടപ്പാക്കിയ കാര്യത്തില്‍ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. നിലവില്‍ തട്ടിപ്പ്, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മൂന്ന് പേരെയും പ്രതിചേര്‍ത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എസ് ഐ ടി നീക്കം. തുടക്കത്തില്‍ സ്പോണ്‍സര്‍ക്കെതിരെ മാത്രം അന്വേഷിച്ചിരുന്ന കേസില്‍ പിന്നീട് മുന്‍മന്ത്രി, പേഴ്സണല്‍ സ്റ്റാഫ് അടക്കം മറ്റുള്ളവരുടെ പങ്കും അന്വേഷണപരിധിയിലാക്കിയിരുന്നു. എസ് ഐ ടി അന്വേഷണ റിപോര്‍ട്ട് പ്രകാരം, അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി വിജിലന്‍സിന് അന്വേഷണം കൈമാറാമെന്ന സാധ്യതയും ഡി ജി പിക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ നിലവിലെ എസ് ഐ ടി തന്നെ അന്വേഷിച്ചാല്‍ മതിയെന്നാണ് ഡി ജി പിയുടെ നിലപാട്.
മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള വിശദമായ അന്വേഷണത്തിന് ശേഷമാകും മുന്‍മന്ത്രി അബ്ദുര്‍റഹ്മാന്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമെടുക്കുക. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണത്തില്‍, പല കാര്യങ്ങള്‍ക്കും മുന്‍മന്ത്രിക്ക് അടക്കം വ്യക്തമായ വിശദീകരണം നല്‍കാനായിട്ടില്ലെന്ന് എസ് ഐ ടി വ്യക്തമാക്കുന്നു.
Content Highlights: The Special Investigation Team probing the Messi Kerala visit controversy has sought sanction to charge former Sports Minister V Abdurahiman under the Prevention of Corruption Act. Investigation revealed misuse of official authority to benefit private sponsors. Following government approval, the SIT will submit the report to Muvattupuzha Vigilance Court.




