Home rss national malayalam പുതിയ വാർത്ത ജെ നന്ദകുമാര്‍ വന്ദേമാതര സെമിനാറിനെത്തി; കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം

ജെ നന്ദകുമാര്‍ വന്ദേമാതര സെമിനാറിനെത്തി; കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം

4
0

Source :- SIRAJLIVE NEWS

കാസര്‍ഗോഡ്| കാസര്‍ഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. വന്ദേമാതരവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ  മുഖ്യപ്രഭാഷകനായി പങ്കെടുപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും പോലീസുമായി ഉന്തും തള്ളുമുണ്ടായി. എസ്എഫ്‌ഐ, എംഎസ്എഫ്, എന്‍എസ്യുഐ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം.

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍വകലാശാലയിലെ ലൈബ്രറി സെമിനാര്‍ ഹാളിലാണ് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യ പ്രഭാഷകനും പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനറുമായ ജെ. നന്ദകുമാറിനെ ക്യാംപസില്‍ എത്തിയാല്‍ തടയുമെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ പ്രഖ്യാപനം. ആര്‍എസ്എസ് നേതാക്കളെ മുഖ്യപ്രഭാഷകരാക്കി നടത്തുന്ന ഈ സെമിനാറിന് അക്കാദമിക പ്രാധാന്യമൊന്നുമില്ലെന്നും ഇത് കാവിവത്കരണ അജണ്ടയുടെ ഭാഗമാണെന്നുമാണ് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നത്.

അതേസമയം, പരിപാടി തടയാന്‍ ശ്രമിച്ചാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സര്‍വകലാശാല അധികൃതരും രംഗത്തെത്തി.സര്‍വകലാശാലയിലെ ഭാഷാ വിഭാഗത്തിന്റെ കൂടി നേതൃത്വത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാറില്‍ അതേ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളെ പോലും കടത്തി വിടുന്നില്ലെന്നാണ് പരാതി. എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് മാത്രമായി നടത്തുന്ന സെമിനാറാണ് നടക്കുന്നതെന്നും സര്‍വകലാശാലയെ പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള നടപടിയാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സര്‍വകലാശാലയിലെ പ്രസ്തുത ഡിപ്പാര്‍ടിമെന്റുകളിലെ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുക്കണമെന്നായിരുന്നു സര്‍വകലാശാലയുടെ നിര്‍ദ്ദേശം. എന്നാല്‍ ഡെലിഗേറ്റുകളായ വിദ്യാര്‍ത്ഥികളെ പോലും സെമിനാര്‍ ഹാളിനുള്ളില്‍ കടത്തി വിടാതെ പോലീസ് തടയുകയാണ്.

ഡെലിഗേറ്റ് ഐഡി കാര്‍ഡ് കാണിച്ച വിദ്യാര്‍ത്ഥികളോട് പോലും വിസിയുടെ നിര്‍ദ്ദേശ പ്രകാരം കടത്തിവിടാന്‍ ആകില്ലെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ സെമിനാറിനായി എത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ പോലീസ് സംരക്ഷണയില്‍ സെമിനാര്‍ ഹളിനുള്ളില്‍ എത്തിച്ചു. വന്ദേമാതരം പൂര്‍ണമായി ആലപിച്ചായിരുന്നു സെമിനാറിന് തുടക്കമായത്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്കെത്തിയ സ്റ്റുഡന്റ്സ് ഡീനിന് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ വിശദീകരകണമോ ഉത്തരമോ നല്‍കാന്‍ സാധിച്ചില്ല.

അതിനിടെ കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി-ലിറ്റ് ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഇടത് സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍ തീരുമാനിച്ചു. ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിരുദം നല്‍കുന്നതുമായി ബന്ധപ്പെട്ട് സെനറ്റിന്റെ അധികാരം മറികടന്ന് ചാന്‍സലറുടെ ഓഫീസ് ഇടപെട്ടതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Content Highlights:
Students protested at Central University of Kerala against RSS leader J Nandakumar attending a Vande Mataram seminar. Police clashed with SFI, MSF, and NSUI workers blocking the event. Meanwhile, Left syndicate members decided to boycott the Calicut University D-Litt function over Vande Mataram.