Home rss business malayalam സാമ്പത്തിക മാന്ദ്യഭീതി; ചൈനയിൽ 670 ബാങ്കുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്

സാമ്പത്തിക മാന്ദ്യഭീതി; ചൈനയിൽ 670 ബാങ്കുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെ ചൈനയിൽ ബാങ്കുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്. രാജ്യത്തെ ധനകാര്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഉയർന്ന മൂലധന ശേഷിയുള്ള വലിയ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുടെ ലയനവും പ്രവർത്തനമവസാനിപ്പിക്കലും അധികൃതർ ശക്തമാക്കിയിരിക്കുകയാണ്.

2025ൽ മാത്രം ചൈനയിൽ 670 ബാങ്കുകൾ അടച്ചുപൂട്ടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചെറുകിട ബാങ്കുകളെ, പ്രത്യേകിച്ച് ഗ്രാമീണ ബാങ്കുകളെ, ലയിപ്പിച്ച് കൂടുതൽ ശക്തമായ ധനകാര്യ സ്ഥാപനങ്ങൾ രൂപീകരിക്കാനാണ് അധികൃതർ പ്രധാനമായും ശ്രമിക്കുന്നത്.

ചൈനീസ് ധനകാര്യ മേഖലയിലെ ഏറ്റവും ദുർബലമായ വിഭാഗങ്ങളിലൊന്നാണ് ചെറുകിട വാണിജ്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളുമെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ച് ചൂണ്ടിക്കാട്ടുന്നു. മോശം ആസ്തി ഗുണനിലവാരം, മൂലധനക്കുറവ്, ഭരണപരമായ വീഴ്ചകൾ തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരം ബാങ്കുകൾ നേരിടുന്നുണ്ട്.

ഗ്രാമീണ ബാങ്കുകളുടെ ആസ്തിയിൽ നിന്നുള്ള വരുമാനം 2021ലെ 0.56 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷത്തിന്റെ ആദ്യ പകുതിയിൽ 0.45 ശതമാനമായി കുറഞ്ഞതായും ഫിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഈ വിഭാഗം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2.8 ശതമാനമായി ഉയർന്നതായും റിപ്പോർട്ടിലുണ്ട്.

ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ വളർച്ചാ വേഗതയിലുണ്ടായ ഇടിവും ആശങ്ക വർധിപ്പിക്കുന്നുണ്ട്. രണ്ടാം പാദത്തിലെ ചൈനയുടെ ജിഡിപി വളർച്ച 4.3 ശതമാനമായിരുന്നു. 2022ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.

വ്യാവസായിക മേഖലയിലും സമാനമായ സമ്മർദമാണ് പ്രകടമാകുന്നത്. ഓഗസ്റ്റിലെ വ്യാവസായിക ലാഭം 4.2 ശതമാനം കുറഞ്ഞു. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്. സാമ്പത്തിക വളർച്ചയിലെ മന്ദഗതിയും ബാങ്കിങ് മേഖലയിലെ ആസ്തി ഗുണനിലവാര പ്രശ്നങ്ങളും ചൈനീസ് ധനകാര്യ മേഖലയിലെ സമ്മർദം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ബാങ്കുകളുടെ പുനഃസംഘടന ശക്തമാക്കുന്നത്.