Source :- SIRAJLIVE NEWS
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. ജനാധിപത്യത്തിനു വേണ്ടിയുള്ള പൗരന്മാരുടെ ശബ്ദം നിലച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ജന്തര്‍ മന്തറിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും നടക്കുന്ന ജനരോഷപ്രകടനം.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ താഴെയിറക്കാന്‍ കാണിച്ച ജനരോഷം തീവ്രശക്തിയോടെ നിലനില്‍ക്കുന്നു എന്നത് ഭരണകൂടം കാണാതെ പോകരുത്. പ്രതിപക്ഷ പ്രതിഷേധത്തോടൊപ്പം രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള, സുപ്രീം കോടതിയിലെ ജസ്റ്റിസ് ഉജ്വല്‍ ഭുയാന്റെ തുറന്നു പറച്ചില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനക്കെതിരായ ആക്രമണമെന്നാണ് ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ ഈ വോട്ടവകാശ നിഷേധത്തെ വിശേഷിപ്പിച്ചത്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുകയും അവരെ സ്വന്തം രാജ്യത്ത് വോട്ടില്ലാത്ത പൗരന്മാരാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയ ഭരണഘടനയുടെ അടിസ്ഥാനലംഘനമാണെന്ന് ജസ്റ്റിസ് ഭുയാന്‍ ഓര്‍മിപ്പിച്ചു.
വോട്ടര്‍പ്പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) എന്ന പേരില്‍ വലിയൊരു വിഭാഗം വോട്ടര്‍മാരുടെ വിശിഷ്യാ മുസ്‌ലിംകളുടെയും ദളിതുകളുടെയും വോട്ടവകാശം എടുത്തുകളഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനം ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനയെ കൊലപ്പെടുത്തി ഭൂരിപക്ഷ വംശീയ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ്് കമ്മീഷണര്‍ ചുവപ്പ് പരവതാനി വിരിക്കുകയാണ്.
വോട്ടര്‍പ്പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനുള്ള ഫോം ആറില്‍ വരുത്തിയ മാറ്റം സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദം കള്ളമാണെന്ന് സുപ്രീം കോടതിക്ക് തന്നെ തുറന്നു പറയേണ്ടിവന്നു. അതെ, ആര്‍ക്ക് വേണ്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പെടാപ്പാട് പെടുന്നതെന്ന് വ്യക്തം. പ്രതിപക്ഷവും വിദ്യാര്‍ഥി സംഘടനകളും ചൂണ്ടിക്കാട്ടുന്നതു പോലെ ഈ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മാത്രമായി കൈകൊണ്ടതല്ല. രാജ്യത്തെ മത ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളെ അപരവത്കരിക്കുക എന്ന സംഘ്പരിവാര്‍ അജന്‍ഡയുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്ന് ന്യായമായും സംശയിക്കാം. രാജ്യത്തെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒരു വിഭാഗത്തെ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വാജ്പയ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി എല്‍ കെ അദ്വാനി നടത്തിയ ഒരു പത്രസമ്മേളനത്തെ കുറിച്ച് കശ്മീര്‍ ടൈംസ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഡല്‍ഹി ലേഖകനായിരുന്ന ഇഫ്തിഖാര്‍ ഗീലാനി ഈയിടെ അനുസ്മരിക്കുകയുണ്ടായി. വൈകുന്നേരങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരായ ഞങ്ങള്‍ പാര്‍ലിമെന്റിന്റെ ഇടനാഴികളില്‍ ഒത്തുകൂടാറുണ്ടായിരുന്നു. ഒരു ദിവസം ആഭ്യന്തര സെക്രട്ടറി ദീപക് ചോപ്ര പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ആഭ്യന്തര മന്ത്രി അദ്വാനിയെ കണ്ടു. അദ്വാനി അന്നത്തെ പത്രസമ്മേളനത്തില്‍ പ്രധാനമായി പറഞ്ഞത്, രാജ്യത്ത് നിരവധി അനധികൃത താമസക്കാര്‍ ഉണ്ടെന്നായിരുന്നു. തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് അഞ്ച് കോടി അനധികൃത താമസക്കാരുണ്ട്. വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്ത്, അവര്‍ രാജ്യത്ത് വിവിധ ഇടങ്ങളിലായി താമസിക്കുകയാണ്. അവരെ കണ്ടെത്തി നാടുകടത്തുമെന്നായിരുന്നു അദ്വാനിയുടെ പത്രസമ്മേളനത്തിലെ ഹൈലൈറ്റ് എന്ന് ഇഫ്തിഖാര്‍ ഗീലാനി ഓര്‍ക്കുന്നു. അദ്വാനി പത്രസമ്മേളനത്തില്‍ പറഞ്ഞതിന്റെ തുടര്‍ നടപടികള്‍ അന്നുണ്ടായില്ല. അനധികൃത വോട്ടര്‍മാര്‍ എന്ന് അദ്വാനി ചാപ്പ കുത്തിയ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളടക്കമുള്ളവരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങിയത് 20 വര്‍ഷത്തിനു ശേഷം നരേന്ദ്ര മോദി സര്‍ക്കാറാണ്. മുസ്‌ലിംകളോടൊപ്പം നല്ലൊരു വിഭാഗം ദളിതരെയും മോദി സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. ഇതിനിടയില്‍ ഒരു കാവ്യനീതി കൂടി സംഭവിക്കുകയുണ്ടായി. ഡല്‍ഹിയിലെ വോട്ടര്‍പ്പട്ടികയില്‍ തിരഞ്ഞെടുപ്പ്് കമ്മീഷണര്‍ ലിസ്റ്റ് ചെയ്ത സംശയാസ്പദമായ വോട്ടര്‍മാരില്‍ ഒരാള്‍ എല്‍ കെ അദ്വാനിയാണെന്ന ആ കാവ്യ നീതിക്ക് നമുക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. അദ്വാനിയോട് രേഖകള്‍ ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ്് കമ്മീഷണര്‍ ആവശ്യപ്പെടുകയുണ്ടായി. അനധികൃത വോട്ടര്‍മാരെ തിരയാനിറങ്ങിയ വേട്ടക്കാരന്‍ തന്നെ ഒടുവില്‍ ഇരയായി മാറുകയായിരുന്നു.
രാജ്യത്തെ അനധികൃത വോട്ടര്‍മാരെ കുറിച്ച് അദ്വാനി പത്രസമ്മേളനം നടത്തിയത് 20 വര്‍ഷം മുമ്പാണെങ്കില്‍, ആ അനധികൃതര്‍ ആരാണെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ 60 വര്‍ഷം മുമ്പ് തുറന്നു പറഞ്ഞിരുന്നു. ജനസംഘം അധ്യക്ഷന്‍ ദീന്‍ ദയാല്‍ ഉപാധ്യായ, ആര്‍ എസ് എസ് മേധാവി എം എസ് ഗോള്‍വാള്‍ക്കര്‍, ഗാന്ധിയനായ ആചാര്യ വിനോബഭാവെ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ആര്‍ എസ് എസ് 1965ല്‍ ആന്ധ്രപ്രദേശില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത ക്യാമ്പില്‍ സംസാരിച്ച വിനോബഭാവെ മുസ്‌ലിംകളോട് ആര്‍ എസ് എസ് ശത്രുത പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്തു സംസാരിച്ചു. തുടര്‍ന്ന് പ്രസംഗിച്ച ഗോള്‍വാള്‍ക്കര്‍ സംസാരിച്ചത് മുസ്‌ലിംകളെ രാഷ്ട്രീയമായി പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. “നമ്മള്‍ മുസ്‌ലിംകളുടെ ശത്രുക്കളല്ല. മുസ്‌ലിംകള്‍ക്കിടയില്‍ നല്ല വ്യക്തികളും ഹിന്ദുക്കള്‍ക്കിടയില്‍ മോശം വ്യക്തികളും ഉണ്ടാകാം. എന്നാല്‍ ഇവിടെ പരിഗണിക്കേണ്ട കാര്യം, ഒരു ഹിന്ദു വ്യക്തി എന്ന നിലയില്‍ മോശമായിരിക്കാം, എന്നാല്‍ അവനെ മൊത്തത്തില്‍ എടുത്തു പരിശോധിച്ചാല്‍ അവന്‍ ഇന്ത്യക്കാരനായിരിക്കും. എന്നാല്‍ മുസ്‌ലിമിന്റെ കാര്യം ഇതിനു വിപരീതമാണ്. ഒരു മുസ്‌ലിം ഒരു വ്യക്തി എന്ന നിലയില്‍ നല്ലവനായിരിക്കാം, പക്ഷേ മൊത്തത്തില്‍ പരിശോധിച്ചാല്‍ അവനെ ഇന്ത്യക്കാരനായി അംഗീകരിക്കാന്‍ കഴിയില്ല’… എസ് ഐ ആറിന്റെ പേരില്‍ രാജ്യത്ത് നടപ്പാക്കുന്നത് ഗോള്‍വാള്‍ക്കറുടെ ഈ നിരീക്ഷണമാണ്. മുസ്‌ലിംകളെ അധികാര രാഷ്ട്രീയത്തില്‍ നിന്നും വോട്ടര്‍പ്പട്ടികയില്‍ നിന്നും ഭരണഘടനാ പദവികളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള ശ്രമം ആരംഭിച്ചത് 2014ന് ശേഷമല്ല. വിവിധ മാര്‍ഗങ്ങളിലൂടെ സംഘ്പരിവാര്‍ ആറ് പതിറ്റാണ്ടുകളായി തുടരുന്ന മുസ്‌ലിം അപരവത്കരണത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടി.
എസ് ഐ ആര്‍ പ്രകാരം കരട് വോട്ടര്‍പ്പട്ടികയില്‍ നിന്ന് 13 കോടി പേരുകള്‍ നീക്കം ചെയ്യുകയുണ്ടായി. അതായത് പന്ത്രണ്ട് ശതമാനത്തോളം വോട്ടര്‍മാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി. ജനുവരി 25 ദേശീയ വോട്ടര്‍ ദിനമായി പ്രഖ്യാപിച്ച ഒരു രാജ്യത്തെ വോട്ടര്‍മാരുടെ അവസ്ഥയാണിത്. ജനുവരി 25 ദേശീയ വോട്ടര്‍ ദിനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 2011നാണ്. ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന ഇന്ത്യന്‍ യുവാക്കളെ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. 18 വയസ്സ് തികഞ്ഞവര്‍ ജനുവരി ഒന്ന് വരെ കാത്തിരിക്കുന്നത് അപാകമാണെന്ന ബോധ്യത്തില്‍ തിരഞ്ഞെടുപ്പ്് കമ്മീഷണര്‍ 2022ല്‍ വോട്ട് ചേര്‍ക്കാനുള്ള തീയതികളില്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് ജനുവരി ഒന്ന് എന്ന ഒരൊറ്റ യോഗ്യതാ തീയതിക്കൊപ്പം ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ 18 വയസ്സ് തികയുന്നവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കി. ഇത്രയും വിശാലമായ ഒരു സംവിധാനത്തെയാണ് ഗ്യാനേഷ് കുമാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണെങ്കിലും ഗ്യാനേഷ് കുമാര്‍ മുറിപ്പെടുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയാണ്.




