Source :- SIRAJLIVE NEWS
ജറൂസലം | വീണ്ടുമൊരു ഒക്ടോബർ ഏഴ് കൂടി കലൻഡർ താളുകളിൽ ചോരയൊലിപ്പിച്ചു നിൽക്കുമ്പോൾ, ഗസ്സയെന്നത് വെറുമൊരു ഭൂപ്രദേശമല്ല, മറിച്ച് ഭൂമിയിലെ ഏറ്റവും വലിയ വിലാപകാവ്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ കാലത്തിന്റെ കറുത്ത ഓർമകളിൽ നീറി മറ്റൊരു ശരത്കാലം കൂടി എത്തുമ്പോൾ തകർന്നടിഞ്ഞ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ ഫലസ്തീൻ ജനതയുടെ ദയനീയതക്ക് ഒട്ടും കുറവു വന്നിട്ടില്ല.
ബോംബാക്രമണങ്ങൾ പിച്ചിച്ചീന്തിയ നഗരവീഥികളിൽ ഇന്ന് നിശബ്ദതയുടെയും മരണത്തിന്റെയും കനത്ത നിഴലുകൾ മാത്രമാണുള്ളത്. മണ്ണിൽ പുതഞ്ഞുപോയ സ്വപ്‌നങ്ങളുടെ ചാരത്തിൽ ചവിട്ടി, തലചായ്ക്കാൻ ഒരിടമില്ലാതെ താത്കാലിക കൂടാരങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യരും വരാനിരിക്കുന്ന കഠിനമായ ശീതകാലത്തിന്റെ കുളിരിലും പട്ടിണിയിലും വിറക്കുന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുമാണ് ഗസ്സയുടെ നേർക്കാഴ്ച. കണ്ണീരും ചോരയും വീണ് നനഞ്ഞ ആ മണ്ണിൽ, ഇസ്‌റാഈലിന്റെ ക്രൂരതകൾക്ക് മൂന്നാണ്ട് തികയുമ്പോൾ മനുഷ്യത്വം പൂർണമായും തോറ്റുപോയതിന്റെ നിത്യസ്മാരകമായി ഗസ്സ മാറിയിരിക്കുന്നു.
സയണിസ്റ്റ് കൂട്ടക്കുരുതിയിൽ ഏറ്റവും കൂടുതൽ ഇരയായിക്കൊണ്ടിരിക്കുന്നത് കുട്ടികളും സ്ത്രീകളുമാണ്. മാറോടണച്ചുപിടിച്ച കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരങ്ങളുമായി നിലവിളിക്കുന്ന ഉമ്മമാരെയും മാതാപിതാക്കളെ നഷ്ടപ്പെട്ട് തനിച്ചായ പതിനായിരക്കണക്കിന് കുട്ടികളെയും നോക്കി നിസ്സംഗമായി നിൽക്കുകയാണ് ലോകരാജ്യങ്ങൾ. വിശപ്പും രോഗങ്ങളും ഭയവും പോർവിമാനങ്ങളുടെ ഇരമ്പവും മാത്രം കൂട്ടിനുള്ള ഗസ്സയിൽ മൂന്ന് വർഷത്തിനിപ്പുറവും ഇസ്‌റാഈലിനെ തടയാൻ വൻകിട രാജ്യങ്ങൾക്ക് പോലുമാകുന്നില്ല.
2023 ഒക്ടോബർ ഏഴ്
ഗസ്സയിൽ ആരംഭിച്ച സൈനിക നടപടി പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തു; ഒരു ജനതയെ മുഴുവൻ അഭയാർഥികളാക്കി. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഏകദേശം 1,200 ഇസ്‌റാഈലുകാർ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് തടവുകാരാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗസ്സയിൽ തുടർന്നുകൊണ്ടിരുന്ന വംശഹത്യ ഇസ്‌റാഈൽ പതിന്മടങ്ങായി വർധിപ്പിച്ചു. വ്യോമാക്രമണങ്ങളും കരയുദ്ധവും മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും വിനാശകരമായ രീതിയിൽ ഇന്നും തുടരുകയാണ്.
വംശഹത്യ ആരംഭിച്ച ശേഷം 74,000ത്തിലധികം ഫലസ്തീനികൾ ഗസ്സയിൽ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനാളുകൾക്ക് പരുക്കേൽക്കുകയോ അവശിഷ്ടങ്ങൾക്കിടയിൽ കാണാതാകുകയോ ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗസ്സാ നഗരത്തിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ നൂറോളം ഫലസ്തീനികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഖബറടക്കിയത്.
സർവം ചാരം
ഗസ്സയിലെ 82 ശതമാനത്തോളം കെട്ടിടങ്ങളും ഇസ്‌റാഈൽ ആക്രമണത്തിൽ തകരുകയോ ഭാഗികമായി നശിക്കുകയോ ചെയ്തു. വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മസ്ജിദുകൾ, ക്രിസ്ത്യൻ ചർച്ചുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവയെല്ലാം തകർക്കപ്പെട്ട് ഗസ്സ വെറുമൊരു അവശിഷ്ടക്കൂമ്പാരമായി മാറിയിരിക്കുന്നു. തകർക്കപ്പെട്ടവയിൽ ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എക്ക് കീഴിലുള്ള നിരവധി സ്‌കൂളുകളും ഉൾപ്പെടും.
നിലയ്ക്കാത്ത പലായനം
ആകെയുള്ള 23 ലക്ഷം ജനങ്ങളിൽ 21 ലക്ഷത്തിലധികം പേരും സ്വന്തം വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. നിർബന്ധിത സൈനിക ഉത്തരുവകളിലൂടെ ഇവർ അൽ മവാസി പോലുള്ള തീരദേശങ്ങളിലെ കടൽക്കരയിലുള്ള താത്കാലിക പ്ലാസ്റ്റിക് കൂടാരങ്ങളിലും അങ്ങേയറ്റം തിരക്കേറിയ ക്യാമ്പുകളിലുമാണ് കഴിയുന്നത്. അൽ മവാസിയടക്കം ബഫർസോണാണെന്ന് ഇസ്‌റാഈൽ പ്രഖ്യാപിക്കുമ്പോഴും പലതവണയാണ് ഇവിടങ്ങളിൽ ആക്രമണം നടത്തി നൂറുകണക്കിനാളുകളുടെ ജീവനെടുത്തത്.
ഉപരോധം, പട്ടിണി
വെടിനിർത്തൽ കരാർ നിലനിൽക്കെയും ഉപരോധത്തിന്റെ പേരിൽ അവശ്യ സാധനങ്ങളുമായെത്തുന്ന ട്രക്കുകൾ സൈന്യം തടയുകയാണ്. കടുത്ത ഉപരോധം കാരണം ഗസ്സയിലേക്ക് ആവശ്യത്തിന് ആഹാര സാധനങ്ങളെത്തുന്നില്ല. തീവ്രമായ പട്ടിണിയും പോഷകാഹാരക്കുറവ് മൂലവും നൂറുകണക്കിന് കുട്ടികളാണ് ദിനംപ്രതി മരണത്തോട് മല്ലിടുന്നത്.
തകർന്ന ആരോഗ്യ മേഖല
ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും മെഡിക്കൽ സെന്ററുകളും തകർക്കപ്പെട്ടു. അവശേഷിക്കുന്നവയിൽ ഇന്ധനമോ മരുന്നുകളോ ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ല. ഹൃദ്രോഗികൾ, പ്രമേഹ രോഗികൾ എന്നിവർക്ക് ആവശ്യമായ ഇൻസുലിൻ പോലെയുള്ള ജീവൻരക്ഷാ മരുന്നുകൾ പോലും ലഭ്യമാകുന്നില്ല. മാലിന്യ നിർമാർജന സംവിധാനങ്ങളും ശുദ്ധജല വിതരണവും പൂർണമായും നിലച്ചു. തെരുവുകളിൽ കക്കൂസ് മാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്നതിനാൽ രോഗങ്ങൾ പടർന്നുപിടിക്കുകയാണ്. ചർമരോഗങ്ങളും ശ്വാസകോശ രോഗങ്ങളും പടർന്നുപിടിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പോളിയോ വാക്‌സീനേഷനെത്തിയ ആരോഗ്യ പ്രവർത്തകർക്ക് പോലും ഇസ്‌റാഈൽ ആക്രമണത്തിൽ നിന്ന് രക്ഷ ലഭിച്ചില്ല.
തീരാദുരിതം
ശൈത്യകാലവും മഴയും എത്തുന്നതോടെ കൂടാരങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് അഭയാർഥികളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും. കടൽത്തീരങ്ങളിലാണ് പല ക്യാമ്പുകളും സ്ഥിതി ചെയ്യുന്നത്. കമ്പിളി വസ്ത്രങ്ങളോ സുരക്ഷിതമേൽക്കൂരയോ ഇല്ലാത്തതിനാൽ വരാനിരിക്കുന്ന തണുപ്പ് കൂടുതൽ മരണങ്ങൾക്കിടയാക്കും. അടിസ്ഥാന പരിചരണം പോലും ലഭിക്കാതെ മൂന്ന് വർഷക്കാലയളവിൽ നൂറുകണക്കിന് ഗർഭിണികൾ മരിച്ചതായി യു എൻ കണക്കുകൾ വ്യക്തമാക്കുന്നു.
വിവിധ അന്താരാഷ്ട്ര ഏജൻസികളും ഐക്യരാഷ്ട്രസഭയും മാനുഷിക സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശാശ്വത സമാധാനം ഇപ്പോഴും ഗസ്സയിൽ അകലെയാണ്. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നിലൂടെയാണ് വംശഹത്യയുടെ മൂന്നാമാണ്ടിലും ഗസ്സ കടന്നുപോകുന്നത്.
Content Highlights: Three years after October 7, Gaza remains devastated with over 74,000 Palestinians killed and 82 percent of buildings destroyed. Over 2.1 million displaced residents endure severe starvation, lack of medical care, and harsh conditions in plastic tent camps. International agencies continue to report one of the worst humanitarian catastrophes in history.




