Home rss national malayalam പുതിയ വാർത്ത ജനാധിപത്യത്തിന്റെ ഡി എന്‍ എ ഭരണഘടനയാണ്

ജനാധിപത്യത്തിന്റെ ഡി എന്‍ എ ഭരണഘടനയാണ്

3
0

Source :- SIRAJLIVE NEWS

തുറന്ന സ്ഥലത്ത് നിര്‍മിച്ചിട്ടുള്ള ഒരു വാനനിരീക്ഷണ കേന്ദ്രമാണ് ചരിത്രപരമായി ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍. ആകാശത്തിന്റെ ഐക്യം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നാണ് ജന്തര്‍ മന്തര്‍ എന്ന പ്രയോഗത്തിന്റെ അര്‍ഥം. ജന്തര്‍ മന്തറിനകത്ത് നിയമപരമായി ആളുകള്‍ക്ക് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരിടം കൂടിയുണ്ട്. അവിടെയാണ് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യുവാക്കള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം നടത്തിയത്.

ഒക്ടോബര്‍ 10, 2026ന് ജന്തര്‍ മന്തറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു പ്രതിഷേധ പരിപാടി കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നുവെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് പ്രതിഷേധക്കാരില്‍ ഒരാള്‍ പോലും ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെയും എത്തുന്നില്ല എന്നുറപ്പിച്ചു. ജന്തര്‍ മന്തര്‍, വാനനിരീക്ഷണ കേന്ദ്രം ഉണ്ടാക്കിയ ജയ് സിംഗിന്റെ കാലത്ത്, ആകാശത്തിന്റെ ഐക്യം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബല്യവും അളക്കുന്നതിനുള്ള ഇടമായി മാറിയിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനും സമാധാനപരമായി ആയുധങ്ങള്‍ കൂടാതെ സമ്മേളിക്കാനും സംസാരിക്കാനും ആശയപ്രകാശനം നടത്താനുമുള്ള മൗലീകമായ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്നത് ജനാധിപത്യത്തിന്റെ ഹൃദയതാളമാണ്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ജനാധിപത്യം മരിച്ചു എന്നാണ് അര്‍ഥം. അധികാരികള്‍ക്ക് ഇഷ്ടമില്ലാത്ത, അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ഉറക്കെപ്പറയാന്‍ പൗരന്മാര്‍ക്ക് കഴിയുന്നതാണ് സ്വാതന്ത്ര്യം എന്ന് ജോര്‍ജ് ഓവെല്‍. അഭിപ്രായപ്രകടന സ്വാതന്ത്ര്യം നിഷേധിക്കുന്നത് മനുഷ്യവംശത്തെ കൊള്ളയടിക്കലാണെന്ന് ജയിംസ് സ്റ്റുവാര്‍ട്ട് മില്‍. അഭിപ്രായം സ്വതന്ത്രമായി പറയാന്‍ കഴിയാതെ വരുമ്പോള്‍ നമ്മുടെ ജീവിതങ്ങള്‍ അവസാനിക്കാന്‍ തുടങ്ങുകയാണ് എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്.

മനസ്സാക്ഷിയുടെ കാര്യത്തില്‍ ഭൂരിപക്ഷ തീരുമാനം ബാധകമല്ലെന്ന് മഹാത്മാ ഗാന്ധി. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനേക്കാള്‍ ഞാന്‍ യോജിക്കുക തിന്മകളോട് കൂടിയുള്ളതാണെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയാകും എന്ന് ജവഹര്‍ലാല്‍ നെഹ്റു… ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തേക്കാള്‍ വലിയൊരു സ്വാതന്ത്ര്യം മറ്റൊന്നില്ല എന്നാണ്.

ഈ വിശാലമായ പരിപ്രേക്ഷ്യത്തിനകത്ത് വേണം ഒക്ടോബര്‍ പത്തിന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിനെതിരെ ഡല്‍ഹിയും അതിന്റെ ഭരണ സംവിധാനങ്ങളും നടത്തിയ അടിച്ചമര്‍ത്തലുകളെ വിലയിരുത്താന്‍. വോട്ടവകാശം എന്നത് പൗരത്വത്തിന്റെ അടയാളമാണ്. വോട്ടവകാശം നിഷേധിക്കുകയെന്നത് ഫലത്തില്‍ പൗരാവകാശം നിഷേധിക്കലാണ്. ജനാധിപത്യ വ്യവസ്ഥക്ക് അകത്തെ സക്രിയമായ, നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന, സ്ഥാപനപരമായ സംവിധാനങ്ങളിലൂടെ തങ്ങളുടെ വോട്ടവകാശവും പൗരത്വവും പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ വലിയൊരു വിഭാഗം യുവാക്കള്‍ക്ക് തോന്നിയപ്പോഴാണ് അവര്‍ തെരുവിലേക്ക് ഇറങ്ങിയത്.

അവരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല. രാജ്യത്തിന്റെ അഖണ്ഡത ഇല്ലായ്മ ചെയ്യാനുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നില്ല. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തെ യുവതയുടെ ജനാധിപത്യ ബോധ്യമായാണ് ഇന്ത്യന്‍ പൊതുസമൂഹം വിലയിരുത്തിയത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതാക്കള്‍ എന്തെങ്കിലും സവിശേഷമായ ഗൂഢാലോചന രാജ്യ താത്പര്യങ്ങള്‍ക്കെതിരെ ചെയ്തതായി നാളിതുവരെ പുറത്ത് വന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഭരണകൂടം ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ നോക്കിയ രീതി അനാവശ്യവും അതിരു കടന്നതും ആണെന്ന് കരുതാതിരിക്കാന്‍ ന്യായങ്ങള്‍ ഒന്നുമില്ല.

ഭരണഘടനയുടെ നിര്‍മാണ വേളയില്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന ധാര്‍മിക സങ്കല്‍പ്പം ഇന്ത്യക്കാര്‍ക്ക് സ്വാഭാവികമായി ഉള്ള ഒന്നല്ലെന്നും അത് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ട ഒന്നാണെന്നും ഡോ. ബി ആര്‍ അംബേദ്കര്‍ പറയുമ്പോള്‍ അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുന്നത് ഭരണഘടനാ ധാര്‍മികത എന്നത് വെണ്ടക്കാ അക്ഷരത്തില്‍ ഭരണഘടനയില്‍ എവിടെയും എഴുതി വെച്ചിട്ടില്ല എന്നും അത് നമ്മള്‍ ഭരണഘടനയുടെ പ്രയോഗത്തിലൂടെ പ്രകടിപ്പിക്കേണ്ടതും വളര്‍ത്തിയെടുക്കേണ്ടതുമായ ഒന്നാണെന്നുമാണ്.

യുവാക്കള്‍ക്ക് തെരുവില്‍ ആരെയും ഭയക്കാതെ അവരുടെ അഭിപ്രായം പറയാന്‍ കഴിയുമ്പോഴാണ് ഭരണഘടനാ ധാര്‍മികത ഉണ്ടായിവരുന്നത്, അല്ലാതെ യുവാക്കള്‍ക്കെതിരെ പീരങ്കിയുമായി ഭരണകൂടം വരുമ്പോഴല്ല. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ് ഐ ആര്‍ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിമര്‍ശങ്ങളെ വേഗത്തിലും ഫലപ്രദമായും പൊതുജനമധ്യത്തില്‍ പ്രതിരോധിക്കാന്‍ ഭരണകൂടത്തിന് കഴിയും.

വിമര്‍ശങ്ങളെ ഖണ്ഡിക്കുന്ന വസ്തുനിഷ്ഠമായ തെളിവുകള്‍ ഹാജരാക്കുകയേ ആവശ്യമുള്ളൂ. മരിച്ചവരുടെ വോട്ടുകള്‍ മാത്രമേ നീക്കിയിട്ടുള്ളൂ, ജീവിച്ചിരിക്കുന്നവരുടെ വോട്ടുകള്‍ ഇല്ലായ്മ ചെയ്തിട്ടില്ല എന്ന് തെളിയിക്കാന്‍ മാത്രമുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഇന്ത്യക്കുണ്ടല്ലോ. ആയുധം കൊണ്ടല്ല ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്, മറിച്ച് രാജ്യത്തെ പൗരന്മാരോടുള്ള ഭരണകൂടത്തിന്റെ ഭരണഘടനാബദ്ധമായ ഉത്തരവാദിത്വത്തിലാണ്. വിരമിച്ച ഉദ്യോഗസ്ഥരുടെ സാക്ഷ്യമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയുടെ അളവുകോല്‍. അത് വസ്തുനിഷ്ഠമായ, ആര്‍ക്കും പരിശോധിച്ച് ഉറപ്പു വരുത്താന്‍ കഴിയുന്ന തെളിവുകളാണ്.

ഡല്‍ഹിയില്‍ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളോട് ഡല്‍ഹി പോലീസും ഭരണകൂടവും അവര്‍ ക്ഷണിച്ചിട്ട് വന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് പോലുള്ള പ്രത്യേക പോലീസ് സംഘങ്ങളും ആവശ്യത്തില്‍ കൂടുതല്‍ ബലപ്രയോഗം നടത്തുന്നതിനെ രാജ്യത്തെ പരമാധികാര കോടതി തന്നെ അപലപിച്ചിട്ടും അത്തരം കാര്യങ്ങള്‍ ഇപ്പോഴും തുടരുന്നു. ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗത, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ തുടരുന്ന നിശബ്ദത ഒക്കെ സൂചിപ്പിക്കുന്നത് രാജ്യം നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭരണഘടനാ പ്രതിസന്ധി നേരിടുന്നു എന്നാണ്.

ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്ന് ഭരണകൂടവും പൊതുസമൂഹവും തമ്മിലുള്ള സംവാദാത്മകമായ ആശയവിനിമയമാണ്. ഭരണത്തിന്റെ മുഖമായി നില്‍ക്കുന്ന നേതാക്കള്‍ ജനാധിപത്യ മൂല്യബോധത്തെ ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യം കടന്നുപോകുന്ന പ്രതിസന്ധിയില്‍ പൊതുസമൂഹത്തോട് സംവദിക്കുക തന്നെ വേണം. ആയുധം കൊണ്ട് മാത്രം കീഴ്‌പ്പെടുത്താന്‍ കഴിയുന്നതല്ല ഇപ്പോഴത്തെ യുവതയുടെ പ്രതിഷേധം.

പ്രതിഷേധക്കാരുടെ കൈകളില്‍ ആയുധങ്ങള്‍ ഇല്ലെങ്കിലും രാഷ്ട്രീയ ബോധ്യത്തിന്റെയും രാഷ്ട്രീയ ധാര്‍മികതയുടെയും അത്മശക്തിയുണ്ട് അവര്‍ക്ക്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലുള്ള “വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ ഡല്‍ഹിയുടെ തെരുവുകളില്‍ ഭൗതികരൂപം പ്രാപിക്കുകയാണ്.

Content Highlights:
Authorities suppressed a protest by the Cockroach Janata Party at Jantar Mantar in Delhi demanding the resignation of Chief Election Commissioner Gyanesh Kumar over SIR concerns. The crackdown has raised critical questions regarding Article 19 rights and constitutional morality in India.