Home rss national malayalam പുതിയ വാർത്ത അധികാരം നഷ്ടപ്പെട്ട രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്റ്റോക്കുണ്ടെന്ന് മന്ത്രി മുരളീധരന്‍; ഇതാണോ മറുപടിയെന്ന് പിണറായി; സഭ...

അധികാരം നഷ്ടപ്പെട്ട രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്റ്റോക്കുണ്ടെന്ന് മന്ത്രി മുരളീധരന്‍; ഇതാണോ മറുപടിയെന്ന് പിണറായി; സഭ വിട്ട് പ്രതിപക്ഷം

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയില്‍ അടിയന്തര പ്രമേയമാക്കി ഉയര്‍ത്തി പ്രതിപക്ഷം. എന്നാല്‍ ആരോഗ്യമേഖലയില്‍ പ്രശ്നങ്ങളില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തതെന്നും പ്രതിപക്ഷം കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. കെവി സുമേഷ് എംഎല്‍എ ആണ് മരുന്ന് ക്ഷാമം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററില്‍ ആണെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. പിന്നാലെ സഭയില്‍ ബഹളമായി. കഴിഞ്ഞ മാര്‍ച്ചില്‍ പെരുമാറ്റ ചട്ടത്തിന്റെ പേര് പറഞ്ഞ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇടത് സര്‍ക്കാരിന്റെ കാലത്ത് മരുന്ന് കമ്പനികള്‍ക്ക് വലിയ കുടിശ്ശിക വരുത്തി. 24 ഇനം മരുന്നുകള്‍ക്ക് ചെറിയ പ്രതിസന്ധിയുണ്ട്. മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ നടപടി എടുത്തുവെന്നും ആരോഗ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. ഇതോടെ സഭയില്‍ ബഹളമായി.

ആരോഗ്യമേഖലയിലെ പ്രശ്നം മന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുറിച്ച് പറയാനാണെങ്കില്‍ ജനം നിങ്ങളെ തിരഞ്ഞെടുത്തതെന്തിനെന്ന് ചോദിച്ച കെ വി സുമേഷ് മരുന്ന് ക്ഷാമത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പടെ സഭയില്‍ ചൂണ്ടിക്കാണിച്ചു. സ്വന്തം വകുപ്പിലെ പ്രശ്നങ്ങളെങ്കിലും മന്ത്രി മനസിലാക്കണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണം. നടക്കുന്നതെല്ലാം രാഷ്ട്രീയ സ്ഥലം മാറ്റങ്ങളാണെന്നും ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. ഇങ്ങനെ ആണോ മന്ത്രി മറുപടി പറയേണ്ടതെന്നും പരിണിത പ്രജ്ഞനായ സ്പീക്കര്‍ ഇങനെയാണോ സഭ നിയന്ത്രിക്കുന്നതെന്നും വിമര്‍ശിച്ചു. മന്ത്രി മറുപടി പറഞ്ഞ രീതിയെ കുറിച്ച് സ്പീക്കര്‍ പരാമര്‍ശിക്കേണ്ടതായിരുന്നു. മന്ത്രിയുടെ സമീപനം ആത്മാര്‍ത്ഥത ഇല്ലാത്തതാണ്. ചില മരുന്നുകള്‍ക്ക് കുറവല്ലാതെ ക്ഷാമം ഇല്ലെന്നാണ് മന്ത്രി പറയുന്നത്. ഈ കുറവ് തന്നെ അല്ലേ ക്ഷാമം എന്നും പിണറായി ചോദിച്ചു. മരുന്ന് ക്ഷാമത്തിന് പിന്നില്‍ സ്വകാര്യ ആശുപത്രികളുമായുള്ള ഡീല്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പിന്നാലെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Content Highlights:
The Kerala Assembly witnessed heated clashes as the opposition moved an adjournment motion over a severe medicine shortage and healthcare crisis. Health Minister defended the government, claiming there is no crisis while citing minor shortages caused by purchase delays. Rejecting the minister’s reply, the opposition staged a walkout.