Source :- SIRAJLIVE NEWS
ന്യൂഡല്ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘തിരംഗ യാത്ര’യില് പങ്കെടുക്കുന്നതിനിടെ കസ്റ്റഡയിലെടുത്ത ഐസ നേതാവ് നേഹ ബോറ എവിടെയെന്നു വ്യക്തമല്ല.
നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തില് യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത ഉയര്ത്തുന്നതാണെന്നും ആരോപണം ഉയര്ന്നു.
നേഹയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരെ കാണാന് അഭിഭാഷകരെ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും ഐസ വ്യക്തമാക്കി. നേഹയെ ഉടന് മോചിപ്പിക്കണമെന്നും കസ്റ്റഡി നടപടികളിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വൈകിട്ട് നാലു മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി എട്ട് മണിയായിട്ടും യാതൊരുവിധ വിവരവും ഔദ്യോഗികമായി ലഭിക്കുന്നില്ലെന്ന് ഐസ നേതാക്കള് പറഞ്ഞു. നേഹയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാര്ക്കോട്ടിക് ടാസ്ക് ഫോഴ്സ് കസ്റ്റഡിയില് പാര്പ്പിച്ചിരിക്കുകയാണെന്നാണ് സൂചന.
പ്രതിഷേധക്കാരെ അടിച്ചമര്ത്താന് സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ ഡല്ഹി പോലീസ് നിയോഗിച്ചിരിക്കുന്നതെന്ന ചോദമാണ് ഐസ ഉയര്ത്തുന്നത്. ‘തിരംഗ യാത്ര’യില് പങ്കെടുക്കാനിറങ്ങവെ ഡല്ഹി പോലീസ് കസ്റ്റഡയിലെടുത്ത അഭിജീത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പുറത്തുവിടുന്നില്ലെന്ന് സി ജെ പിയും ആരോപിച്ചു. കൊണാട്ട് പ്ലേസിലേക്ക് ത്രിവര്ണ പതാകയുമേന്തി മാര്ച്ച് നടത്താന് ഇറങ്ങവെയാണ് സി ജെ പി സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെ ഝണ്ഡേവാലാനിലെ വീടിന് പുറത്ത് നിന്നും നാലു മണിയോടെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തില് പങ്കെടുക്കരുതെന്ന് കാട്ടി ഡല്ഹി പോലീസ് നോട്ടീസ് നല്കിയിരുന്നെങ്കിലും അത് മറികടന്ന് ഇറങ്ങിയപ്പോഴായിരുന്നു കസ്റ്റഡി നടപടി. ഏത് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അതിനാല് രാജ്യതലസ്ഥാനത്ത് ഇന്നത്തെ സംഘര്ഷ സാഹചര്യം പൂര്ണമായും ഒഴിഞ്ഞിട്ടില്ല. സി ജെ പി പ്രവര്ത്തകരും ഐസ പ്രവര്ത്തകരും മിന്നല് പ്രതിഷേധങ്ങളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില് രംഗത്തെത്തുന്നുണ്ട്.
Content Highlights:
AISA leader Neha Bora was detained by Delhi Police during the Tiranga Yatra demanding the resignation of the Chief Election Commissioner. Protesters alleged mysterious presence of ununiformed individuals in the police vehicle. CJP founder Abhijit Dipke was also taken into custody in New Delhi.




